നോമ്പിലെ വെള്ളിയാഴ്ചകളിലെ  ശക്തമായ 3 ഭക്താനുഷ്ഠാനങ്ങൾ 

നോമ്പിലെ വെള്ളിയാഴ്ചകളിൽ ഈശോയുടെ പീഡാനുഭവം ഹൃദയത്തിലുൾക്കൊള്ളാൻ മൂന്നു ഭക്ത കൃത്യങ്ങൾ

ഈശോയുടെ പീഡാനുഭവവും മരണവും സവിശേഷമായി ഓർമ്മിക്കുന്ന ദിനങ്ങളാണല്ലോ നോമ്പിലെ വെള്ളിയാഴ്ചകൾ. ക്രിസ്താനുകരണത്തിൽ നാം ഇപ്രകാരം വായിക്കുന്നു. “നിങ്ങൾ നിങ്ങളുടെ കുരിശ് സന്തോഷപൂർവ്വം വഹിച്ചാൽ അതു നിങ്ങളെ വഹിച്ചുകൊള്ളും.” നൂറ്റാണ്ടുകളായി പലതരത്തിലുള്ള നോമ്പുകാല ഭക്താനുഷ്ഠാനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അനുതപിക്കാനും സുവിശേഷത്തിൽ വിശ്വസിക്കുവാനും ക്രിസ്തുവിന്റെ പീഡാനുഭവം നമ്മെ സവിശേഷമായി ധൈര്യപ്പെടുത്തുന്നു.അതിനുള്ള മൂന്നു ഉപാധികളാണ് ഭക്താനുഷ്ഠാനങ്ങൾ.

റക്കോൾത്തായിൽ (Raccolata 1807 മുതൽ 1950 വരെ കത്തോലിക്കാ സഭയിലെ പ്രാർത്ഥനകളും ഭക്ത കൃത്യങ്ങളും നേവേനകളുമൊക്കെ രേഖപ്പെടുത്തിയിരുന്ന പുസ്തകം) രേഖപ്പെടുത്തിയിരുന്ന നോമ്പുകാല വെള്ളിയാഴ്ചകളിലെ മൂന്നു ഭക്ത കൃത്യങ്ങളാണു താഴെ പറയുക.

വെള്ളിയാഴ്ച മൂന്നു മണിക്കു മുട്ടുകുത്തി 5 പ്രാവശ്യം സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയം എന്നീ പ്രാർത്ഥനകൾ ചെല്ലുക

മിലാനിൽ കൂടിയ പ്രാദേശിക സിനഡിൽ ആർച്ചു ബിഷപ്പായിരുന്ന വിശുദ്ധ ചാൾസ് ബോറോമിയയാണു എല്ലാ വെള്ളിയാഴ്ചകളിലും ക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിക്കാനായി മൂന്നു മണിക്കൂ ദൈവാലയ മണിമുഴക്കണമെന്നു ആദ്യം നിർദ്ദേശിച്ചത്. വളരെ വേഗം പ്രചരിച്ച ഈ പാരമ്പര്യം 1740 ൽ പതിനാലാം ബനഡിക്ട് പാപ്പ ആഗോള സഭയിൽ പ്രാബല്യത്തിലാക്കി. മാർപാപ്പയുടെ ആവശ്യപ്രകാരം എല്ലാ ദൈവാലയങ്ങളിലും വെള്ളിയാഴ്ച മൂന്നു മണിക്കൂ മണി മുഴങ്ങുമ്പോൾ യേശുവിന്റെ പീഡാനുഭവത്തെ അനുസ്മരിച്ചു അഞ്ചു പ്രാവശ്യം സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ എന്നീ പ്രാർത്ഥനകൾ ചൊല്ലി പരിശുദ്ധ മാർപാപ്പയുടെ നിയോഗങ്ങൾക്കും പാപികളുടെ മാനസാന്തരത്തിനും വേണ്ടി പ്രാർത്ഥിക്കാൻ നിർദ്ദേശിച്ചു.

