ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവ്

ഹോളണ്ടിലെ ലീയ്ഡാ  (Leida) എന്ന സ്ഥലത്ത് ജനിച്ച റെംബ്രാന്‍ഡ് എന്ന ചിത്രകാരന്റേതാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ  മുഴുവന്‍ പേര് റെംബ്രാന്‍ഡ് ഹാര്‍മെന്‍സണ്‍ വാന്‍ റിയാന്‍ (Rembrandt Harmenszoon Van Rjin)  എന്നായിരുന്നു. 1606-ല്‍ ജനിച്ച അദ്ദേഹം 1669-ല്‍ ആംസ്റ്റര്‍ ഡാമില്‍ വച്ചാണ് മരണമടഞ്ഞത്.

‘ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവ്’ എന്ന ചിത്രം റഷ്യയിലെ സാന്‍ പീട്രോബര്‍ഗില്‍ ഹെര്‍മിറ്റേജ് എന്ന മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചിത്രകാരന്‍ തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ പൂര്‍ത്തിയാക്കിയ ഒരു ചിത്രമാണിത് എന്നാണ് കരുതപ്പെടുന്നത്.

കരുണയുടെ വര്‍ഷത്തില്‍ യൂറോപ്പിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും സ്ഥാപിക്കപ്പെടുകയും സംസാരവിഷയമാവുകയും ചെയ്യപ്പെട്ട  ഒരു ചിത്രമാണ് ഹോളണ്ടില്‍ നിന്നുള്ള ചിത്രകാരനായ റെംബ്രാന്റിന്റെ ‘ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവ്.’

ഈ വര്‍ഷം ഈ ചിത്രം ഇത്രയേറെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം തന്നെ – ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കപ്പെടുന്ന ധൂര്‍ത്തപുത്രന്റെ ഉപമയിലെ പിതാവിന്റെ കരുണാര്‍ദ്രമായ സ്വഭാവ വിശേഷണങ്ങളുടെ പ്രത്യേകതകള്‍ തന്നെയാണ്. ‘കാരുണ്യവാനായ പിതാവിന്റെ ഉപമ’ എന്നും ഈ ഉപമ അറിയപ്പെടുന്നുണ്ട് (ലൂക്കാ  15:1-32). അനുതാപത്തോടെ തിരികെയെത്തുന്ന മകനെ കാരുണ്യത്തോടെ കാത്തുനില്‍ക്കുകയും ആലിംഗനം ചെയ്ത് സ്വീകരിക്കുകയും ചെയ്യുന്ന പിതാവിന്റെ ആ സ്‌നേഹപ്രകടനത്തിന് ഏറെ പ്രത്യേകതകളുണ്ട്. അതുതന്നെയാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്നതും.

കാഴ്ചക്കാരന്റെ ശ്രദ്ധ പ്രധാനമായും മൂന്നു കഥാപാത്രങ്ങളില്‍ എത്തിനില്‍ക്കുന്ന രീതിയിലാണ് ഈ ചിത്രത്തിലെ പ്രകാശവിന്യാസം നടത്തിയിരിക്കുന്നത് തന്നെ. അരണ്ട വെളിച്ചത്തില്‍ പിന്‍വശത്തായി രണ്ട്  സ്ത്രീ കഥാപാത്രങ്ങളേയും സൂക്ഷ്മനിരീക്ഷണത്തില്‍ കാണാന്‍ കഴിയും.  അതിനുള്ള കാരണവും പിറകെ മനസ്സിലാവും.

