പാപത്തില്‍  നിന്ന് ദൈവം നമ്മെ രക്ഷിക്കും

ജനറല്‍ ഓഡിയന്‍സ് പ്രസംഗം

നമ്മള്‍ ചെയ്യുന്ന പാപത്തേക്കാള്‍ വലുതാണ് ദൈവത്തിന്റെ സ്‌നേഹം. നമ്മുടെ പാപങ്ങളേക്കാള്‍ വലിയവനാണ് ദൈവം. വസ്ത്രങ്ങളില്‍ നിന്ന് കറകള്‍ കഴുകിക്കളയുന്ന ലാഘവത്തോടെ അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച് മോചനം നല്‍കും. ആത്മാര്‍ത്ഥമായ പശ്ചാത്താപമുണ്ടെങ്കിലേ ഇത് സാധ്യമാകൂ. വസ്ത്രത്തിലെ ഒളിഞ്ഞിരിക്കുന്ന കറകള്‍ ഇല്ലാതാക്കാന്‍ ഡ്രൈക്ലീനറിന് കഴിയാത്തത് പോലെ നാം ഒളിച്ച് വയ്ക്കുന്ന പാപങ്ങള്‍ ദൈവത്തിന് മോചിക്കാന്‍ കഴിയില്ല. അത് മനസ്സില്‍ കെട്ടിക്കിടന്ന് നമ്മുടെ ആത്മാവിനെ മലിനപ്പെടുത്തും.മനുഷ്യന്റെ പാപങ്ങളെ വേരോടെ പിഴുതുകളയാന്‍ ശേഷിയുള്ളവനാണ് ദൈവം എന്ന് മറക്കാതിരിക്കുക.

പഴയ  നിയമത്തില്‍ ദാവീദ് രാജാവിന്റെ ഗുരുതരമായ പാപങ്ങളെ ദൈവം ക്ഷമിക്കുന്നതായി നാം വായിക്കുന്നു. ദൈവത്തിന്റെ കരുണയില്‍ വിശ്വസിച്ച് ആശ്രയിച്ചാണ് ദാവീദ് പാപമോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചത്.

നമ്മള്‍ എല്ലാവരും പാപികളാണ്. ഒരു ചെറിയ തെറ്റെങ്കിലും ചെയ്യാത്തവരായി ആരുമുണ്ടാകില്ല.എന്നാല്‍ ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കുമ്പോഴാണ് മഹത്വമുണ്ടാകുന്നത്. ചിലര്‍ ഒരേ തെറ്റ് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

ഒരു ചെറിയ കുട്ടി നിലത്തു വീണെന്ന് കരുതുക. അവനെ നിലത്ത് നിന്ന് എടുക്കാന്‍ വേണ്ടി അവന്‍ തന്റെ മാതാപിതാക്കള്‍ക്ക് നേരെ കൈകള്‍ നീട്ടും. അവര്‍ അവനെ സ്‌നേഹത്തോടെ വാരിയെടുക്കും. നമ്മുടെ പിതാവായ ദൈവവും ഇതേപോലെയാണ്. പാപത്തില്‍ വീണുപോയ നമ്മെ വാരിയെടുക്കാന്‍ അവിടുന്ന് ഓടിയെത്തും. നമ്മള്‍ അവിടുത്തേക്ക് നേരെ കൈകള്‍ നീട്ടണമെന്ന് മാത്രം. നിങ്ങള്‍ ക്ഷമ ആഗ്രഹിക്കുന്നെങ്കില്‍ മറ്റുള്ളവരോടും നിങ്ങള്‍ ക്ഷമിക്കേണ്ടതാവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.