മൂന്നു മണിക്കൂർ നേരം ക്രിസ്തുവിന്റെ പീഡാനുഭവത്തെ ധ്യാനിക്കുക

മനുഷ്യവംശത്തോടുള്ള ഈശോയുടെ അതിരറ്റ സ്നേഹത്തെയും കുരിശിൽ മൂന്നു മണിക്കൂർ അനുഭവിച്ച അതി കഠിനമായ സഹങ്ങളോടും താദാമ്യപ്പെടാൻ പെറുവിലെ ലിമാരൂപതയിലെ വൈദീകനായ ഫാ. അൽഫോൻസ് മെസയാ പതിനെട്ടാം നൂറ്റാണ്ടിൽ ചിട്ടപ്പെടു ഒരു സ്വകാര്യ ഭക്താനുഷ്ഠാനമാണിത്. ദു:ഖ വെള്ളിയാഴ്ചയിലോ നോമ്പിലെ ഏതു വെള്ളിയാഴ്ചകളിലും മൂന്നു മണിക്കൂർ ഈശോ കുരിശിൽ സഹിച്ചതിനെ അനുസ്മരിച്ചു ഈ കുരിശു ധ്യാനം നടത്താവുന്നതാണ്. ഉച്ചയ്ക്കു 12 മണിക്കു ധ്യാനം ആരംഭിക്കുന്നു ഉച്ചതിരിഞ്ഞു മൂന്നു മണിക്കു അവസാനിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ ഏതു ഭാഗം വേണമെങ്കിലും ധ്യാനിക്കാം, ഉദാഹരണത്തിനു കുരിശിലെ ഏഴു മൊഴികൾ, ഈശോയുടെ തിരുമുറിവുകൾ, ബൈബളിലെ പീഡാനുഭവ വിവരണങ്ങൾ ഇവ അവയിൽ ചിലതാണ്.

വി. പീയൂസ് അഞ്ചാമന്റെ പ്രാർത്ഥന ജപിക്കുക

ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, താബോർ മലയിൽ കാതുകൾ തുറന്നു അങ്ങു നിത്യ പിതാവിനെ ശ്രവിച്ചതു പോലെ എന്നെയും ശ്രവിക്കണമേ.

ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, കുരിശു മരത്തിൽ നിന്നു കണ്ണുകൾ തുറന്നു. നിന്റെ പ്രിയപ്പെട്ട അമ്മയുടെ ദു:ഖവും വ്യാകുലതയും ദർശിച്ചതു പോലെ എന്നെയും കാണണമേ.

ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, നിന്റെ വാഴ്ത്തപ്പെട്ട കുരിശിൽ നിന്നു അധരം തുറന്നു നിന്റെ പ്രിയപ്പെട്ട അമ്മയെ വി. യോഹന്നാനു നൽകാൻ സംസാരിച്ചതു പോലെ എന്നോടും സംസാരിക്കണമേ.

ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, കുരിശിൽ മനുഷ്യവംശത്തെ മുഴുവൻ ആശ്ലേഷിക്കാൻ നീ കരങ്ങൾ തുറന്നതുപോലെ എന്നെയും ആശ്ലേഷിക്കണമേ.

ഓ ക്രൂശിക്കപ്പെട്ട എന്റെ രക്ഷകനായ യേശുക്രിസ്തുവേ, ഏറ്റവും വാഴ്ത്തപ്പെട്ട പരിശുദ്ധ കന്യാകാമറിയത്തിന്റെ പുത്രാ, നിന്റെ ഹൃദയം തുറന്നു എന്റെ ഹൃദയത്തെ അവിടെ സ്വീകരിക്കണമേ, നിന്റെ പരിശുദ്ധ ഹൃദയത്തിനു അനുകൂലമാണങ്കിൽ ഞാൻ അപേക്ഷിക്കുന്ന കാര്യങ്ങൾ കേൾക്കേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.