ജൂദാസ് – 2004

സുവിശേഷത്തിലെ ക്രിസ്തുവിനെപ്പറ്റി  പറയുമ്പോള്‍ തന്നെ ഓര്‍മ്മിക്കപ്പെടുന്നതും പറയപ്പെടുന്നതുമായ പേരാണ് യൂദാസ്. യൂദാസ് എന്ന പേരിന് ഒറ്റുകാരന്‍ എന്നാണ് നമ്മള്‍ നല്‍കുന്ന വ്യാഖ്യാനം. 2004-ലാണ് ചാള്‍സ് റോബര്‍ട്ട് കാര്‍ണര്‍  സംവിധാനം ചെയ്ത ജൂദാസ് എന്ന സിനിമ  പുറത്തിറങ്ങിയത്. യഹൂദരെ റോമന്‍ അധികാരത്തിന്റെ കീഴില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി പോരാടുന്നവന്റെ ചിത്രമാണ് ഈ സിനിമ നല്‍കുന്നത്.

യൂദാസും ക്രിസ്തുവും സുഹൃത്തുക്കളായിരുന്നു. ജറുസലേമിന്റെ തെരുവു വീഥികളില്‍ ‘ദാവീദിന്റെ പുത്രന് ഹോസാന’ എന്ന് ആര്‍ത്തു വിളിച്ചവരില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നതും യുദാസായിരുന്നു. യൂദാസിനെ സംബന്ധിച്ച് റോമന്‍ ഭരണാധികാരികളുടെ അടിച്ചമര്‍ത്തലില്‍ നിന്നുള്ള രക്ഷയായിരുന്നു വേണ്ടിയിരുന്നത്. അതിന് വേണ്ടിയാണ് യുദാസ് ക്രിസ്തുവിനൊപ്പം സഞ്ചരിച്ചത്. എന്നാല്‍ ക്രിസ്തുവാകട്ടെ ദൈവരാജ്യത്തെ അന്വേഷിക്കുകയും അത് ജനങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യുന്നതിലാണ് ശ്രദ്ധിച്ചത്.

ക്രിസ്തുവിനെ വിശ്വസിക്കണോ വേണ്ടയോ എന്ന സംശയം നിലനില്‍ക്കുമ്പോഴാണ് യൂദാസ് ക്രിസ്തുശിഷ്യരിലൊരാളായി വിളിക്കപ്പെടുന്നത്. ചെറിയ കുട്ടികള്‍ സംഗീതസംഘത്തെ കൗതുകത്തോടെ പിന്തുടരുന്നത് പോലെയാണ് യുദാസ് ക്രിസ്തുവിനെ പിന്തുടര്‍ന്നത്. അവസാനം ക്രിസ്തുവിന്റെ ഒപ്പം ചേര്‍ന്ന് നടക്കാന്‍ യൂദാസ് തീരുമാനിക്കുകയായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നപ്പോഴും ഒരേ വിഷയത്തെ രണ്ട് രീതിയില്‍ സമീപിച്ചവരായിരുന്നു ക്രിസ്തുവും യൂദാസും. ക്രിസ്തുവിന്റെ ജനപ്രീതിയും അധികാരവും ജനങ്ങളെ റോമാക്കാരില്‍ നിന്ന് രക്ഷിക്കുമെന്നായിരുന്നു യൂദാസിന്റെ കണക്ക് കൂട്ടല്‍. ഒരു ചുംബനം കൊണ്ട് കാണിച്ചു തരണമെന്ന റോമന്‍ പട്ടാളത്തിന്റെ ആവശ്യം യൂദാസ് സ്വീകരിച്ചതും ഇതുകൊണ്ടായിരിക്കാം. കുരിശു ചുമന്ന് നീങ്ങുന്ന ക്രിസ്തുവിന്റെ ഏറ്റവും പുറകിലായി യൂദാസും നടക്കുന്നതായി ഈ സിനിമയില്‍ കാണിക്കുന്നുണ്ട്. മുട്ടുകുത്തി ‘ജീസസ്’ എന്നുറക്കെ നിലവിളിച്ചു കൊണ്ട് മുട്ടുകുത്തുന്ന യൂദാസിനെ പിന്നീട് കാണുന്നത് മലമുകളിലെ മരത്തില്‍ മരിക്കുന്നതായിട്ടാണ്.

യൂദാസ് എന്ന കഥാപാത്രത്തിന്റെ എല്ലാ ആന്തരീക സമ്മര്‍ദ്ദങ്ങളും ഈ സിനിമയില്‍ വളരെ  മനോഹരമായി അവതരിപ്പിക്കാന്‍ ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ജോനാതന്‍ സാക്കേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജോനാതന്‍ സ്‌കാര്‍ഫ് ആണ് ക്രിസ്തുവായി അഭിനയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.