തന്നെ ഉദരത്തില്‍വച്ചു കൊല്ലാതെ, ജീവിക്കാന്‍ അനുവദിച്ച അമ്മയ്ക്ക് മകള്‍ എഴുതുന്നു  

നവംബർ 21 – ന് എന്റെ അമ്മയുടെ ജന്മദിനമാണ്. അമല എന്നാണ് അമ്മയുടെ പേര്. എന്തുകൊണ്ടോ അമ്മയെപ്പറ്റി ലോകത്തോട് പറയണമെന്ന് തോന്നി. അതിനാൽ ഇതിവിടെ കുറിക്കുന്നു. 

തന്റേതല്ലാത്ത തെറ്റിനാൽ  ‘ഞാനെന്ന ‘ ജീവൻറെ  തുടിപ്പിനെ വഹിക്കേണ്ടിവന്നവൾ ആണ് എൻറെ അമ്മ. എനിക്കായി ജീവിതം ത്യജിച്ചവൾ. ‘അതേ’എന്ന വാക്കിനാൽ എന്നെ ജീവിക്കാൻ അനുവദിച്ചവൾ. അന്യരുടെ ഭാഷയിൽ ഞാനെന്ന ‘അവിഹിത’ത്തെ  പേറിയതിന്റെ പേരിൽ സ്വന്തക്കാരും സഹോദരന്മാരും നാട്ടുകാരും സമൂഹത്തിലെ മറ്റെല്ലാവരും ആട്ടിപ്പായിച്ചപ്പോഴും എന്നെ  ജീവനുതുല്യം സ്നേഹിച്ചവൾ. കടുത്ത ദാരിദ്ര്യത്തിലും മാനസികപീഡനത്തിലും പതറാതെ, ഇടറാതെ ഉള്ളിലെ ജീവൻ നിലനിർത്താൻ ഓടിനടന്നവൾ. പലപ്പോഴും വെള്ളം കുടിച്ചു വിശപ്പടക്കിയവൾ. നിന്ദനത്തിന്റെ കണ്ണുനീരിനെ  ഭക്ഷണമായി സ്വീകരിച്ചവൾ. ഒറ്റപ്പെടലിന്റെ വേദനയിലും ഉള്ളിലെ ജീവനെ സ്വന്തമാക്കിയവൾ. “കൊല്ലരുത് ” എന്ന ദൈവകൽപന അക്ഷരംപ്രതി മാനിച്ചവൾ.

ഒരുനാൾ പൂർണ്ണവളർച്ചയെത്താതെ ഞാൻ പുറത്തെ ലോകത്തേയ്ക്ക് വന്നപ്പോൾ രാത്രിയെ പകലുകളാക്കി ദൈവസന്നിധിയിൽ നിലവിളിച്ചവൾ. പെറ്റെഴുന്നേറ്റിട്ടും പേറിൻറെ വേദന മാറിയിട്ടും പരിഹാസത്തിന്റെയും നിന്ദനത്തിന്റെയും വേദന ജീവിതത്തിലുടനീളം സഹിക്കേണ്ടിവന്നവൾ. ഒരുനാൾ എൻറെ നന്മയെ കരുതി ഒരായിരം വാക്കുകൾ  പറയാതെ പറഞ്ഞ് വിറയാർന്ന കൈകളാൽ മാറോടു ചേർത്ത് പിടിച്ചു, പൊന്നുമ്മ നൽകി എന്നെ തിരികെ പോറ്റമ്മയെ ഏൽപ്പിച്ചു ജീവിതത്തോട് പൊരുതാൻ ഇറങ്ങിതിരിച്ചവൾ.

പോറ്റമ്മയെ പെറ്റമ്മയാക്കി ഞാൻ  വളർന്നുതുടങ്ങിയപ്പോൾ

“ഞാനാണ്  നിൻറെ അമ്മ”എന്ന് അവകാശം പറയാതെ ഉരുകിയ ഹൃദയത്തോടെ നോക്കി നിന്നവൾ. സത്യം അറിയാവുന്ന ലോകവും ലോകരും പ്രിയപ്പെട്ട അമ്മേ നിൻറെ മുന്നിൽവെച്ചു. “ആരാണ് നിൻറെ അമ്മ “എന്ന് കോമാളി ചോദ്യം എന്നിലേക്ക് വലിച്ചെറിഞ്ഞപ്പോൾ പോറ്റമ്മയെ കെട്ടിപ്പിടിച്ചു ലോകരുടെ മുന്നിൽ അതാണ് എൻറെ അമ്മയെന്നു നിഷ്കളങ്കതയോടെ, ഒന്നുമറിയാതെ ഞാൻ വിളിച്ചുപറഞ്ഞപ്പോൾ, അമ്മേ, ഹൃദയം പൊട്ടുന്ന വേദനയോടെ  അമ്മ അവരുടെ മുന്നിൽ സ്വയം കോമാളിയായി മാറുകയായിരുന്നു. എൻറെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ‘അമ്മ’എന്ന് സ്ഥാനം നഷ്ടമാക്കേണ്ടിവന്നവൾ. മുന്നോട്ടുള്ള എൻറെ വളർച്ചയെ അകലങ്ങളിൽ ഇരുന്നു നോക്കിക്കണ്ടവൾ.

