ദിവ്യകാരുണ്യത്തിന്റെ അത്ഭുതകരമായ 10 ഫലങ്ങൾ 

“യേശുവിന്റെ വാക്കുകളുടെയും പ്രവർത്തികളുടെയും മാധുര്യവും അവിടുത്തെ  മരണത്തിന്റെയും ഉത്ഥാനത്തിന്റെയും  രുചിയും പരിശുദ്ധാത്മാവിന്റെ സൗരഭ്യവുമാണ് ദിവ്യ കാരുണ്യം” (ഫ്രാൻസീസ് പാപ്പ)

യേശു ക്രിസ്തു തന്റെ ശരീരരക്തങ്ങൾ, തന്നത്തന്നെ, നമുക്കു നല്കുന്ന കൂദാശയാണ് വിശുദ്ധ കുർബാന അഥവാ ദിവ്യകാരുണ്യം . നാം നമ്മെത്തന്നെ സ്നേഹത്തിൽ അവിടുത്തേക്കു നല്കുവാനും വിശുദ്ധ കുർബാന സ്വീകരണം വഴി അവിടുത്തോട് ഐക്യപ്പെടുവാനും വേണ്ടിയാണ് അവിടുന്നു  ദിവ്യകാരുണ്യമായത്.    പന്തക്കുസ്താ കഴിഞ്ഞു  പന്ത്രണ്ടാം ദിവസം, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ചയാണു വി.കുർബാനയുടെ തിരുനാൾ സഭയിൽ ആഘോഷിക്കുന്നത്. അജപാലന കാരണങ്ങളാൽ ജൂൺ മൂന്നാം തീയതി ഞായറാഴ്ചയാണ് പല രാജ്യങ്ങളിലും  ഈ തിരുനാൾ ആഘോഷിക്കുന്നത്. അതിനൊരുക്കമായി ദിവ്യകാരുണ്യത്തിന്റെ അത്ഭുതകരമായ പത്തു ഫലങ്ങൾ നമുക്കു മനസ്സിലാക്കാം.

 1) ക്രിസ്തുവുമായി ഐക്യപ്പെടുത്തുന്നു

ദിവ്യകാരുണ്യ സ്വീകരണം ക്രിസ്തുവുമായി നമ്മുടെ അസ്തിത്വത്തെ യോജിപ്പിക്കുകുന്നു.  ഉരുകിയ മെഴുകു മറ്റു മെഴുകുമായി ഒന്നാകുന്നതുപോലെ എന്നാണ്  അലക്സാണ്ട്രിയായിലെ വി. സിറിൾ  ഇതിനെ വിശേഷിപ്പിക്കുക. ക്രൈസ്തവ യാത്ര ക്രിസ്തുവിനെപ്പോലെ ആയിത്തീരാനുള്ള യാത്രയാണ്. അവനിൽ വസിക്കാനും അവൻ നമ്മിൽ വസിക്കാനുമുള്ള ഒരു മാർഗ്ഗം. അതിനുള്ള മാർഗ്ഗമാണ് ദിവ്യകാരുണ്യം. മറ്റൊരു രീതിയിൽ വി തോമസ് അക്വീനാസ് പറയുന്നതുപോലെ വി. കുർബാന മനുഷ്യനെ ദൈവത്തിലേക്കു പരിവർത്തിതനാകുന്നു.

2) ലഘു പാപങ്ങൾ  നശിക്കുന്നു

ദിവ്യകാരുണ്യം ലഘു പാപങ്ങളെ നശിപ്പിക്കുന്നു. ലഘു പാപങ്ങൾ വഴി സ്നേഹത്തിന്റെ സൗരഭ്യം പലപ്പോഴും നമ്മിൽ നഷ്ടമാകുന്നു.  എന്നാൽ ദിവ്യകാരുണ്യ സ്വീകരണം വഴി സ്നേഹം തന്നയായ ക്രിസ്തുവുമായി നമ്മൾ ഒന്നാവുകയും, നമ്മിലെ ലഘു പാപങ്ങളുടെ   നിഴൽപ്പാടുകൾപോലും  കത്തിച്ചു കളയുകയും നമ്മളെ പവിത്രരാക്കുകയും ചെയ്യുന്നു.

