അസാധാരണ യേശുമുഖം

ചിത്രം – എമ്മാവൂസിലെ അത്താഴം (Supper at Emmaus)

ചിത്രകാരന്‍ – കരവാജോ (1571 – 1610). കരവാജോയിലെ മൈക്കല്‍ ആഞ്ചലോ മെരീസി എന്ന് പൂര്‍ണ്ണമായ പേര്.  ഇറ്റാലിയന്‍ ചിത്രകാരനായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പ്രധാനമായും റോം, നേപ്പിള്‍സ്, മാള്‍ട്ടാ, സിസിലി എന്നീ നഗരങ്ങളായിരുന്നു.

വിശ്വപ്രസിദ്ധനായ കരവാജോ എന്ന ഇറ്റാലിയന്‍ ചിത്രകാരന്‍ വരച്ച ‘എമ്മാവൂസിലെ അത്താഴം’  ആശയസമ്പന്നത കൊണ്ടും നിറവിന്ന്യാസങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്.

പശ്ചാത്തലം

ലൂക്ക 28: 20-31, മര്‍ക്കോസ് 16:12 എന്നീ തിരുവചന ഭാഗങ്ങളാണ് ഈ ചിത്രത്തിന് ആധാരം. ഉത്ഥാന ശേഷം യേശു എമ്മാവൂസിലേക്ക് പോയ ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നതും വചന വ്യാഖ്യാനങ്ങളിലൂടെയും അപ്പം മുറിക്കലിലൂടെയും അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കണ്ടു ശീലിച്ചിട്ടുള്ള സാധാരണ യേശുമുഖങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇതിലെ യേശു.  അതിന് പിന്നില്‍ ഒരു കാരണം ഉണ്ട്. മര്‍ക്കോസ് 16-12 ല്‍ പറയുന്ന ”അവന്‍ മറ്റൊരു രൂപത്തില്‍ അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു” എന്ന വചനമാണ് ആ കാരണം.

വ്യാഖ്യാനം

ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ശിഷ്യരില്‍ (ലൂക്ക, ക്ലയോപ്പ) ഒരാള്‍ ഒരു തീര്‍ത്ഥാടകന്റെ വേഷത്തിലും മറ്റൊരാള്‍ അല്‍പ്പം കീറിയ വേഷത്തിലുമാണ് കാണപ്പെടുന്നത്. ഇടതുവശത്തുള്ള ശിഷ്യന്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ഭാവിക്കുന്നത്, ഗുരുവിനെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തേയും കര്‍മ്മനിരതരാകാനുള്ള ശിഷ്യന്റെ തിടുക്കത്തെയും സൂചിപ്പിക്കുന്നു.

മേശപ്പുറത്തുള്ള അപ്പത്തിന്റെയും വീഞ്ഞിന്റെയും മറ്റ് ഫലങ്ങളുടെയും സാന്നിദ്ധ്യം ആ മേശയെ ബലിയര്‍പ്പണത്തിന്റെ അള്‍ത്താരയ്ക്ക് സമമാക്കുന്നു. കൈകള്‍ വിരിച്ചു പിടിച്ചിരിക്കുന്ന വലതുവശത്തെ ശിഷ്യന്റെ ആംഗ്യം ബലിയര്‍പ്പിക്കപ്പെടുന്ന അള്‍ത്താരയില്‍ പ്രതിഷ്ഠിക്കപ്പെടുന്ന കുരിശിനെ തന്നെ സൂചിപ്പിക്കുന്നു.

മേശപ്പുറത്തെ ബലിവസ്തുക്കളെ ആശീര്‍വദിക്കാന്‍ കൈകള്‍ ഉയര്‍ത്തുന്ന യേശു കാല്‍വരിയിലെ ബലിയര്‍പ്പകന്റെ തന്നെ സൂചന നല്‍കുന്നു. ഒപ്പം അവസാന അത്താഴത്തിന്റെ ഓര്‍മ്മപ്പെടുത്തലുമാകുന്നു.

മധ്യഭാഗത്തായുള്ള പ്രകാശപൂരിതമായ മേശയും ഈ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്നുണ്ട്. ശിഷ്യരുടെ മുഖത്തെ തെളിമ അവരുടെ ബുദ്ധിക്ക് ലഭിക്കുന്ന പ്രകാശത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അത് ശിഷ്യര്‍ക്ക് ആത്മീയ ഉണര്‍വ്വും പ്രതീക്ഷയും നല്‍കുന്ന പ്രകാശം തന്നെയാണ്.

ആത്മീയ വശം

അപരിചിതനൊപ്പം മേശ പങ്കിടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം വ്യത്യസ്തതകളും മനസ്സിലുടലെടുക്കുന്ന ഭയവും മനുഷ്യബന്ധങ്ങളില്‍ അകലം തീര്‍ക്കാറുള്ളത് സ്വാഭാവികമാണ്. ശിഷ്യരെപ്പോലെ അവിശ്വാസങ്ങളുടെ കെട്ട് പൊട്ടിക്കാന്‍ നമുക്കും കഴിയണം. അപരന്റെ മുന്നില്‍ മനസ്സും ജീവിതവും തുറക്കുന്നതില്‍ നിന്നും നമ്മെ തടസ്സപ്പെടുത്തുന്ന എല്ലാ ഭയപ്പാടുകളില്‍ നിന്നും സ്വതന്ത്രരാകാനുള്ള ഒരു ക്ഷണം നല്‍കുന്നുണ്ട് ഈ ചിത്രം.

ഹൃദയം ജ്വലിപ്പിക്കാനുതകുന്ന വചനത്തിന്റെ അത്ഭുത സിദ്ധിയും തിരിച്ചറിവുകള്‍ക്ക് കാരണമാകുന്ന അപ്പം മുറിക്കലുകളും നമുക്കിടയില്‍ ഇനിയുമുണ്ടാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.