ഒരുനാൾ ആരിലൂടെയോ സത്യം ഞാൻ തിരിച്ചറിഞ്ഞപ്പോൾ എന്നിലെ വേദനയും ദുഃഖവും അമ്മയോടുള്ള ദേഷ്യമായി പുറത്തേയ്ക്ക് വന്നുതുടങ്ങിയപ്പോൾ മൗനമായി അതെല്ലാം സഹിച്ചവൾ. “എന്നെ  കൊന്നിരുന്നെങ്കിൽ നല്ല ജീവിതം കിട്ടുമായിരുന്നല്ലോ ” എന്ന ചോദ്യത്തിനുമേൽ പൊതിരെ തല്ലി സങ്കടം തീർത്തവൾ. തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞു പ്രാർത്ഥിക്കാൻ പഠിപ്പിച്ചവൾ. വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളിൽ വയറുനിറയുംവരെ ഭക്ഷണം വാങ്ങി നൽകി, ഞാൻ കഴിക്കുന്നത് സന്തോഷത്തോടെ നോക്കിയിരിക്കുന്നവൾ. “അമ്മ കഴിക്കുന്നില്ലേ” എന്ന് എൻറെ ചോദ്യത്തിന് മുന്നിൽ കഴിക്കാനുള്ള കാശ് ഇല്ല എന്ന് പറയാൻ പറ്റാത്തതുകൊണ്ട് “വിശപ്പില്ല “എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നവൾ. അവസാനം ഒരു കാലിച്ചായയിൽ വിശപ്പടക്കുന്നവൾ. “നമ്മളെന്തിനാ ഇങ്ങനെ ജീവിക്കുന്നത്… മരിച്ചാലോ?” എന്ന എൻറെ ചോദ്യം കേട്ട് ഹൃദയം പൊട്ടുമാറു വേദനിച്ചവൾ.

ആത്മീയ സഹായങ്ങള്‍ 

മൂന്നാം വയസിലായിരുന്നു മാമ്മോദീസ. വൈകിയതിനു കാരണം പലതായിരുന്നു. എന്റെ ബാല്യ കാലത്ത് പള്ളിയില്‍ വന്ന ഒരു കൊച്ചച്ചന്‍ എന്നെ നന്മയിലൂടെ വളര്‍ന്നു വരാന്‍ സഹായിച്ചു. നന്മ നിറഞ്ഞ ഉപദേശങ്ങളും സഹായങ്ങളും മനസ്സില്‍ ഇപ്പോഴും ഉണ്ട്. ബാല്യത്തിലെ ഒരു ആശ്വാസം അതായിരുന്നു. മറ്റൊരു ആശ്വാസം പ്രാര്‍ത്ഥനയായിരുന്നു. ഇഷ്ടപ്പെട്ട ഈശോയുടെ രൂപത്തിനു മുന്‍പില്‍ നിന്ന് എന്റെ സങ്കടങ്ങള്‍ ഒക്കെ പറഞ്ഞു കരയും, പ്രാര്‍ത്ഥിക്കും. അതോടെ വലിയ ആശ്വാസം മനസ്സില്‍ നിറയുമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ഇതുവരെയുള്ള ജീവിതത്തില്‍ ഒട്ടേറെ ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ആ ധ്യാനങ്ങളും ധൈര്യം നേടിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്.
അമ്മയുടെ ജീവിതം 

എന്റെ ഭാവിജീവിതം ഭദ്രമാക്കാൻ  പലരുടെയും മുന്നിൽ കൈനീട്ടേണ്ടിവന്നവൾ. അന്യരുടെ അടുക്കളയിൽ ആട്ടും തുപ്പും കൊണ്ട് ജീവിതം ബലിയായി ഹോമിച്ചവൾ. ഇപ്പോഴും അതുതന്നെ തുടരുന്നവൾ. എനിക്കു മുന്പേ പോയി വിശാലമായ വാതിലുകൾ എനിക്കായി തുറന്നുതരുന്നവൾ. എന്നിട്ടും അമ്മേ, അമ്മയോടുള്ള എൻറെ ദേഷ്യത്തിന് ഒട്ടുംതന്നെ കുറവുവരാതെ വീണ്ടും പുറത്തേയ്ക്ക്  വരുമ്പോൾ  അമ്മ വേദനിക്കുന്നുവെന്ന് അമ്മയുടെ വാക്കുകൾ എന്നോട് പറയാതെ പറഞ്ഞിരുന്നു. അത് മനസ്സിലാക്കാനുള്ള കഴിവ് അന്നെനിക്ക് ഇല്ലാതെപോയി.

