“ഉറപ്പാണ് എന്നെ സുഖപ്പെടുത്തിയത് മദര്‍ തെരേസയാണ്!”; നന്ദിയോടെ മാര്‍സീലിയോ ഹദാദ് 

“ദൈവത്തിന്റെ അസാധാരണമായ കരുണയ്ക്ക് അര്‍ഹരാക്കപ്പെട്ട വെറും സാധാരണക്കാരായ മനുഷ്യരാണ് ഞങ്ങള്‍. എനിക്കുറപ്പാണ് എന്നെ സുഖപ്പെടുത്തിയത് മദര്‍ തെരേസയാണ്.”  കല്‍ക്കട്ടയിലെ മദര്‍ തെരേസയെ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്താന്‍ കാരണക്കാരനായ ബ്രസീലിയന്‍ സ്വദേശി മാര്‍സീലിയോ ഹദാദ് അഡ്രിനോ എന്ന വ്യക്തിയുടെ വാക്കുകളാണിവ.

2008 ല്‍ അസഹനീയമായ തലവേദനയെത്തുടര്‍ന്ന് പലവിധ ടെസ്റ്റുകള്‍ നടത്തിയെങ്കിലും ആദ്യമൊക്കെ രോഗമെന്താണെന്നുപോലും കണ്ടെത്താനായില്ല. പിന്നീടാണ് ബ്രെയിന്‍ ട്യൂമറാണെന്ന് മനസിലായത്. അന്ന് മുതല്‍ ചികിത്സകളും തുടങ്ങി. തലവേദന അസഹനീയമായി തുടര്‍ന്നു. വേദന കലശലാവുമ്പോള്‍ അര്‍ഡിനോയുടെ ഭാര്യ ഫെര്‍ണാണ്ട മദര്‍ തെരേസയുടെ തിരുശേഷിപ്പ് പതിച്ച ഒരു കാശുരൂപം അദ്ദേഹത്തിന്റെ തലയില്‍ മുട്ടിച്ച് പ്രാര്‍ത്ഥിച്ചിരുന്നു.

അങ്ങനെ ശസ്ത്രക്രിയയ്ക്കായി അകത്തു കയറ്റി. ശസ്ത്രക്രിയ തുടങ്ങുന്നതിന് മുമ്പ് തലവേദനയ്ക്ക് ശമനം വന്നു. അത് ഡോക്ടറോട് പറഞ്ഞപ്പോള്‍ ശസ്ത്രക്രിയ തത്കാലത്തേക്ക് മാറ്റി വയ്ക്കാമെന്ന് തീരുമാനിച്ചു. ആ രാത്രി ഒരു വേദനയുമില്ലാതെ ഉറങ്ങാന്‍ സാധിച്ചു. പിന്നീട് നടത്തിയ ടെസ്റ്റുകളില്‍ നിന്ന് മനസിലായത് വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു. ഒരു ചെറിയ പാടുപോലും അവശേഷിപ്പിക്കാതെ ട്യൂമര്‍ മുഴുവന്‍ അപ്രത്യക്ഷമായിരിക്കുന്നു.

“അതുപോലെ തന്നെ ഇതേത്തുടര്‍ന്ന് മറ്റൊരത്ഭുതം കൂടി ഞങ്ങളുടെ ജീവിതത്തില്‍ നടന്നു. കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളെയും നല്‍കി ദൈവം അനുഗ്രഹിച്ചു. ഇതെല്ലാം വി മദര്‍ തെരേസയുടെ മാധ്യസ്ഥത്താലാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്നിപ്പോള്‍ പോകുന്നിടത്തെല്ലാം വിശുദ്ധയുടെ തിരുശേഷിപ്പ് ഞങ്ങള്‍ കൊണ്ടുപോകും. ദൈവത്തിന്റെ കരുണ എല്ലാവര്‍ക്കുമുള്ളതാണെന്നാണ് മദര്‍ എപ്പോഴും പറഞ്ഞിരുന്നത്. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.” കൂപ്പു കരങ്ങളോടെ മാര്‍സീലിയോ പറഞ്ഞു നിര്‍ത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.