വിശുദ്ധരില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ടത് എന്ത്?

മെക്സിക്കന്‍ കര്‍ദിനാള്‍ ആല്‍ബര്‍ട്ടോ സുവാരസ്, വിശുദ്ധ ജോസ് സാഞ്ചെസ് ദെല്‍ റിയോയുടെ ജീവിതം എങ്ങനെ ആധുനിക ലോകത്തെ സ്വാധീനിക്കണം എന്ന് പറയുന്നു.

വത്തിക്കാന്‍ സിറ്റി: ജീവിതഭാരത്താല്‍ തളരുന്ന സമയങ്ങളില്‍ വിശുദ്ധരുടെ മഹത്തായ ധീരപ്രവര്‍ത്തികളില്‍ നിന്ന്  പ്രചോദനം ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം എന്ന് മെക്സിക്കന്‍ കര്‍ദിനാള്‍ ആല്‍ബര്‍ട്ടോ സുവാരസ് ഇന്‍ഡാ അഭിപ്രായപ്പെടുകയുണ്ടായി. തിരുസഭയുടെ ചരിത്രം എന്നത് നന്‍മയുടെ വിജയത്തിനായി പീഢനങ്ങള്‍ അനുഭവിച്ച രക്തസാക്ഷികളുടെ ചരിത്രം കൂടിയാണ് എന്നും കര്‍ദിനാള്‍ പറഞ്ഞു. വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും ഉള്‍പ്പെടെ, തുടക്കകാലം മുതല്‍ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവര്‍ അനവധിയാണ്. ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല കത്തോലിക്ക സഭയ്ക്ക് നല്ല വേരോട്ടമുള്ള സ്പെയിന്‍, മെക്സിക്കോ എന്നിവിടങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

”രക്തസാക്ഷികളുടെ വിശുദ്ധിയും നന്‍മയും വേണ്ട രീതിയില്‍ മനസിലാക്കാന്‍ നമുക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. അവര്‍ സാഹസികരായിരുന്നുവെന്നും സാധാരണ ജീവിതം നയിച്ചിരുന്നവരാണെന്നും പ്രതികൂല സാഹചര്യങ്ങളില്‍ പതറാതിരുന്നവരാണെന്നും പീഢനങ്ങള്‍ ഏറ്റുവാങ്ങിയവരാണെന്നുമൊക്കെ നമ്മള്‍ അവരെ വിശേഷിപ്പിക്കാറുണ്ട്.” കര്‍ദിനാള്‍ തുടര്‍ന്നു. ഒക്ടോബര്‍ 16 ന് ഫ്രാന്‍സിസ് പാപ്പ മറ്റ് ആറു പേര്‍ക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ച ജോസ് സാഞ്ചേസ് ദെല്‍ റിയോ യുടെ ജീവിതം തന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ സുവാരസ് കൂട്ടിച്ചേര്‍ത്തു.

1913-ല്‍ മെക്സിക്കോയിലെ സഹൂയോ ഡി മൊറീലസില്‍ ആണ് വിശുദ്ധ ജോസ് സാഞ്ചെസ് ദെല്‍ റിയോ ജനിച്ചത്.  1924- 28 കാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭയെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളില്‍ ജോസ് സാഞ്ചെസും പങ്കാളിയായി. അക്കാലത്ത് സഭയുടെ മതപരമായ ഉത്തരവുകളെ ഗവണ്‍മെന്റ് നിയമപരമായി തടഞ്ഞു. സഭയുടെ അവകാശങ്ങളിലും വോട്ട് രേഖപ്പെടുത്തുന്നതടക്കമുള്ള പുരോഹിതരുടെ നിയമപരമായ സ്വാതന്ത്ര്യത്തിലും വിലക്കേര്‍പ്പെടുത്തി. വേദപഠന ക്ലാസുകളില്‍ പഠിപ്പിക്കുന്നതിന്റെ പേരില്‍ പുരോഹിതര്‍ക്ക് ജയില്‍വാസം വരെ അനുഭവിക്കേണ്ടി വന്നു.

പതിനാലാം വയസിലാണ് വിശുദ്ധ ജോസ് സാഞ്ചേസ് രക്തസാക്ഷിയായത്. ഉള്ളംകാലില്‍ മുറിവുണ്ടാക്കി നഗ്നപാദങ്ങളാല്‍ അദ്ദേഹത്തെ കുഴിമാടത്തിലേക്ക് നടത്തിച്ചു. ഏറെ പ്രകോപനങ്ങള്‍ ഉണ്ടായിട്ടും കത്തോലിക്കര്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിന്ന് പിന്‍മാറാന്‍ വിശുദ്ധ ജോസ് കൂട്ടാക്കിയില്ല. മരണം തൊട്ടു മുന്നില്‍ വന്നടുത്ത നിമിഷങ്ങളിലും ‘യേശു രാജന്‍ നീണാള്‍ വാഴട്ടെ’ എന്ന് അദ്ദേഹം അലറി വിളിച്ചു. ഈ യുവ വിശുദ്ധന്റെ കഥയിലൂടെ ക്രിസ്ത്യാനികളുടെ വിശ്വാസസംരക്ഷണത്തിനുള്ള ധൈര്യത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു കര്‍ദിനാള്‍ സുവാരസ്.

ധൈര്യത്തോടെ മഹത്തരവും നിര്‍ണായകവുമായ വിശ്വാസ വഴിയിലൂടെ ജീവിച്ചയാളാണ് വിശുദ്ധ ജോസ് സാഞ്ചേസ്. ഇന്നത്തെ യുവതക്ക് നല്‍കാനുള്ള ഏറ്റവും നല്ല സന്ദേശവും ഉദാഹരണവും ആണ് വിശുദ്ധ ജോസ് സാഞ്ചെസിന്റെ വിശുദ്ധപദവി. സഹനങ്ങള്‍ നിറഞ്ഞ സംഭവബഹുലവും ചരിത്രപരവുമായ കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും കര്‍ദിനാള്‍ സുവാരസ് അഭിപ്രായപ്പെട്ടു. ജോസ് സാഞ്ചെസിനെ പോലെയുള്ള ധീരരക്തസാക്ഷികള്‍ സഭയ്ക്ക് അഭിമാനത്തിന് കാരണമാകുന്നവരാണ്. സമ്പത്തിനേക്കാള്‍ നമ്മുടെ വിശ്വാസത്തെ മുറുകെ പിടിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം. വിശുദ്ധരുടെ ജീവിതം നമ്മളില്‍ സ്വാധീനം ഉണ്ടാക്കണം എന്നും കര്‍ദിനാള്‍ കൂട്ടിചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.