ഈ ചിത്രത്തില്‍ ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്നതും ശ്രദ്ധിക്കപ്പെടുന്നതും കാരുണ്യവാനായ പിതാവിന്റെ കരങ്ങളാണ്. ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം- ആ കരങ്ങള്‍ രണ്ടും ഒരു പോലെ അല്ല  എന്നുള്ളതാണ്. ഒന്ന്, പുരുഷന്റെ കരവും മറ്റൊന്ന് സ്ത്രീകരവും ആണ് അതിനു പിന്നിലെ കാരണം ഈ ചിത്രത്തിലെ മറ്റു സ്ത്രീകഥാപാത്രങ്ങള്‍ വെറും മങ്ങിയ വെളിച്ചത്തില്‍ അത്ര തെളിമയാര്‍ന്നല്ല കാണപ്പെടുന്നത്. അതിന്റെ പിന്നിലെ കാരണം പിതാവായ ദൈവത്തിന്റെ മാതൃഭാവത്തെ വെളിപ്പെടുത്തുക തന്നയാണ്. ഈ സ്‌നേഹപ്രകടനങ്ങള്‍- അവിടുന്ന് എല്ലാവരെയും ഒരുപോലെ സ്വീകരിക്കുന്നവനാണെന്നും നമുക്ക് എല്ലാമാണെന്നുമുള്ള പ്രതീക്ഷ നല്‍കുന്നതുമാണ്.

ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു സവിശേഷത പിതാവിന്റെ കണ്ണുകളാണ്. പാതി അടഞ്ഞതായി ചിത്രീകരിക്കപ്പെടുന്ന ആ കണ്ണുകള്‍ അന്ധനായ ഒരു മനുഷ്യന്റെ കണ്ണുകള്‍ക്ക് സമാനമാണ്. അതിനു പിന്നിലും ഒരു ആത്മീയത ഒളിഞ്ഞിരിപ്പുണ്ട്. കാരണം മനുഷ്യനെ ഇത്രയധികം സ്‌നേഹിക്കുകയും അവന്റെ തിരിച്ചുവരവിനുവേണ്ടി പ്രതീക്ഷയോടെ വഴിക്കണ്ണുമായി കാത്തിരിക്കുകയും ചെയ്യുന്ന ദൈവം സ്‌നേഹം കൊണ്ട് അന്ധനായവനാണ് എന്ന് വലിയ ഒരു സത്യം ഇതിലൂടെ വെളിപ്പെടുത്തുന്നു.

ഈ ചിത്രത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പിതാവിന്റെ ചിത്രം- സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോകപ്പെട്ട, ഏകാന്തതയുടെ  കയ്പ്പുനീര്‍ കുടിക്കേണ്ടി വന്ന ഒരു മനുഷ്യന്റേതിനു തുല്യമാണ്. അദ്ദേഹം ഒഴുക്കിയ കണ്ണുനീരിന്റെ ബാഹുല്യമാകണം അയാളെ ഏകദേശം അന്ധനാക്കിയത്.

ചിത്രകാരന്റെ തന്നെ ജീവിതാനുഭവങ്ങളാണ് ഇതിലൂടെ പ്രകടമാക്കപ്പെടുന്നത്. ഈ ചിത്രത്തെപ്പറ്റി പ്രശസ്ത ചിത്രകാരനായ വാന്‍ഗോഗ് പറയുന്നത്. ”ഇതുപോലെ ഒരു ചിത്രം വരയ്ക്കാന്‍ കഴിയുന്നത് ജീവിതത്തില്‍ പലതവണ മരണപ്പെട്ടതിനുശേഷമാണ്.”

കീറിപ്പറിഞ്ഞ വേഷം ധരിച്ചും,  ഇടതു കാലില്‍ നിന്നും വഴുതിമാറിയിരിക്കുന്നതുമായി ചിത്രീകരിച്ചിരിക്കുന്ന ധൂര്‍ത്തപുത്രന്റെ ചിത്രവും നമ്മുടെ ആത്മീയ  ബേധത്തിന് തെളിമ നല്‍കുന്നതാണ്. ബൈബിളില്‍ നഗ്നത എന്നു പറയുന്നത് ഒരാളുടെ കുറവുകളോടു കൂടിത്തന്നെ സ്വയം അംഗീകരിക്കുന്നതിനെയാണ്. നമ്മുടെ പരിമിതികളോടു കൂടി നമ്മെ തന്നെ നമ്മള്‍ അംഗീകരിക്കുകയും, അപരന്റെ മുമ്പില്‍ അടിയറവ് വയ്ക്കുകയും ചെയ്യുമ്പോള്‍ ആയിരിക്കുന്നതും, ആകേണ്ടതുമായ അവസ്ഥയെക്കുറിച്ച് അറിവ് ലഭിക്കുകയും ചെയ്യും.

