നിങ്ങൾ റോൾ മോഡൽസ്: ജർമ്മൻ ദേശീയ ഫുട്ബോൾ ടീമിനോട് ഫ്രാൻസീസ് പാപ്പ

ധാരാളം യുവാക്കൾക്കും കുട്ടികൾക്കും നിങ്ങൾ റോൾ മോഡൽസാണന്നു ഓർക്കണം, അതു വലിയ ഉത്തരവാദിത്വം ഉൾകൊള്ളുന്നതാണ് …
ജർമ്മൻ ദേശീയ ഫുട്ബോൾ ടീമിനെ വത്തിക്കാനിൽ തന്റെ സ്വകാര്യ വസതിയിൽ സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പ.

പാപ്പയുടെ അഭിപ്രായത്തിൽ മത്സരബുദ്ധിയുള്ള കായിക ഇനങ്ങളിൽ അച്ചടക്കമോ, വ്യക്തിപരമായ പരിത്യാഗമോ മാത്രമല്ല ആവശ്യമുള്ളത്, അപരനോടുള്ള ബഹുമാനവും, ടീം സ്പിരിറ്റും ആവശ്യമാണ്. ഇതാണ് വിജയത്തിലേക്കു നയിക്കുന്നത്. അതോടൊപ്പം ഇത് നിങ്ങളുടെ ഉത്തരവാദിത്വം ഫുട്ബോൾ മൈതാനങ്ങൾക്കപ്പുറം പ്രത്യേകിച്ച് നിങ്ങളെ മാതൃകളായി സ്വീകരിച്ചിരിക്കുന്ന യുവതലമുറയോട് സവിശേഷമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  ജർമ്മൻ ദേശീയ ടീം നൽകുന്ന സഹായങ്ങൾക്കു, ചില സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിൽ അവർ നൽകിവരുന്ന പ്രതിബദ്ധതയ്ക്കു പരിശുദ്ധ പിതാവു നന്ദി പറഞ്ഞു.

“ഈ സമയം സവിശേഷമായി ദരിദ്ര രാജ്യങ്ങളിലെ കുട്ടികളെയും യുവാക്കളെയും സഹായിക്കാനായി നിങ്ങൾ  സ്റ്റേൺസിംഗറിനു (Sternsinger) നൽകുന്ന സഹായത്തിൽ ഞാൻ പ്രത്യേകമായി സന്തോഷിക്കുന്നു.  ഇതു പോലുള്ള സംരംഭങ്ങൾ, തരണം ചെയ്യാനാവാത്തതു പോലെ കാണപ്പെട്ടുന്ന തടസ്സങ്ങൾ എങ്ങനെയാണ്  ഒരുമിച്ചു മറികടക്കാൻ കഴിയുന്നതെന്ന്  കാണിച്ചുതരുന്നു. ഇതുവഴി നീതിയും സാഹോദര്യവും നിറഞ്ഞ ഒരു സമൂഹം കൂടി  പടുത്തുയർത്താൻ  നിങ്ങൾ സംഭാവന ചെയ്യുന്നു.”

തന്നെ സന്ദർശിച്ചതിനു ജർമ്മൻ ടീമിനോടു നന്ദി പറഞ്ഞ പാപ്പ, അവരുടെ കായിക സാമൂഹിക പ്രവർത്തനങ്ങൾക്കു എല്ലാവിധ ആശംസകളും നൽകി. പതിവുപോലെ തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നപേക്ഷിച്ച പാപ്പ, ടീം അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അനുഗ്രഹവും നൽകാനും മറന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.