3) മാരക പാപങ്ങളിൽ നിന്നു സംരക്ഷിക്കുന്നു

നമ്മൾ മാരകമായ പാപവസ്ഥയിൽ ആണങ്കിൽ വിശുദ്ധ കുർബാന സ്വീകരിക്കതെ മാറി നിൽക്കണം. മാരക പാപങ്ങളിൽ നിന്നു സംരക്ഷണം നേടുന്നതിനായി സാധിക്കുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും വേണം.    ദിവ്യകാരുണ്യത്തിന്റെ ശക്തി നമ്മുടെ ആത്മാവിൽ നിന്നു ലഘു പാപങ്ങളുടെ കറ മായ്ച്ചുകളയുമെങ്കിൽ മാരക പാപങ്ങളിൽ നിന്നു നമ്മളെ സംരക്ഷിക്കുന്ന രക്ഷാകവചമാണ് വി. കുർബാന

4) യേശുവുമായുള്ള വ്യക്തി ബന്ധം സാധ്യമാകുന്നു 

യേശുവുമായുള്ള വ്യക്തി ബന്ധത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ് മിക്ക ക്രൈസ്തവരും. യേശുവുമായി അഭേദ്യമായ ബന്ധത്തിൽ വളരാൻ ഏറ്റവും നല്ല ഉപാധിയാണ് അനുദിനമുള്ള ദിവ്യകാരുണ്യ സ്വീകരണം.  വി. ഫ്രാൻസീസ് ദി സാലസ് പറയുന്നു “വിശുദ്ധ കുർബാനയിൽ നാം കർത്താവുമായി ഒന്നിക്കുന്നു. ഭക്ഷണം ശരീരവുമായി ഒന്നിക്കുന്നതു പോലെ “  അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം പരിശുദ്ധ കുർബാനയോടൊത്തുള്ള ജീവിതമാണ്. ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്നേഹത്തിന്റെ കൂദാശ എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഇക്കാര്യം ഊന്നിപ്പറയുന്നു:  ” യേശുക്രിസ്തുവിനെ യഥാർത്ഥ വ്യക്തിയായി വീണ്ടും കണ്ടെത്തുക എന്നതു ഈ കാല ഘട്ടത്തിന്റെ ആവശ്യമാണ്. അതിനാൽ സഭയുടെ ജീവന്റെയും ദൗത്യത്തിന്റെയും ഉറവിടവും ഉച്ചകോടിയുമായ ദിവ്യകാരുണ്യത്തെ നമ്മുടെ ആത്മീയതയിലേക്കും  ജീവിത ശൈലിയിലേക്കും  പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്കനുസരിച്ചു ഇറക്കി കൊണ്ടുവരണം. ”

5) ജീവൻ നൽകുന്നു

കത്തോലിക്കാ സഭയുടെ മതബോനമനുസരിച്ച് ” വിശുദ്ധ കുർബാന,  മാമ്മോദീസായിൽ നാം സ്വീകരിച്ച  കൃപാ ജീവിതത്തെ സംരക്ഷിക്കുകയും, വർദ്ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യും.” (CCC 1392).  മറ്റൊരർത്ഥത്തിൽ ദിവ്യകാരുണ്യ സ്വീകരണം  നമ്മിലുള്ള   കൃപാ ജീവിതത്തെ വർദ്ധിിക്കുന്നു

6) ക്രിസ്തുവിന്റെ ശരീരമായ സഭയുമായുള്ള ഐക്യം സാധ്യമാകുന്നു

ദിവ്യകാരുണ്യത്തിലൂടെ ക്രിസ്തുവുമായി കൂടുതൽ അടുക്കുന്ന നമ്മൾ ദിവ്യകാരുണ്യം സ്വീകരിക്കുന്ന മറ്റു വ്യക്തികളുമായും കൂടുതൽ അടുക്കുന്നു. മറ്റൊരത്ഥത്തിൽ ക്രിസ്തുവുമായും സഭയിലെ മറ്റു സഹോദരി സഹോദരന്മാരുമായും നമ്മളെ ഒന്നിപ്പിക്കുന്ന  കണ്ണിയാണു  ദിവ്യകാരുണ്യം.