കള്ളവും (lie) തെറ്റും (false) തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. കള്ളം പറയുന്ന ഒരു മകനും, തെറ്റുകാരനായ ഒരു മകനും തമ്മില്‍ ഒത്തിരി അന്തരം ഉണ്ട്. കള്ളം പറയുന്നത് സത്യത്തിന്റെ ഒരു ഒഴിവാക്കല്‍ ആകാം. എന്നാല്‍ തെറ്റ് എന്നത് സത്യത്തിന്റെ എതിരാണ്. അത് സത്യത്തിന്റെ നിരസിക്കല്‍ തന്നെയാണ്.

ഈ ചിത്രത്തില്‍ സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ മനസ്സിലാകുന്ന ഒരു കാര്യം, ഇതില്‍ മനസ്സിലാകുന്ന ഒരു കാര്യം, ഇതില്‍ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാല്‍ യാതൊരു വിധത്തിലുമുള്ള ചലനങ്ങളുടെ ഒരു സാധ്യതയും കാണുന്നില്ല- എന്നാല്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചിത്രകാരന്‍ തന്നെ മറ്റൊരു മാധ്യമത്തില്‍ രചിച്ച ഈ പ്രമേയം സ്‌നേഹപ്രകടനങ്ങളില്‍ ചലനങ്ങളുടെ സാധ്യതകള്‍ തെളിഞ്ഞു കാണുന്നുണ്ട്.

ധൂര്‍ത്തപുത്രന്റെ വസ്ത്രങ്ങള്‍ക്ക് ചിത്രകാരന്‍ നല്‍കിയിരിക്കുന്ന കളറും വളരെ പ്രതീകാത്മകമാണ്. അകന്നു പോകലിലൂടെയും നഷ്ടമാക്കലുകളിലൂടെയും അവന്റെ തന്നെ ജീവിതത്തിനു വന്ന മാറ്റത്തെ തന്നെയാണ് അത് വരച്ചു കാട്ടുക. അവന്റെ വസ്ത്രത്തിന്റെ കളര്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്തതാണെന്നു വേണം കരുതാന്‍. വലത്തു വശത്തുള്ള മൂത്ത പുത്രന്റെ വേഷവിധാനത്തില്‍ നിന്നും കളറില്‍ നിന്നും ഏറെ വ്യത്യസ്തമമാണ് ധൂര്‍ത്ത പുത്രന്റേത്. അവന്‍ തന്നെ വരുത്തിവച്ച ദുരിതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു അവന്റെ വേഷവിധാനവും. കാരണം, ദുരിതപൂര്‍ണ്ണമായ ഒരു ജീവിതത്തെ വരച്ചു കാട്ടാന്‍ ഇതിലും മെച്ചമായ മറ്റൊരു കളറില്ല എന്നുവേണം ചിന്തിക്കാന്‍. ഇത് അവന്റെ മനസ്സിന്റെ അകത്തളങ്ങളുടെ അവസ്ഥ തന്നെയാണ്- വെളിവാക്കുന്നത്.

മുണ്ഡനം ചെയ്യപ്പെട്ട അവന്റെ തലമുടിയും ചില സത്യങ്ങളിലേക്ക് വരില്‍ ചൂണ്ടുന്നു. തലമുടി പറ്റെവെട്ടുന്ന ഇന്നിന്റെ ലോകത്തിന് ഒരു ഫാഷനായി മാറിയിരിക്കാം. എന്നാല്‍ പണ്ടു കാലങ്ങളില്‍ അത് തടവിലാക്കപ്പെട്ടവന്റേയും, സ്വാതന്ത്ര്യം നിഷേധിക്കപ്പട്ടവന്റേയും, സ്വന്തം പേരിന്റെ സ്ഥാനം അക്കങ്ങള്‍ക്ക് വഴിമാറിയവന്റേയും പ്രതീകമായിരുന്നു. കാരണം വ്യക്തിത്വം നഷ്ടപ്പെടുത്താന്‍ രണ്ടു വഴികളായിരുന്നു. ഒന്ന് ഒരുവന്റെ പേരിന് പകരം എന്തെങ്കിലും നമ്പര്‍ നല്‍കുക. അതുമല്ലെങ്കില്‍ യാതൊരു അര്‍ത്ഥവുമില്ലാത്ത എന്തെങ്കിലും പേരു നല്‍കുക.

