മറിയം നമ്മെ സംരക്ഷിക്കുന്ന അമ്മ: ഫ്രാൻസീസ് പാപ്പാ

അനാഥത്വത്തിന്റെ വലിയ വിഷമവൃത്തത്തിൽ സഹിക്കുന്ന ഈ ലോകത്തിൽ നമ്മുടെ കൂടെ അനുയാത്ര ചെയ്യാനും, സംരക്ഷിക്കാനും നമ്മുക്ക് ഒരു അമ്മയുണ്ട്. വ്യാകുലമാതാവിന്റെ തിരുനാൾ ദിനമായ ഇന്ന് കാസാ സാന്താ മാർത്തായിൽ ( Casa Santa Marta ) പ്രഭാതബലിയർപ്പണവേളയിൽ വചന സന്ദേശം നൽകുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഇന്നത്തെ സുവിശേഷം നമ്മളെ കാൽവരിയിലേക്ക് കൊണ്ടു പോകുന്നു. യോഹന്നാന്നും കുറേ സ്ത്രികളുമൊഴികെ, മറ്റെല്ലാ ശിഷ്യന്മാരും ക്രിസ്തുവിൽ നിന്ന് ഓടിയകന്നു. കുരിശിന്റെ ചുവട്ടിൽ യേശുവിന്റെ അമ്മയായ മറിയവും ഉണ്ട്. എല്ലാവരും അവളെ നോക്കി പറയുന്നു. “ഇതാണ് കുറ്റവാളിയുടെ അമ്മ, ഇതാണ് വിധ്വംസകന്റെ അമ്മ” മറിയം ഇതെല്ലാം കേൾക്കുന്നു. അതിദാരുണമായ അപമാനം അവൾ ഏറ്റുവാങ്ങി. പല വിശിഷ്ട വ്യക്തികളും, മറിയം ബഹുമാനിച്ചിരുന്ന ചില പുരോഹിതർ ഉൾപ്പെടെ വിളിച്ചു പറഞ്ഞു “നീ ദൈവപുത്രനാണങ്കിൽ കുരിശിൽ നിന്നിറങ്ങി വരിക”. നഗ്നനായി തന്റെ മകൻ മരക്കുരിശിൽ കിടക്കുമ്പോൾ മറിയം കൂടെയുണ്ട്. സഹനങ്ങളുടെ വലിയ വേലിയേറ്റങ്ങളിലും മറിയം കുരിശിൻ ചുവട്ടിൽ നിന്ന് ഓടിയകലുന്നില്ല. അവൾ അവളുടെ പുത്രനെ തള്ളിപ്പറയുന്നില്ല. അവൻ അവളുടെ മാംസമാണ്.

താൻ ബ്യൂനെസ് എയ്റെസിലായിരുന്ന സമയത്ത് ജയിൽ സന്ദർശനത്തിനു പോകുമ്പോൾ , തടവുകാരെ സന്ദർശിക്കാനായി ജയിലിനു പുറത്തു കാത്തു നിൽക്കുന്ന സ്ത്രീകളെപ്പറ്റിയുള്ള ഓർമ്മയിൽ , പാപ്പാ പറഞ്ഞു:

“അവിടെ അമ്മമാരുണ്ടായിരുന്നു. അവർ ഒരിക്കലും അപമാനിതരായിരുന്നില്ല. കാരണം അവരുടെ ജീവൻ തടവറയ്ക്കുള്ളിലുണ്ടായിരുന്നു. അവിടെ വരുന്നതിന്റെ നാണക്കേടു മാത്രമല്ല അവർ സഹിച്ചത് പിന്നയോ – ” അവളെ നോക്കു, ആരുടെ അമ്മയാണ് അവൾ എന്നറിയാമോ? എന്താന്ന് അവളുടെ മകൻ ചെയ്തത് എന്നറിയാമോ?- തുടങ്ങിയ കുത്തുചോദ്യങ്ങൾ ജയിൽ വാർഡർമാർ ജയിൽ പ്രവേശനത്തിനായി കാത്തു നിൽക്കുമ്പോൾ അവരോട് ചേദിക്കുമായിരുന്നു. അവർ അമ്മമാരായതുകൊണ്ട് തങ്ങളുടെ തന്നെ മാംസമായ മക്കളെ കാണാൻ അകത്തേക്കുപോയി. മറിയവും ഇതുപോലെ തന്നെയായിരുന്നു. അവൾ അവളുടെ മകന്റെ കൂടെ അവിടെ ഉണ്ടായിരുന്നു. സഹനങ്ങളുടെ വലിയ നിമിഷങ്ങളിൽ “. യേശു നമ്മളെ അനാഥരായി വിടുകയില്ലന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. കുരിശിൽ അവൻ അവന്റെ അമ്മയെ നമ്മുടെ അമ്മയായി തന്നിരിക്കുന്നു.

