വിശുദ്ധരാകാന്‍ ശ്രമിക്കുക – കാരണം അവര്‍ സന്തോഷവാന്‍മാരാണ്

സ്വീഡന്‍: വിശുദ്ധര്‍ ഓരോരുത്തരും അവരില്‍ നിറഞ്ഞ ഗുണ ഗണങ്ങളില്‍ വ്യത്യസ്തരായിരിക്കും. എങ്കിലും അവരെ ഏകീകരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്; അവര്‍ എല്ലാവരും സന്തോഷവാന്‍മാരായിരിക്കും. സ്വീഡനില്‍ നടന്ന സെയിന്റ്‌സ് ഡേയില്‍ ഫ്രാന്‍സിസ് പാപ്പ അനുയായികളോട് പങ്കുവച്ചതാണ് ഈ കാര്യം. ”ഒരു കാര്യത്തില്‍ നമ്മുടെ വിശുദ്ധര്‍ ഒരു പോലെയാണ്; അതായത് അവരെല്ലാം സന്തോഷവാന്‍മാരാണ്.” നവംബര്‍ ഒന്നിനാണ് സ്വീഡനില്‍ വിശുദ്ധരുടെ ദിനാഘോഷം നടന്നത്. അദ്ദേഹം തുടര്‍ന്നു; ‘വിശുദ്ധരില്‍ ആ അഭൗമമായ സന്തോഷം അവരുടെ ആത്മാവില്‍ നിറഞ്ഞിരിക്കുന്നു. ദൈവസ്‌നേഹത്തില്‍ നിന്നാണ് അവരില്‍ ഈ സന്തോഷം വന്നു ചേരുന്നത്; അതുകൊണ്ട് തന്നെയാണ് നമ്മള്‍ ഈ വിശുദ്ധരെ അനുഗ്രഹിക്കപ്പെട്ടവരായി കാണുന്നത്.”

”ഈ പരമാനന്ദം ജീവിത വഴിയില്‍ നിറക്കാനാണ് നാമോരോരുത്തരേയും ദൈവം പഠിപ്പിക്കുന്നത്. അതിനായ് ആ കാലടികള്‍ നമ്മള്‍ പിന്‍തുടരേണ്ടതുണ്ട്.” ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. വിശുദ്ധിയുടെ ആഘോഷം എന്നാണ് വിശുദ്ധരുടെ ദിനാഘോഷങ്ങളെ പാപ്പ വിശേഷിപ്പിച്ചത്. ഈ വിശുദ്ധി ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും അധിഷ്ഠിതമാണ്. മക്കള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ചെയ്യുന്ന ത്യാഗങ്ങളെയാണ് ഉദാഹരണമായി പാപ്പ ചൂണ്ടിക്കാണിച്ചത്. ഹൃദയത്തിലെ സൗമ്യത വഴിയാണ് എല്ലാ വിശുദ്ധരും വിശുദ്ധിയുടെ പടവുകള്‍ കയറുന്നത്. ക്രിസ്ത്യാനികള്‍ എന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങളും ഓരോരുത്തരും നിറവേറ്റേണ്ടതാണ്.

ക്രിസ്തുവിന് വേണ്ടി ജീവിക്കാനും മറ്റ് സഭാംഗങ്ങളെ സഹോദരീസഹോദരന്‍മാരായി കണ്ട് ഐകത്തോടെ ജീവിക്കാനും പാപ്പ ജനങ്ങളെ ആഹ്വാനം ചെയ്തു. പ്രൊട്ടസ്റ്റന്റ് സഭ രൂപീകരണത്തിന്റെ അഞ്ഞൂറാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്വീഡനിലെ മാല്‍ മോ എന്ന സ്ഥലത്തെ സ്വെഡ് ബാങ്ക് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 31, നവംബര്‍ 1 ദിനങ്ങളില്‍ ആണ് ചടങ്ങ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.