അനുതാപത്തോടെ പിതാവിന്റെ മുമ്പിലണയുന്ന ധൂര്‍ത്തപുത്രന്റെ പാദങ്ങള്‍ ചിത്രീകരിക്കുന്നതിനും ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഇടത് പാദം നഗ്നമാണ് ഒപ്പം മുറിപ്പാടുകളുമുണ്ട്. സോക്‌സ് ധരിക്കാത്ത പാദങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതീകമായാണ് കരുതപ്പെട്ടിരുന്നത്. ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന മുറിപ്പാടുകള്‍ അവന്‍ കടന്നുപോകേണ്ടിവന്ന ദുരിതജീവിതങ്ങളുടെ നേര്‍ക്കാഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതായത് സ്‌നേഹിതരാല്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ ഏകാന്ത വാസം അവനില്‍ ഏല്‍പിച്ച മുറിപ്പാടുകള്‍ തന്നെയാണത്.

എന്നാല്‍ വലതു പാദത്തില്‍ ചെരുപ്പുകാണാം. എങ്കിലും തേഞ്ഞു തീരാറായതും കീറിപ്പറിഞ്ഞതുമാണ്. അനുഭവിക്കേണ്ടി വന്ന ദുരിതജീവിതത്തിന്റെ കാഠിന്യത്തെ കാണിക്കാനും, ഏറെ നടന്നു  ക്ഷീണിച്ചതിന്റെ കഷ്ടപ്പാടുകള്‍ വെളിവാക്കുന്നതിനും വേണ്ടിയാണ്.

ഈ ചിത്രത്തില്‍ ഏറെ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ മാത്രം കാണുന്ന ഒരു  കാര്യം കൂടിയുണ്ട്. ധൂര്‍ത്തപുത്രന്റെ അരയില്‍ കിടക്കുന്ന ചെറിയ വാള്‍. അവന്‍ എല്ലാം നഷ്‌പ്പെടുത്തയവനാണ്. ധനവും സൗഹൃദങ്ങളും, നന്മയുള്ള ഒരു മനസ്സും എല്ലാം. എന്നാൽ ആ വാള്‍ അവന്റെ നഷ്ടമാകാത്ത കുലീനത്വത്തിന്റെ പ്രതീകമാണ്.

തിരുവചന മൊഴികള്‍ക്ക് അപ്പുറത്തേയ്ക്ക്  കാഴ്ചക്കാരന്റെ മനസ്സിനെയും അവന്റെ ആത്മീയ ബോധത്തെയും ഉണര്‍ത്താന്‍ സഹായകമായ ഏറെ  സാധ്യതകള്‍ ഇനിയും ഒളിഞ്ഞു കിടപ്പുണ്ട്  ഈ ചിത്രത്തില്‍. ധൂര്‍ത്തപുത്രന്റെ ഉപമ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ദൈവസ്‌നേഹത്തില്‍ നിന്നും അകലെ പോകുന്നവര്‍ക്ക്,  തിരിച്ച് വരാനുള്ള സാധ്യത ഏറെയാണെന്ന ഓര്‍മ്മപ്പെടുത്തല്‍. എങ്കില്‍ ഈ ചിത്രവും ഒരു വലിയ ധ്യാനത്തിനു പ്രേരകമാണ്. കരുതലുള്ള പിതാവിന്റെ കരുണയെ പറ്റിയും കറപുരണ്ട് കനിവു തേടുന്ന പുത്രനെയും പറ്റി ധ്യാനിക്കാന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.