​അനന്തുവിന്റെ മുഖമുള്ള ഉണ്ണീശോ

നസ്രത്ത് ഹോം സ്കൂളിലെ ക്രിസ്മസ് പുൽക്കൂട്ടിൽ ഇത്തവണ പിറക്കുന്ന ഉണ്ണിയുടെ പേര് ‘അനന്തു’ എന്നാണ്. കാരണം ഇത്തവണ നസ്രത്ത് ഹോമിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കുന്ന ക്രിസ്മസ് പുൽക്കൂട്, ഈ സകൂളിലെ തന്നെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന അനന്തുവിനുള്ള വീടാണ്!

മകന് മൂന്നു വയസ്സുള്ളപ്പോൾത്തന്നെ മരണം കവർന്നെടുത്ത ഒരച്ഛന്റേയും ബാലരാമപുരത്തെ ഒരു ചെറിയ സ്വകാര്യ ആശുപത്രിയിൽ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന അമ്മ ഷീബയുടെയും ഏകമകനാണ് അനന്തു!

സ്വന്തമായി ഒരു തുണ്ടു ഭൂമിയോ തലചായ്ക്കാനൊരു കൂരയോ സമ്പാദിക്കാൻ കഴിയും മുമ്പ് ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങിയ അച്ഛനെക്കുറിച്ച് അനന്തുവിന് അവ്യക്തമായ ഓർമ്മകളേയുള്ളൂ. ഭർത്താവിന്റെ പെട്ടന്നുള്ള മരണമാകട്ടെ ഷീബയെ ഭർതൃഗൃഹത്തിൽ അന്യയാക്കുകയും ചെയ്തു.

മൂന്നു വയസ്സുള്ള മകന്റെ കയ്യും പിടിച്ച്, അവകാശവാദങ്ങളൊന്നും ഉന്നയിക്കാതെ ആ വീടിന്റെ പടിയിറങ്ങി ബാലരാമപുരത്ത് ഒരു ചെറിയ വാടക വീടിന്റെ സ്വാന്തനത്തിലേക്കു ചേക്കേറുമ്പോൾ ഷീബയുടെ മനസ്സിൽ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ‘മകനെ പഠിപ്പിക്കണം, വലിയ ആളാക്കണം.’ അതിനു വേണ്ടി എന്തു ത്യാഗവും സഹിക്കാൻ ആ അമ്മ തയ്യാറായി.

മകന്റെ പഠനം, വീട്ടാവശ്യങ്ങൾ, വാടക, മറ്റു ചെലവുകൾ…! ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഷീബ ഒരുപാടു കഷ്ടപ്പെട്ടു. ആശുപത്രിയിലെ തൂപ്പു ജോലിക്കു പുറമേ മറ്റു വീടുകളിലൊക്കെ വീട്ടുജോലിയും ചെയ്ത് ഷീബ  മകനെ വളർത്തി.

സ്വന്തമായൊരു വീടുണ്ടാക്കാൻ ഒരു കൈത്താങ്ങിന് ഭരണാധികാരികളുടെ മുന്നിൽ നിരവധി തവണ കൈ നീട്ടിയെങ്കിലും പല കാരണങ്ങളും പറഞ്ഞ് ഷീബയെ അവർ സൗകര്യപൂർവം ഒഴിവാക്കി. ഒടുവിൽ ഷീബയുടെ അമ്മയാണ് സഹായത്തിനെത്തിയത്. ഭർത്താവിന്റെയും രണ്ടാൺ മക്കളുടേയും മരുമകന്റേയും അകാല മരണം സ്വന്തം ജീവിതത്തിൽ നേരിടേണ്ടി വന്ന ഒരു സ്ത്രീയായിരുന്നു അവർ! ഒറ്റപ്പെടലിന്റെ വേദന നന്നായനുഭവിച്ചതു കൊണ്ടാവണം തനിക്കാകെയുണ്ടായിരുന്ന കിടപ്പാടം ഷീബയെന്ന തന്റെ ഒറ്റപ്പെട്ടു പോയ മകളുടെയും കൊച്ചുമകന്റേയും പേർക്കെഴുതി വയ്ക്കാൻ അവർ ഔദാര്യം കാട്ടി.

ആര്യനാട് ടൗണിനടുത്തുള്ള ആ രണ്ടര സെന്റ് സ്ഥലത്താണ് നസ്രത്ത് ഹോമിലെ കൂട്ടുകാർ തങ്ങളുടെ സഹപാഠിക്ക് ഒരു ക്രിസ്മസ് നമ്മാനമെന്ന നിലയിൽ ഒരു വീടൊരുക്കാൻ പോകുന്നത്; അപ്പത്തിന്റെ ഭവനമെന്നറിയപ്പെടുന്ന ബേത്‌ലഹേമിലെ പുൽക്കൂടു പോലെ!

സ്കൂളിലെ ക്രിസ്മസ് ആഘോഷ വേളയിൽ കാട്ടാക്കട എം. എൽ. എ. ശ്രീ ഐ. ബി. സതീഷിന്റെ സാന്നിദ്ധ്യത്തിൽ, മാനേജരും പ്രിൻസിപ്പലും അധ്യാപകരും വിദ്യാർത്ഥികളും ഒപ്പിട്ട ഭവന നിർമാണത്തിനുള്ള തീരുമാനപത്രിക ഞാൻ ഷീബയ്ക്കു കൈമാറുമ്പോൾ ആ അമ്മയുടെ കരങ്ങൾ വിറച്ചിരുന്നു. ആദരപൂർവം ആ കത്ത് ഏറ്റു വാങ്ങുമ്പോൾ ഷീബയുടെ മിഴികൾ നിറഞ്ഞിരുന്നു.

അനന്തുവിന്റെ കൂട്ടുകാർക്കും സഹപാഠികൾക്കും അധ്യാപകർക്കും ഇത്തവണ അനന്തുവിനെ മറന്ന് ഒരു ക്രിസ്തുമസ് ആഘോഷിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ അവർ വേണ്ടെന്നു വയ്ക്കുന്ന ഒരു പുതിയ വസ്ത്രം, ഒരു നേരത്തെ ഭക്ഷണം, ഒരു സമ്മാനം, ഒരുല്ലാസ യാത്ര… ഇതൊക്കെ അനന്തുവിന്റെ വീട് എന്ന സ്വപ്നം പണിതുയർത്താനുള്ള ശിലകളായി മാറ്റപ്പെടുമെന്ന് ഉറപ്പാണ്.

നസ്രത്ത് ഹോം സ്കൂളിന്റെ മാനേജരും രക്ഷാധികാരിയുമായ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും കാട്ടാക്കട എം. എൽ. എ. ശ്രീ ഐ. ബി. സതീഷുമൊക്കെ അനന്തുവിന്റെ വീടിന് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സ്നേഹം കൊണ്ട് അടിസ്ഥാനമിട്ട്, കാരുണ്യം കൊണ്ട് ചുമരുകൾ പടുത്ത്, സ്വാന്തനത്തിന്റെ മേൽക്കൂരയ്ക്കു കീഴെ, പരസ്പര ബന്ധത്തിന്റെയും നന്മയുടേയും അടയാളങ്ങൾ ഓർമിപ്പിച്ച് നമുക്ക് അനന്തുവിന്റെ ഭവനത്തിനായി കൈകോർക്കാം.

വീട്ടിലൊരു പുൽക്കൂടു കെട്ടുമ്പോൾ നിങ്ങൾ അനന്തുവിനെക്കൂടി ഓർമ്മിക്കുമോ?

ഷീന്‍ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.