നാട്ടിലെ പഠനം കഴിഞ്ഞ് സിറ്റിയിലെ കോളേജിലേക്ക് അമ്മയുടെ കൈവിരൽ പിടിച്ചു നടന്നുനീങ്ങുമ്പോൾ ശരിക്കും ഭയമുണ്ടായിരുന്നു എനിക്ക്. അമ്മയുടെ പ്രതീക്ഷയ്‌ക്കൊത്തു വളരാൻ സാധിക്കുമോ എന്ന്.  അമ്മയുടെ കണ്ണുനീരും പ്രാർത്ഥനയും എൻറെ ജീവിതത്തിലെ  ഏറ്റവും വലിയ ഘടകമായിരുന്നു. ഒരുനാൾ എൻറെ സ്വപ്നം പൂവണിയാൻവേണ്ടി തമ്മിൽ കാണാത്തത്രയും ദൂരത്തുള്ള  പ്രൊഫഷണൽ കോളേജിലേക്ക് നഴ്സിംഗ് നുവേണ്ടി കൊണ്ടുവിട്ടിട്ട് തിരികെ യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മയുടെ കണ്ണുകളിലെ കണ്ണുനീരിലും പ്രത്യാശയുടെ കിരണങ്ങൾ ഞാൻ കണ്ടിരുന്നു. ബിഎസ്സി നേഴ്സിംഗ് പ്രൊഫഷണൽ കോഴ്സ് ൻറെ  OBG  ക്ലാസ്സ്‌ വേണ്ടിവന്നു അമ്മേ  അമ്മയുടെ  മഹത്വം തിരിച്ചറിയാൻ. ഒരു പക്ഷെ, അതിനുവേണ്ടി ദൈവം അനുവദിച്ചതാകാം  നേഴ്സിംഗ് പഠനം. അല്ലാതെ ഡിഗ്രി കഴിഞ്ഞു ഇതിലേക്ക് വരേണ്ട കാര്യമില്ലെന്നു ഞാനറിയുന്നു.

ഒരു സ്ത്രീയുടെ പ്രസവം പഠനത്തിൻറെ ഭാഗമായി നേരിൽ കണ്ടപ്പോൾ അമ്മേ, ഞാൻ ശരിക്കും അമ്മയെ ഓർത്തു. അമ്മയുടെ വേദനയെയും. അല്ല, ദൈവം അതിനു എന്നെ അനുവദിച്ചു. ആ നിമിഷം മുതൽ എനിക്ക് ഉണ്ടായിരുന്ന ദേഷ്യമെല്ലാം മാറിപ്പോയി. പകരം  ദൈവം  ഉള്ളിൽ സ്നേഹം നിറച്ചുനൽകി. അങ്ങനെ  പതിയെ പതിയെ  ഹൃദയപൂർവം സ്നേഹിക്കാൻ തുടങ്ങി.

അമ്മയുടെ ഉപദേശം 

അങ്ങെനിക്ക് നൽകിയ ഉപദേശം ഇന്നും എൻറെ കാതുകളിൽ മുഴങ്ങുന്നു.”ഇഷ്ടമുള്ള ഈശോയുടെ മുഖം മനസ്സിൽ കൊണ്ടുനടന്നാൽ, ആ ഈശോ കൂടെവരുമെന്നും എപ്പോഴും കൂടെ ഉണ്ടാവുമെന്നും.”

