ബ്രദര്‍ സണ്‍ സിസ്റ്റര്‍ മൂണ്‍

ഇറ്റാലിയന്‍ സംവിധായകനായ ഫ്രാങ്കോ സെഫ്രലി 1972 ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ബ്രദര്‍ സണ്‍ സിസ്റ്റര്‍ മൂണ്‍’. ഏത് ഫിലിം ലൈബ്രറികളിലും അത്യാവശ്യം ഉണ്ടായിരിക്കേണ്ട സിനിമ എന്ന് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. റിലീസ് ചെയ്ത സമയത്ത് ക്രിട്ടിക്കുകളുടെ ഇടയില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഛായാഗ്രഹരണത്തിലെ വ്യത്യസ്തതയും, പശ്ചാത്തല സംഗീതവും ഈ സിനിമയെ സുന്ദരമാക്കി മാറ്റി. ഏറ്റവും ലളിതമായി ചിത്രീകരിച്ച സിനിമയെന്ന നല്ല അഭിപ്രായം നേടിയെങ്കിലും സ്‌ക്രിപ്റ്റിലെ പരിമിതികള്‍ ചിത്രത്തില്‍ പ്രതിഫലിച്ചുവെന്ന് വിലയിരുത്തപ്പെട്ടു.

ഫ്രാന്‍സിസ് അസീസിയുടെ ആദ്യകാല ജീവിതത്തെ ആസ്പദമായുള്ള ചിത്രത്തില്‍ ഗ്രഹാം ഫ്വാല്‍ക്കര്‍,ജുഡി ബ്രൗക്കര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി. ഫ്രാന്‍സിസി അസീസി തന്റെ കുടുംബവും ലൗകിക ജീവിതവും വിട്ടകന്ന് ക്രിസ്തുവിന്റെ വഴി പിന്തുടരുന്നതാണ് കഥയുടെ സാരം.

പിയെത്രോ ബര്‍ണര്‍ദീനോയുടെ മകനായ ഫ്രാന്‍സീസിന്, അസീസി പട്ടണവും പെറൂജിയ പട്ടണവും തമ്മില്‍ നടന്ന യുദ്ധത്തില്‍ പരിക്കേല്‍ക്കുന്നു. രോഗശയ്യയിലായ ഫ്രാന്‍സീസ് തന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് ഓര്‍മിക്കുന്നു. ആ സമയം തന്നെ അദ്ദേഹത്തിന് ആത്മീയവും മാനസികവുമായ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. അദ്ദേഹം ദൈവത്തെ ദര്‍ശിക്കുകയും ദൈവവഴികള്‍ തിരഞ്ഞെടുക്കുവാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പക്ഷേ, കഠിനമായ എതിര്‍പ്പാണ് വീട്ടില്‍ നിന്നും ഉണ്ടാകുന്നത്.

പ്രകൃതിയുമായുള്ള വിശുദ്ധ ഫ്രാന്‍സിസിന്റെ ബന്ധവും സിനിമ വിശകലനം ചെയ്യുന്നുണ്ട്. മരങ്ങളെയും മഴയെയും കിളികളെയും സ്‌നേഹിക്കുന്ന ഫ്രാന്‍സിസിനെ സിനിമയില്‍ കാണാന്‍ സാധിക്കും. കൂടാതെ വിശുദ്ധ ക്ലെയറുമായും മാര്‍പാപ്പയുമായുമുളള സൗഹൃദവും ചിത്രം വിശകലനം ചെയ്യുന്നു.

പ്രേക്ഷകര്‍ക്ക് അര്‍ത്ഥവത്തായ ചലച്ചിത്രാനുഭമാണ് ഈ സിനിമ സമ്മാനിക്കുന്നത്. മികച്ച കലാസംവിധാനം വിഭാഗത്തില്‍ അക്കാഡമി അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രം കൂടിയാണ് ‘ബ്രദര്‍ സണ്‍, സിസ്റ്റര്‍ മൂണ്‍’.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.