ചായം കൊണ്ട് ദൈവസ്പർശം തേടുന്ന പുരോഹിതൻ

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇറ്റാലിയൻ പത്രങ്ങളിൽ മിലാനിൽ നടക്കുന്ന ഒരു ചിത്രപ്രദർശനത്തെക്കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. മസാത്തോ എന്ന ചിത്രകാരൻ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ്. ചിത്രകാരന്മാരും പ്രദർശനങ്ങളും ഏറെയുള്ള ഇറ്റലിയില്‍ എന്തുകൊണ്ടാണ് ഈ ചിത്രപ്രദർശനത്തിന് ഇത്ര പ്രാധാന്യം നൽകുന്നത് എന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലാകുന്നത് അത് ഒരു ഇന്ത്യക്കാരന്‍റെ ചിത്രപ്രദർശനമാണെന്ന്. കൂടുതൽ അറിഞ്ഞപ്പോൾ അത്ഭുതമായി. ഇന്ത്യക്കാരൻ എന്നു പറഞ്ഞാൽ ഒരു മലയാളി വൈദികനാണ് അദ്ദേഹം മസാത്തോ എന്നറിയപ്പെടുന്ന കുട്ടനാട്ടുകാരനായ ഫാദർ സാബു മണ്ണട എം.സി.ബി.എസ്.

അദ്ദേഹത്തിന്‍റെ ഇറ്റലിയിൽ നടക്കുന്ന ആദ്യ ചിത്രപ്രദർശനമല്ലിത്. ഇതിനു മുൻപ് രണ്ടു തവണ – ഒരു പ്രാവശ്യം ഇറ്റലിയുടെ കലാനഗരമായ ലാക്വിലയലും മറ്റൊരു പ്രാവശ്യം റോമിനടുത്തുള്ള പെസ്ക്കാരാ നഗരത്തിലും വച്ച് – മസാത്തോയുടെ ചിത്രങ്ങള്‍ പ്രദർശിപ്പിക്കുകയുണ്ടായി. ഇത്തവണ മിലാനിൽ വച്ച് സെപ്റ്റംബർ ഒന്നു മുതൽ അ‍ഞ്ചുവരെയാണ് പ്രദർശനം നടക്കുന്നത്.

പ്രകൃതിയും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍റെ സൗന്ദര്യാത്മകവും പ്രകാശപൂരിതവുമായ വശങ്ങളാണ് മസാത്തോയുടെ ചിത്രങ്ങളിൽ നിറയുന്നത്. ആത്മീയതയും ഭൗതീകതയും രാവും പകലും ഇരുളും വെളിച്ചവും ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളിൽ കരം ചേർത്ത് നിൽക്കുന്നു. മസാത്തോയുടെ ചിത്രങ്ങളിലെ ഏറ്റവും മികച്ചവയെല്ലാം പ്രദർശനത്തിനു വയ്ക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് മിലാനിലെ പ്രദർശനത്തിന്.

സ്വാതന്ത്ര്യത്തിന്‍റെ ചിറകുകൾ ( le ali della liberta ) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ പ്രദർശനത്തിൽ ഏറ്റവും ശ്രദ്ധേയമാകും എന്ന് ഇറ്റാലിയന്‍ ദിനപ്പത്രമായ ഇൽ ചിത്തദീനോ എഴുതി. വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് ഈ ചിത്രത്തിന്‍റെ രചനാരീതിയും വർണ്ണ വിന്യാസവും . ആണി അടിച്ചും കെട്ടപ്പെട്ടും ഇരിക്കുന്ന കുറെ പുസ്തകങ്ങൾ. പക്ഷേ അതിനുള്ളിലെ പേജുകൾ പക്ഷികളായി പറന്നുയരുന്നു. കറുപ്പിനേയും വെളുപ്പിനേയും കൃത്യമായ അളവുകളിൽ സന്നിവേശിപ്പിച്ച് രചിച്ചിരിക്കുന്ന ഈ ചിത്രം പോസ്റ്റ് മോഡേണിസിറ്റ് ശൈലിയുടെ ഉത്തമ ഉദാഹരണമാണ്. ആരൊക്കെ ഏതൊക്കെ രീതിയിൽ ബന്ധിച്ചാലും ഇല്ലാതാക്കിയാലും വിജ്ഞാനത്തെ എല്ലാക്കാലത്തും കെട്ടിപ്പൂട്ടിവയ്ക്കാനാവില്ല എന്ന സനാതന സന്ദേശം ഈ ചിത്രം കാഴ്ചക്കാരന് സമ്മാനിക്കുന്നു.

