നവംബര്‍ 9: യോഹ. 2:13-22 ദേവാലയം 

പരിശുദ്ധ സിംഹാസനത്തോടുള്ള ബഹുമാനാര്‍ത്ഥം കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തി പണി കഴിപ്പിച്ച ലാറ്ററന്‍ ബസിലിക്കായുടെ സമര്‍പ്പണത്തിന്റെ അനുസ്മരണമാണിന്ന്. ദൈവത്തിന്റെ ആലയം അതിക്രമത്തിന്റെയും വിപണിമേളകളുടെയും ഇടമാക്കുന്നത് മനസ്സില്‍ ഇരുട്ട് കയറിയതുകൊണ്ടാണ്. പാവപ്പെട്ടവനെ മറന്നിട്ട് പണിതുയര്‍ത്തുന്ന പള്ളികള്‍ കൊണ്ട് ലക്ഷ്യമിടുന്നതും കച്ചവടമാണ്. നൊമ്പരപ്പെടുന്ന മനസ്സിനെ സ്വാധീനിച്ച് പാട്ടിലാക്കാന്‍ നൂതന ഭക്തിസമ്പ്രദായങ്ങളുമായി ചാടിപ്പുറപ്പെടുന്നവര്‍ ആര്‍ക്കും ആശ്വാസത്തിന്റെ വഴി ഒരുക്കുന്നില്ല. ചെലവേറിയ പള്ളികള്‍ പണിയുമ്പോള്‍, അടച്ചുറപ്പില്ലാത്ത വീടുകളുടെ കാര്യം വിസ്മരിക്കരുത്. മനുഷ്യന്റെ സങ്കടത്തെയും ബലഹീനതയെയും ചൂഷണം ചെയ്യുന്ന അടയാളങ്ങളാകരുത് ദേവാലയങ്ങള്‍, മറിച്ച്, സാന്ത്വനവും സാഹോദര്യവും സമഭാവനയും പിറക്കുന്ന ഈറ്റില്ലമാകണം ദേവാലയങ്ങള്‍.

നമുക്ക് ദേവാലയങ്ങളിലേക്ക് പോകാം; ഒരുമിച്ചിരിക്കാന്‍, സ്‌നേഹിക്കാന്‍, സന്തോഷിക്കാന്‍. എന്നിട്ട് ഭവനങ്ങളിലേക്ക് നടക്കാം. അവിടെയും ശുദ്ധിയുള്ള ദേവാലയമാക്കാന്‍. ഇനി മുതല്‍ ദേവാലയത്തിലെ അനുഷ്ഠാനങ്ങളും ഭവനത്തിലെ ജീവിതവും കണ്ട് ദൈവത്തിന്റെ മിഴികള്‍ നനയാതിരിക്കട്ടെ.

ഫാ. ജോയി. ജെ. കപ്പൂച്ചിന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.