7) ദരിദ്രർക്കായി സമർപ്പണം ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നു

ക്രിസ്തുവിന്റെ ദരിദ്രരരെ ശ്രദ്ധിക്കാതെ അൾത്താരയിൽ നിന്നു പോകുന്നവരെ  അതിരൂക്ഷമായ ഭാഷയിൽ വി. ജോൺ ക്രിസോസ്തോം വിമർശിക്കുന്നുണ്ട്.  ” നിങ്ങൾ  ക്രിസ്തുവിന്റെ രക്തം പാനം ചെയ്തിട്ടും നിങ്ങൾ നിങ്ങളുടെ സഹോദരനെ തിരിച്ചറിഞ്ഞില്ല . . . . അർഹതപ്പെട്ടവനുമായി നീ ഭക്ഷണം പങ്കുവയ്ക്കാതിരിക്കുമ്പോൾ നിങ്ങൾ കർത്താവിന്റെ മേശയെ അപമാനിക്കുന്നു.  . . . ദൈവം എല്ലാ പാപങ്ങളിൽ നിന്നും നിങ്ങളെ മോചിപ്പിക്കുകയും ഇവിടെക്കു ക്ഷണിക്കുകയും ചെയ്തിട്ടും നിങ്ങൾ കൂടുതൽ കാരുണ്യമുള്ളവരായില്ല ”

8) ആത്മീയ സാന്ത്വനം ലഭിക്കുന്നു

ദിവ്യകാരുണ്യ സ്വീകരണം വഴി ദൈവവുമായുള്ള യഥാർത്ഥ ഐക്യം അനുഭവിക്കുന്നതിനാൽ അത്  സ്വർഗ്ഗീയ സന്തോഷത്തിന്റെ മുന്നാസ്വാദനം ആണ് .  അനുദിന പ്രശ്നങ്ങൾ നമ്മളെ അലട്ടുമ്പോൾ  ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അരുവിയായ ദിവ്യകാരുണ്യത്തിന്റെ അടുത്തേക്കു വരുകയാണങ്കിൽ നമ്മൾ ആത്മീയ സാന്ത്വനം സ്വന്തമാക്കും.  വി. ജോൺ മരിയ വിയാനി പഠിപ്പിക്കുന്നു: “കുർബാന സ്വീകരണത്തിനു പോകാതിരിക്കുന്നത് ഉറവയുടെ അടുത്ത് ദാഹിച്ചു മരിക്കുന്നതു പോലെയാണന്ന് ” .

9) സമാധാനം സാധ്യമാകുന്നു 

അക്രമവും അരാജകത്വവും അസമാധാനവും അരങ്ങുവാഴുന്ന മേഖലകളിൽ ദിവ്യകാരുണ്യം സമാധാനം കൊണ്ടുവരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്ന വ്യക്തി  സമാധാന രാജാവായ ക്രിസ്തുവിനെയാണ് വഹിക്കുന്നത്. ഈ  ക്രിസ്താനുഭവം വ്യക്തിപരമായും സമൂഹപരമായും പരിവർത്തനം സാധ്യമാക്കുന്നു.

10) ജീവിതത്തിനു ദിശാബോധം നൽകുന്നു
വിശുദ്ധ കുർബാനയുടെ ആഴത്തിലുള്ള സ്വഭാവം നമ്മൾ യഥാർത്ഥത്തിൽ മനസ്സിലാക്കിക്കഴിഞ്ഞാൽ അതു നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാകും. നമ്മുടെ ജീവിതത്തിൽ അതിനെക്കാൾ മഹത്തരമായ ഒന്നു സംഭവിക്കാനില്ല .അതു നമ്മുടെ ജീവിതത്തിനു ദിശാബോധം പ്രധാനം ചെയും.
കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ  YOUCAT 218 നമ്പറിൽ പറയുന്നു: “പവിത്രീകൃതമായ അപ്പത്തിലും വീഞ്ഞിലും ദൈവം സത്യത്തിൽ സന്നിഹിതനാണ്. അതു കൊണ്ട് ആ ദിവ്യദാനങ്ങൾ അങ്ങേയറ്റം ആദരത്തോടെ നാം സൂക്ഷിക്കണം. നമ്മുടെ കർത്താവും രക്ഷകനുമായവനെ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ ആരാധിക്കുകയും വേണം.” 
ദിവ്യ കാരുണ്യത്തോടുള്ള നമ്മുടെ  തുറവിയാണ് അതിന്റെ ഫലവത്തായ ഫലങ്ങൾ നമ്മൾ എത്രമാത്രം സ്വീകരിക്കുന്നു എന്നതിന്റെ മാനദണ്ഡം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.