ഇണങ്ങിയും പിണങ്ങിയും ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ എനിക്ക് ജീവിതം തെരഞ്ഞെടുത്തുതരാനും അമ്മ ശ്രദ്ധിച്ചു. പക്ഷെ, അമ്മേ അമ്മയെ തനിച്ചാക്കി  ശരിക്കും ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ആദ്യമായി ദൈവത്തോട് അതേപ്പറ്റി “എന്നെ നീ ആണ്കുട്ടിയായി സൃഷ്ടിക്കാത്തതെന്തേ”എന്ന് പരിഭവം പറഞ്ഞ നാളുകൾ. പിന്നീടുള്ള ജീവിതം ഒരുപാട് വേദനകൾ വെച്ചുനീട്ടിയപ്പോൾ, അമ്മയോട് പറയാതെ, മരിക്കാൻ തീരുമാനമെടുത്ത്, ഹൃദയം വേദനിച്ചു നടക്കുമ്പോൾ, അമ്മേ അങ്ങ്  പ്രാർത്ഥിച്ചു. എന്നിലെ വേദന മനസ്സിലാക്കിയതും വീണ്ടും കരുതലും സ്നേഹവും തന്ന കൂടെ കൂട്ടിയതും എന്നിലെ ‘തനിച്ചാകല്‍’ മാറാൻ കാരണമായി. പിന്നീടിങ്ങോട്ട് എൻറെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളായി സ്വീകരിച്ചു ആവോളം സ്നേഹം തന്നു ചേർത്ത് പിടിച്ചു കൂടെ നടക്കുന്നു. അമ്മയുടെ “പൊസ്സസ്സീവ് ലവ്” കാണുമ്പോൾ അമ്മയും ഞാനും മാത്രമേയുള്ളോ ഈ ലോകത്തിൽ ഇങ്ങനെ എന്ന് ഉള്ളിൽ തോന്നാറുണ്ട്.

അമ്മേ, ഞാനറിഞ്ഞിരുന്നില്ലഅമ്മയിലെ വേദനകൾ ഇത്രത്തോളം വലുതാണെന്ന്. ഇന്നിപ്പോൾ ഞാനൊന്നു തിരിഞ്ഞുനോക്കുമ്പോൾ അമ്മയുടെ അപ്പോഴത്തെ വേദനയുടെ ആഴവും വ്യാപ്തിയും എനിക്ക് മനസ്സിലാകുന്നുണ്ട്. ഒരായിരം തവണ മാപ്പ് അമ്മേ അമ്മയോടും ദൈവത്തോടും ചോദിച്ചുകഴിഞ്ഞു. അതുകൊണ്ടാവാം ദൈവം ഇപ്പോഴും എല്ലാമറിഞ്ഞു  നന്നായി സ്നേഹിക്കാൻ വേണ്ടി വീണ്ടും വീണ്ടും അവസരം നൽകുന്നത്.

അമ്മയ്ക്ക് ഒരു സമ്മാനം  

അമ്മേ, ഈ ജന്മദിനത്തിൽ അമ്മയ്ക്ക് തരാൻ പറ്റുന്ന ഏറ്റവും നല്ല സമ്മാനമാണ് ഈ കുറിപ്പ്. അതേ, അമ്മ പറയാതെ എല്ലാം ഞാൻ മനസ്സിലാക്കിയിരിക്കുന്നു  എന്നതിന് തെളിവ്. സ്വന്തമെന്നു അവകാശപ്പെടാൻ ആരുമില്ലാത്തവർക്ക് ദൈവം സ്വന്തമായിട്ടുണ്ട് എന്നതിൽ നമുക്ക് രണ്ടുപേർക്കും അഭിമാനിക്കാം. വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളും ദിവസങ്ങൾ മാത്രം ഒരുമിച്ചുണ്ടാവുന്നതും ഒഴികെ നമ്മൾ ഇന്നേവരെ ഒരുമിച്ചു ജീവിച്ചിട്ടില്ല എന്നതിലും സന്തോഷിക്കാം. കാരണം സ്വർഗ്ഗത്തിൽ നമ്മൾ രണ്ടുപേരും ഒരുമിച്ചുണ്ടാവാൻ തീർച്ചയായും ദൈവം അനുവദിക്കും. എന്നാലും എന്റെയുള്ളിൽ സ്വാർത്ഥത നിറഞ്ഞ ഒരു പ്രാർത്ഥന ബാക്കി നിൽക്കുന്നു. “എന്നെ  തനിച്ചാക്കി അമ്മയെയോ, അമ്മയെ തനിച്ചാക്കി എന്നെയോ കൊണ്ടുപോകാതെ രണ്ടുപേരും ഒരുമിച്ചു നിൻറെ അടുത്തേയ്ക്കു വരാൻ നീ അനുവദിക്കണമേ ദൈവമേ ” എന്നത്.

എന്റെ ജീവിതത്തിലെ ഒരേട് ആണിത്, അമ്മയുടെയും. കാണപ്പെടുന്ന ദൈവമാണ് നമ്മുടെ അമ്മ. അമ്മയെ സ്നേഹിക്കാം ജീവനുതുല്യം. നമ്മുടെ സ്നേഹത്തിനു മാത്രമേ അവരെ സന്തോഷിപ്പിക്കാനും അവരിലെ കുറവുകൾ നികത്താനും സാധിക്കൂ. കാരണം സ്‌നേഹിക്കുമ്പോൾ ആരും കുറവുകൾ കാണാറില്ലല്ലോ.

ബിൻസി അമല, തിരുവനന്തപുരം. 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.