ലൂതര്‍ 2003

പതിനാറാം നൂറ്റാണ്ടിലെ പുരോഹിതനായിരുന്ന മാര്‍ട്ടിന്‍ ലൂതറിന്റെ ജീവിതം പറഞ്ഞ സിനിമയാണ് 2003-ല്‍ പുറത്തിറങ്ങിയ ലൂതര്‍ എന്ന സിനിമ. ക്രൈസ്തവ നവീകരണത്തിനും വിശ്വാസത്തിന്റെ പര്യവേഷണങ്ങള്‍ക്കും വഴി തെളിച്ച പുരോഹിതനായിരുന്നു മാര്‍ട്ടിന്‍ ലൂതര്‍. ഭൗതിക സുഖങ്ങള്‍ക്ക് നേരെയുള്ള സഭാംഗങ്ങളുടെ ആഗ്രഹത്തെ തന്റെ പോരാട്ടങ്ങളിലൂടെ മാര്‍ട്ടിന്‍ പ്രതിരോധിക്കുന്നു. സഭയുടെ മേലധ്യക്ഷന്മാരുടെ അധികാര ദുര്‍വിനിയോഗത്തെയും ഭൗതിക ആഗ്രഹങ്ങളെയും വിമര്‍ശിക്കുകയും ചെയ്യുന്നു. ധാര്‍മ്മികതയും നീതിയും അനുസരിച്ച് സഭയെ പുതിയ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട് മാര്‍ട്ടിന്‍ ലൂതര്‍.
മധ്യകാലഘട്ടത്തില്‍ വിശ്വാസ സംരക്ഷണത്തിനായി പോരാടിയ ലൂതറെ  ഏറ്റവും മികച്ചതായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സഭാ വിശ്വാസത്തെ അന്വേഷിക്കുമ്പോള്‍ അത് സംരക്ഷിച്ചവരെയും നിരാകരിച്ചവരെയും കുറിച്ചുള്ള അറിവും പ്രധാനമാണ്. ലൂതര്‍ എന്ന ചലച്ചിത്രം മുന്നോട്ട് വയ്ക്കുന്ന ആകര്‍ഷണവും ഇത് തന്നെയാണ്.
ജോസഫ് ഫിന്നസ് ആണ് മാര്‍ട്ടിന്‍ ലൂതര്‍ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയത്. എറിക് റ്റില്ലിന്റെ സംവിധാനവും കാമിലേ തോംസണ്‍, ബാര്‍ട്ട് ഗാവിഗണ്‍ എന്നിവരുടെ തിരക്കഥയും ഈ ചലച്ചിത്രത്തെ അവിസ്മരണീയമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.