റൈസണ്‍ – 2016

ബറാബ്ബാസിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തുവിനെ കുരിശിലേറ്റിയ വിപ്ലവം അവസാനിച്ചു. കല്ലറയില്‍ അടക്കം ചെയ്ത ക്രിസ്തുവിന്റെ ശരീരത്തെ അന്വേഷിച്ച് റോമന്‍ പട്ടാളക്കാരിലൊരാളായ ക്ലാവിയസ് എത്തുന്നു. യേശു ഉയര്‍ത്തെഴുന്നേറ്റു എന്ന ജനസംസാരം സത്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുന്നതിന് പന്തിയോസ് പീലാത്തോസാണ് ക്ലാവിയസ്സിനെ അയച്ചത്. കല്ലറയില്‍ നിന്നും അപ്രത്യക്ഷമായ ക്രിസ്തുവിന്റെ ഭൗതിക ശരീരം കണ്ടെത്തുവാന്‍ അയാള്‍ നടത്തുന്ന യാത്രയുടെ ദൃശ്യാവിഷ്‌കാരമാണ് കെയ്ന്‍ റെയ്‌നോള്‍ഡ്‌സ് സംവിധാനം ചെയ്ത ‘റൈസണ്‍’ എന്ന സിനിമ.

അവിശ്വാസിയായ ഒരു റോമന്‍ പട്ടാളക്കാരനാണ് ക്ലാവിയസ്.

ക്രിസ്തുശിഷ്യരുടെ വാസസ്ഥലം പരിശോധിച്ച ക്ലാവിയസ്സ് ശിഷ്യര്‍ക്കൊപ്പം ഏകാന്തമായ ഒരിടത്ത് ഇരിക്കുന്ന ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കാണുന്നുണ്ട്. അപ്പോള്‍ത്തന്നെ ക്രിസ്തുവിനെക്കുറിച്ചുള്ള അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ അയാള്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്നു. ക്രിസ്തുവുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് അയാള്‍ ആരോടും വെളിപ്പെടുത്തുന്നില്ല. പിന്നീട് ക്ലാവിയസ് ക്രിസ്തുശിഷ്യര്‍ക്കൊപ്പം ചേരുന്നുണ്ട്.

ക്ലാവിയസ് തന്നെ ചതിച്ചു എന്ന് ഉറപ്പായ പീലാത്തോസ് യേശുവിനെയും ക്ലാവിയസ്സിനെയും പിടിച്ചു കൊണ്ടുവരാന്‍ പട്ടാളക്കാരെ നിയോഗിക്കുന്നു. ക്രിസ്തുവിനൊപ്പം നടക്കുന്ന ക്ലാവിയസ്സ് അവിടുന്ന് പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷിയാകുന്നുണ്ട്. അവസാനം ക്രിസ്തുവിന്റ സ്വര്‍ഗ്ഗാരോഹണത്തിനും അയാള്‍ സാക്ഷിയാകുന്നുണ്ട്.

2016  ഫെബ്രുവരി 19 -നാണ് ഈ അമേരിക്കന്‍ സിനിമ പുറത്തിറങ്ങിയത്. ജോസഫ് ഫിയന്നേസ് ആണ് ക്ലാവിയസിന്റെ കഥാപാത്രത്തെ വെളളിത്തിരയില്‍ അവതരിപ്പിച്ചത്. നിരൂപകരില്‍ നിന്നും സമ്മിശ്രമായ പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.