ക്രൈസ്തവരായ നമ്മുക്ക് ഒരു അമ്മയുണ്ട് യേശുവിന്റെ അമ്മ, നമ്മുക്ക് ഒരു പിതാവുണ്ട് യേശുവിന്റെ പിതാവ്. നമ്മൾ അനാഥരല്ല. വലിയ വ്യാകുലങ്ങളുടെ നിമിഷത്തിലാണ് അവൾ നമ്മുക്ക് ജന്മം നൽകിയത്. അവൾ സത്യമായും ഒരു രക്ത സാക്ഷിയാണ്. പിളർന്ന ഹൃദയവുമായി, വേദനയുടെ നിമിഷത്തിൽ നമ്മുക്ക് ജന്മം നൽകാൻ അവൾ സമ്മതം മൂളി, ആ നിമിഷം മുതൽ മറിയം നമ്മുടെ അമ്മയായിത്തീർന്നു. നമ്മുടെ കാര്യങ്ങളിൽ ശ്രദ്ധാലുവായ, നമ്മളെ ഓർത്ത് ലജ്ജിക്കാത്ത, നമ്മളെ സംരക്ഷിക്കുന്ന അമ്മ.

ആദ്യ നൂറ്റാണ്ടിലെ മിസ്റ്റിക്കുകൾ, ആത്മീയ ബുദ്ധിമുട്ടകളിൽ ദൈവമാതാവിന്റെ മേലങ്കിക്കു കീഴിൽ അഭയം തേടാൻ നമ്മളെ ഉപദേശിക്കുന്ന കാര്യം പാപ്പാ ഓർമ്മിപ്പിച്ചു.”സാത്താന് അവിടെ പ്രവേശിക്കാൻ സാധിക്കില്ല.” മറിയം അമ്മയാണ്. അമ്മ എന്ന നിലയിൽ അവൾ നമ്മളെ സംരക്ഷിക്കും. പാശ്ചാത്യ സഭ ഈ ഉപദേശം ഹൃദയത്തിൽ സ്വീകരിക്കുകയും മരിയൻ പ്രതിവചന സങ്കീർത്തനം Sub tuum praesidium, ലത്തീൻ ഭാഷയിൽ ചിട്ടപ്പെടുത്തി. “അങ്ങയുടെ മേലങ്കിക്കു കീഴിൽ അങ്ങയുടെ സംരക്ഷണയിൽ അമ്മേ” ഞങ്ങൾ സുരക്ഷിതരാണ്, പാപ്പാ തുടർന്നു.

ഒറ്റപ്പെടുത്തുന്ന അനുഭവങ്ങളുടെ വലിയ വിഷമസന്ധികളാൽ നാം വേദനിക്കുമ്പോൾ ഒരു പക്ഷേ നമ്മുടെ സഹായം “നിന്റെ അമ്മയിലേക്ക് നോക്കുക ” എന്ന വചനത്തിലായിരിക്കും. നമ്മുക്ക് ഒരു അമ്മയുണ്ട്, നമ്മളെ സംരക്ഷിക്കുന്ന, നമ്മളെ പഠിപ്പിക്കുന്ന, നമ്മുടെ കൂടെ അനുയാത്ര ചെയ്യുന്ന, നമ്മുടെ പാപങ്ങളോർത്ത് ലജ്ജിക്കാത്ത അമ്മ. അവൾ നമ്മുടെ അമ്മയായതുകൊണ്ട് ലജ്ജിക്കാനവില്ല. നമ്മുടെ കൂട്ടുകാരനും,നമ്മുടെ വഴികളിൽ സഹയാത്രികനുമായ പരിശുദ്ധാത്മാവ് ,മധ്യസ്ഥനായി ദൈവം നമ്മുക്കായി നൽകിയ ആത്മാവ്, മറിയത്തിന്റെ മാതൃത്വത്തിന്റെ വലി രഹസ്യം മനസ്സിലാക്കാൻ നമ്മെ സഹായിക്കട്ടെ.

ഫാ: ജയ്സൺ കുന്നേൽ MCBS.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.