ഇതു മാർപാപ്പയുടെ ചുംബനം…

മരണാസന്നയായ പത്തു വയസ്സുകാരിക്കു ഫ്രാൻസീസ് പാപ്പ അയച്ച കത്ത്

ഇറ്റലിയിലെ കിഴക്കുപടിഞ്ഞാറൻ പ്രവശ്യയായ താരന്തൊയിലെ ഒരു ഗ്രാമമായ മാസ്സാഫ്രായിൽ നവംബർ ഇരുപത്തിമൂന്നാം തീയതി, മാരക രോഗം ബാധിച്ചു മരണമടഞ്ഞ പൗലീന എന്ന പത്തു വയസ്സുകാരിയുടെ മൃതസംസ്കാര ശുശ്രൂഷയായിരുന്നു. നൂറു കണക്കിനാളുകൾ നിറമിഴികളോടെ അതിൽ പങ്കു ചേർന്നു പറന്നകന്ന കുഞ്ഞു മാലാഖയ്ക്കു വേണ്ടി പ്രാർത്ഥിക്കുവാൻ. വിശുദ്ധ ലിയോപോൾഡ് മാൻഡികിന്റെ നാമത്തിലുള്ള ദൈവാലയത്തിൽ, ഇടവക വികാരി ഡോൺ മിഖയേലെ ക്വരാന്തയാണ് കുഞ്ഞു പൗലീനായ്ക്കു വേണ്ടി ബലിയർപ്പിച്ചു ചരമ സന്ദേശം നൽകിയത്. ചരമ പ്രഭാഷണ മധ്യേ ഡോൺ മിഖായേലെ പരിശുദ്ധ പിതാവു ഫ്രാൻസീസ് പാപ്പ പൗലീനായ്ക്കു എഴുതിയ ഒരു കത്തു വായിച്ചു. തന്റെ മകളുടെ രോഗാവസ്ഥയിൽ പാപ്പയുടെ അനുഗ്രഹം യാചിച്ചു കൊണ്ട് പൗലീനായുടെ അമ്മ എഴുതിയ കത്തിനുള്ള മറുപടി ആയിരുന്ന അത്. പാപ്പ പൗലീനായെ ഒക്ടോബറിൽ വത്തിക്കാനിലേക്കു ക്ഷണിച്ചുവെങ്കിലും രോഗകാഠിന്യം നിമിത്തം യാത്ര അസാധ്യമായിരുന്നു.

കത്തിന്റെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.

ഏറ്റവും പ്രിയപ്പെട്ട പൗലീനാ,

നിന്റെ ഫോട്ടോകൾ എന്റെ മേശപ്പുറത്തുണ്ട്, നിന്റെ സൂക്ഷ്മ നോട്ടത്തിൽ നിഷ്കളങ്കതയുടെയും നന്മയുടെയുടെയും പ്രകാശം ഞാൻ കാണുന്നു. അവ എനിക്കയച്ചു തന്നതിനു നന്ദി. നിന്റെ അമ്മയോടൊപ്പം ഈ കത്തു വായിക്കുക, നിന്റെ അമ്മ അപ്പോൾ നൽകുന്ന ചുംബനം മാർപാപ്പയുടെ ചുംബനമാണ്.

എന്റെ കരങ്ങൾ നിന്നോടും, നിനക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരോടും ചേർന്ന് ഞാനും കൂപ്പുന്നു. ഇതുവഴി നമ്മൾ സ്വർഗ്ഗം വരെ എത്തിച്ചേരുന്ന പ്രാർത്ഥനയുടെ വലിയൊരു ചങ്ങല സൃഷ്ടിക്കുമെന്നു എനിക്കു തീർച്ചയുണ്ട്. പക്ഷേ ഈ ചങ്ങലയുടെ ആദ്യ കണ്ണി നീ ആണന്നു ഓർക്കണം കാരണം ഈശോ നിന്റെ ഹൃദയത്തിലുണ്ട്! ഇതു ഓർമ്മിക്കണം! അവനോടു സംസാരിക്കണം, അവനോടു നിന്നെക്കുറിച്ചു പറയണം, അതു പോലെ ബുദ്ധിമുട്ടുള്ള ഈ കാലയളവിൽ സഹായവും സമശ്വാസവും ആവശ്യമുള്ള നിന്റെ മമ്മിയെക്കുറിച്ചും ഡാഡിയെക്കുറിച്ചും നീ അവനോടു പറയണം. അവർക്കു വേണ്ടി എന്തു ചെയ്യണമെന്നു ഈശോയോടു നിർദേശിക്കാൻ നിനക്കു നല്ല അവസരം ലഭിച്ചിരിക്കുന്നു. ദയവായി ഓർമ്മിക്കുക: അവൻ നിനക്കു വേണ്ടി എന്തു ചെയ്യണമെന്ന് ഞാൻ അവനെ ഓർമ്മിപ്പിക്കുമ്പോൾ, എന്താണ് അവൻ എനിക്കുവേണ്ടി ചെയ്തതെന്നും അവനോടു പറയുക.

വലിയ വലിയ ഒരു ആലിംഗനം ഞാൻ നിനക്കു നൽകുകയും, എന്റെ പൂർണ്ണ ഹൃദയത്തോടെ, നിന്റെ മാതാപിതാക്കളോടും സ്നേഹിക്കുന്നവരോടുമൊപ്പം നിന്നെ ഞാൻ അനുഗ്രഹിക്കുന്നു.

ഫ്രാൻസീസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.