ഇന്തോനേഷ്യയിലെ കിഴക്കൻ തിമൂറിലെ വെള്ളപ്പൊക്കത്തിൽപ്പെട്ടവർക്ക്‌ താങ്ങായി പുരോഹിതരും സന്യാസിനിമാരും

കിഴക്കൻ തിമോറിലെ പുരോഹിതൻമാരും സന്യാസിനിമാരും രാജ്യത്ത് അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി മാറുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്തു. 120 പേരാണ് ഈസ്റ്റർ ദിനത്തിൽ ഉണ്ടായ ‘സെറോജാ’ കൊടുങ്കാറ്റിൽ മരണമടഞ്ഞത്.

ശക്തമായ കൊടുങ്കാറ്റും പേമാരിയും മണ്ണിടിച്ചിലിനു കാരണമായി. ഗ്രാമങ്ങളെല്ലാം തന്നെ വെള്ളത്തിലും ചെളിയിലും മുങ്ങിപ്പോയതിനാൽ 10,000 -ത്തോളം ആളുകൾ മറ്റു പ്രദേശങ്ങളിലേക്ക് അഭയത്തിനായി പലായനം ചെയ്തു. തിമോറിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ പിന്തുണയോടെ പുരോഹിതൻമാരും മതവിശ്വാസികളും ചേർന്ന് ഇരകളായവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ സഹായം ചെയ്തു.

ദുരിത ബാധിതരായ 2000 പേർ കൊമോറയിലെ സലേഷ്യൻ സഭയുടെ ഭവനത്തിലും 7000 പേരെ മറ്റു പന്ത്രണ്ട് പ്രധാന കേന്ദ്രങ്ങളിലായുമാണ് പാർപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള ഭക്ഷണവും വസ്ത്രങ്ങളുമാണ് ഇപ്പോൾ ഏറ്റവും ആവശ്യം. കാലാവസ്ഥ മെച്ചപ്പെട്ടുവെങ്കിലും വീടുകളും മറ്റു വാസസ്ഥലങ്ങളും തകർന്നതിനാൽ ആളുകൾക്ക് ഇപ്പോഴും വീടുകളിലേക്ക് മടങ്ങുവാൻ കഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.