ഗുഡാലുപെ മെക്‌സിക്കോ – 1531

മെക്‌സിക്കോയിലെ ഗുഡാലുപെ എന്ന സ്ഥലത്ത്  ജുവാന്‍ ഡീഗോ എന്നൊരു മനുഷ്യനുണ്ടായിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ജുവാന് ലഭിക്കുന്നത് 1531-ലാണ്. മെക്‌സിക്കോ നഗരത്തിലെ ടെപയാക് കുന്നിന്‍ മുകളില്‍ വച്ചായിരുന്നു മാതാവിന്റെ പ്രത്യക്ഷപ്പെടല്‍. വിഭാര്യനായിരുന്നു ജുവാന്‍ ഡീഗോ. 1529-ലാണ് അയാളുടെ ഭാര്യ മരിച്ചത്. ഡിസംബര്‍ മാസം 9-ാം തീയതിയിലെ വിശുദ്ധ കുര്‍ബാന സമയത്ത് പ്രകാശ വലയത്താല്‍ ചുറ്റപ്പെട്ട അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ രൂപം ജൂവാന്‍ ഡീഗോയുടെ മുന്നില്‍ പ്രത്യക്ഷയായി. മെക്‌സിക്കന്‍ ജനതയോട് തനിക്കുള്ള ആഴമേറിയ സ്‌നേഹത്തെക്കുറിച്ചാണ് ആ പെണ്‍കുട്ടി ജുവാനോട് പറഞ്ഞത്. താന്‍ നിന്നിരുന്ന അതേ സ്ഥലത്ത് ഒരു ആരാധനാലയം നിര്‍മ്മിക്കണം എന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. ജുവാന്‍ ഡീഗോ അപ്പോള്‍ തന്നെ ബിഷപ്പിന് മുന്നില്‍ മാതാവിന്റെ ഈ പ്രത്യക്ഷപ്പെടലിനെക്കുറിച്ചും ദേവാലയം പണിയാന്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചും വിശദീകരിച്ചു.

എന്നാല്‍ മാതാവിന്റെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയ ജൂവാനെ ബിഷപ്പ് നിരാകരിക്കുകയാണ് ചെയ്തത്. അദ്ദേഹം ഇത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ഈ സാക്ഷ്യം സ്വീകരിക്കണമെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും നേരിട്ട് അടയാളം ആവശ്യമാണെന്നായിരുന്നു ബിഷപ്പിന്റെ വാദം. ജുവാന്‍ ഡീഗോ നിരാശനായി മടങ്ങി.

അടുത്ത തവണ മാതാവ് തനിക്ക് മുന്നില്‍ പ്രത്യക്ഷയായപ്പോള്‍ ഡീഗോ ബിഷപ്പിന്റെ ഈ ആവശ്യം വിശദീകരിച്ചു. ബിഷപ്പിനെ വിശ്വസിപ്പിക്കാന്‍ അടയാളം നല്‍കാമെന്ന് പരിശുദ്ധ അമ്മ ജുവാന് ഉറപ്പ് നല്‍കി. അയാള്‍ തിരികെ തന്റെ ഭവനത്തിലെത്തിയപ്പോള്‍ അമ്മാവന്‍ ഗുരുതരമായ രോഗം പിടിപെട്ട് മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. മറ്റ് സ്വന്തക്കാര്‍ ഇല്ലാതിരുന്ന ജുവാന്‍ ഡീഗോ അമ്മാവനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അമ്മാവന് അന്ത്യകൂദാശ നല്‍കാന്‍ ബിഷപ്പിനെ വിളിക്കാന്‍ മാതാവ് ആവശ്യപ്പെട്ടു.

കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന പ്രത്യേക തരം പൂക്കള്‍ – അതായത് അക്കാലത്ത് സാധാരണ ഉണ്ടാകാത്തവ – ശേഖരിക്കാനാണ് മാതാവിന്റെ പ്രത്യക്ഷരൂപം ജുവാനോട് ആവശ്യപ്പെട്ടത്. ബിഷപ്പിനെ കാണാന്‍ പോകുന്ന വഴിക്ക് ഇത് കൂടി കൊണ്ടുപോകാന്‍ മാതാവ് പറഞ്ഞിരുന്നു. വഴിയില്‍ മറ്റാരെയും വസ്ത്രത്തിലെ ഈ ശേഖരം കാണിക്കരുതെന്ന് കൂടി മാതാവ് കൂട്ടിച്ചേര്‍ത്തിരുന്നു. ബിഷപ്പിന്റെ അരികിലെത്തി തന്റെ മേലങ്കി തുറക്കാതെ തന്നെ ജുവാന്‍ താന്‍ പരിശുദ്ധ അമ്മയെ കണ്ട കാര്യം അവര്‍ത്തിച്ചു. ബിഷപ്പിന്റെ ഒപ്പം  മറ്റ് അതിഥികള്‍ കൂടി ഉണ്ടായിരുന്നു. അടയാളം കാണിക്കണമെന്ന് ആവശ്യപ്പെട്ട ജുവാന്‍ തന്റെ മേലങ്കി തുറന്നു കാണിച്ചു. അപ്പോള്‍ പൂക്കളില്‍ പരിശുദ്ധ അമ്മയുടെ മുഖം ദര്‍ശിക്കാന്‍ സാധിച്ചു. ബിഷപ്പ് സുമാരഗ്ഗോയക്കുള്ള മാതാവിന്റ അടയാളമായിരുന്നു ഇത്. വളരെ പെട്ടെന്ന് ഈ അത്ഭുതം ലോകം മുഴുവനും വ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.