മയക്കുമരുന്നിന്റെ രസതന്ത്രം – ഫ്രാന്‍സീസ് പാപ്പ

മയക്കുമരുന്നിനോടുള്ള ആസക്തി അടിമത്തത്തിന്റെ സമകാലിക രൂപമാണെന്ന് ഫ്രാന്‍സീസ് പാപ്പ. മയക്കുമരുന്ന് എന്ന ആഗോളപ്രശ്‌നത്തിന്റെ പരിഹാരം  എന്ന വിഷയത്തില്‍ വത്തിക്കാന്‍ പൊന്തിഫിക്കല്‍ അക്കാദമി സംഘടിപ്പിച്ച നാര്‍ക്കോട്ടിക്‌സ് ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഈ അടിമത്തത്തിന് ഇരയായവര്‍ക്ക് ആവശ്യമായ പിന്തുണയുംപുനരധിവാസവും ആവശ്യമാണെന്ന് പാപ്പ ഉദ്‌ബോധിപ്പിക്കുകയുണ്ടായി.

”നമ്മുടെ സമൂഹത്തില്‍ സംഭവിച്ചരിക്കുന്ന ഒരു വലിയ മുറിവാണ് മയക്കുമരുന്ന്. ഈ സമൂഹത്തിലെ മറ്റ് ജനങ്ങളിലേക്ക് ഈ മുറിവ് ശ്യംഖലകളിലൂടെ വ്യാപിക്കുന്നു. അങ്ങനെ നിരവധി പേര്‍ ഈ അടിമത്തത്തിന് ഇരയായിത്തീരുകയും ചെയ്യുന്നു. അവരുടെ സ്വാതന്ത്ര്യം അടിമത്തത്തിലേക്ക് വഴിമാറുന്നു. ആശ്രയത്വത്തിന്റെ അടിമത്തമായി അത് മാറുന്നു. വ്യക്തിയെ അടിമയും ആശ്രിതനുമാക്കുന്ന ഒരു രസതന്ത്രമാണ് മയക്കുമരുന്നിനുള്ളത്.” നവംബര്‍ 24 ന് നടന്ന പ്രസംഗത്തിലാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. ”വ്യക്തികളില്‍ പ്ലേഗ് പോലെ ഈ അടിമത്തം പടരുന്നു. പിന്നീടത് സമൂഹത്തിലേക്ക് വ്യാപിക്കുന്നു.” പാപ്പ കൂട്ടിച്ചേര്‍ത്തു.

”കുടുംബത്തിന്റെ അഭാവം, കുടുംബത്തെ മറന്ന ജീവിതം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണ് ഒരാള്‍ മയക്കുമരുന്നിന് അടിമയാകുന്നതിന്റെ പിന്നിലെ മുഖ്യകാരണം. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടതാവശ്യമാണ്. അവരെ തള്ളിക്കളയരുത്. അവരും ദൈവത്തിന്റെ മക്കളാണെന്ന സത്യം മനസ്സിലാക്കി അവരുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. യുവജനങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ഈ വലയില്‍ വീഴാന്‍ സാധ്യതയുണ്ട്. കാരണം ആകര്‍ഷണീയമായ ഘടകങ്ങളാണ് മയക്കുമരുന്ന് വില്‍പനക്കാര്‍ അവര്‍ക്കായി വച്ചു നീട്ടുന്നത്.” മയക്കുമരുന്നിന്റെ ഉപഭോഗം വ്യക്തികളെ ആദ്യം സാമൂഹികമായും ആത്മീയമായും നശിപ്പിക്കുന്നതെന്നും പിന്നീടാണ് അത് ശരീരത്തെ ബാധിക്കുന്നതെന്നും പാപ്പ അഭിപ്രായപ്പെട്ടു.

വളരെ വലിയ ഒരു വിതരണ ശൃംഖലയാണ് മയക്കുമരുന്ന് മേഖലയ്ക്കുള്ളത്. അവര്‍ ഓരോ ദിവസവും അവരുടെ വല വിരിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് ജീവന്‍ വരെ ബലി കഴിക്കേണ്ടതായി വന്നുവെന്ന് പാപ്പ പറയുന്നു.  ”ഈ അവസ്ഥയെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും, ആരോഗ്യപരിചരണവും കുടുംബങ്ങളുടെ പിന്തുണയും പുനരധിവാസ കേന്ദ്രങ്ങളും വേണം. ഏറ്റവും അടിസ്ഥാനമായ കാര്യം വിദ്യാഭ്യാസമാണ്. അതുവഴി മനുഷ്യത്വ രൂപീകരണവും സാധ്യമാകണം. അങ്ങനെ മാത്രമേ ഈ സാമൂഹ്യവിപത്തിനെ ഉന്‍മൂലനം ചെയ്യാന്‍ സാധിക്കൂ. ഈ തിന്മ വളര്‍ന്ന് സമൂഹത്തില്‍ വേരുപിടിച്ചുപോയാല്‍ പിന്നെ പിഴുതെറിയുക എളുപ്പമല്ല.” ദൈവികകാരുണ്യത്തിന്റെ കരുണാര്‍ദ്രമായ മുഖത്തോടെ മയക്കുമരുന്നിന് അടിമകളായവരെ സമീപിക്കാന്‍ കഴിയട്ടെ എന്നാശംസിച്ചു കൊണ്ടാണ് പാപ്പ് തന്റെ പ്രസംയഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.