ദൈവീക സ്പർശനം (Toco Divino ) മറ്റൊരു പ്രധാന ചിത്രമാണ്. പരസ്പരം തൊടാൻ ആയുന്ന ആകാശത്തെയും ഭൂമിയേയും ഈ രചനയിൽ കാണാൻ സാധിക്കും. ദൈവ – മനുഷ്യ ബന്ധത്തെ കുറിച്ചാണ് ഇത് മൂകമായി സംസാരിക്കുന്നത്. മനുഷ്യനിലേക്ക് വരാൻ ആഗ്രഹിക്കുന്ന ദൈവവും ദൈവത്തിലെത്താൻ ശ്രമിക്കുന്ന മനുഷ്യനും എല്ലാ കാലത്തെയും കലാകാരന്മാരെ പ്രചോദിപ്പിച്ചിട്ടുണ്ട്.

ഇറ്റലിയിലെ ലാക്വിലയലും പെസ്ക്കാരയിലും ഇതിന് മുമ്പ് നടന്ന ചിത്രോത്സവങ്ങളിൽ ആളുകളെ കൂടുതൽ ആകര്‍ഷിച്ച ചിത്രമായ ആറാം ഇന്ദ്രിയം ( il senso sei ) ഇവിടെയും പ്രദർശിപ്പിക്കുന്നുണ്ട്. അഞ്ച് ഇന്ദ്രിയങ്ങളും താഴേക്ക് വേരുകളിറക്കി ഭൂമിയുമായി ബന്ധപ്പെടുമ്പോൾ ആറാം ഇന്ദ്രിയത്തിന്‍റെ വേരുകൾ മറ്റ് അ‍ഞ്ചിനേയും മറികടന്ന് മുകളിലേക്കാണ് എന്ന തത്വചിന്തയിൽ  അധിഷ്ഠിതമാണ് ഈ ചിത്രം.

ജീവിത താഴ്വാരം ഇവിടെ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ പ്രമുഖമാണ്. ചിത്രകാരന്‍റെ കാഴ്ചയിൽ മലകൾ ജീവൻ പേറുന്നവയാണ്. ഉള്ളിൽ ജീവൻ വഹിക്കുന്ന സ്ത്രീയെ പോലെയാണ് ഓരോ മലയും എന്ന ചിന്തയിൽ നിന്ന് വരയ്ക്കപ്പെട്ടതാണ് ജീവൻ തുടിക്കുന്ന പ്രകൃതിയോട് ചേര്‍ന്ന് നിൽക്കുന്ന ഈ ചിത്രം. ഡെക്കറേറ്റീവ് ശൈലിയിൽ ചെയ്യപ്പെട്ട ജീവന്‍റെ മുകുളങ്ങളും (Gemme) തികച്ചും വ്യത്യസ്ഥത കാഴ്ചക്കാരന് സമ്മാനിക്കുന്ന ചിത്രമാണ്.

കരച്ചിൽ , അറിവിന്‍റെ മരം , വിശുദ്ധ ആലിംഗനം തുടങ്ങി നിരവധി ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. വിയന്നയിലെ പ്രസിദ്ധ ചിത്രകാരനായ ഗുസ്താവ് ക്ലിംത് (1862-1918) ഇന്ത്യൻ സംസ്ക്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കുന്ന

പ്രസിദ്ധ ഇറ്റാലിയന്‍ ചിത്രകാരനായ ഫ്രഞ്ചോസ്കോ ക്ലമന്തേ എന്നിവർ തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഫാദർ മാത്യു പറയുന്നു.

വർഷങ്ങളായി ഇറ്റലിയിലാണ്  താമസവും പഠനവും ഗവേഷണവും എങ്കിലും പ്രൊഫഷണലായി തന്‍റെ ചിത്രരചനാ പഠനം ആരംഭിച്ചത് തൃപ്പൂണിത്തുറ ആർ എൽ വി-യിൽ ആണ്. ആർ എൽ വി-യിൽ നിന്നു പഠിച്ചെടുത്ത ഇന്ത്യൻ ശൈലിയും ഇറ്റലിയിൽ നിന്ന് സ്വായത്തമാക്കിയ യൂറോപ്യൻ രീതിയും സമന്വയിപ്പിച്ച് വരയ്ക്കാൻ സാധിക്കുന്നു എന്നതാണ് ഫാദറിന്‍റെ ഈ രംഗത്തെ വിജയമെന്ന് കാഴ്ചക്കാർ അഭിപ്രായപ്പെടുന്നു.

കുട്ടനാട്ടിലെ പൊങ്ങയിൽ ജനിച്ച ഇദ്ദേഹം കത്തോലിക്കാ സഭയിലെ ദിവ്യകാരുണ്യ മിഷനറി സമൂഹം എന്ന സന്യാസ സഭയിലെ അംഗമാണ്.

Source: http://www.manoramanews.com/news/spotlight/milan-painting-exhibition.html

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.