വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് വിശുദ്ധ മർക്കോസിന്‍റെ ദേവാലയത്തിൽ പ്രതിഷ്ടിക്കും

ചിക്കാഗോയിലെ അതിരൂപതയിലെ വിശുദ്ധ മർക്കോസിന്‍റെ ദേവാലയത്തിൽ വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് സ്വീകരിക്കും. സെപ്തംബർ 5 നാണ് ദേവാലയത്തിൽ തിരുശേഷിപ്പിന്‍റെ പ്രതിഷ്ഠ കര്‍മ്മം നടക്കുക. മദർ തെരേസയുടെ തലമുടി ഉൾക്കൊള്ളുന്ന തിരുശേഷിപ്പ് ആണ് അത്. 

സെപ്റ്റംബർ 5 ന് ചൊവ്വാഴ്ച രാത്രി 7 മണിക്ക് ഇടവക പള്ളിയിൽ മദര്‍ തെരേസയുടെ വിശുദ്ധ പദവിയുടെ ഒന്നാം വാർഷികം ആഘോഷിക്കും. ചടങ്ങിൽ മിഷനറി ഓഫ് ചാരിറ്റി സഹോദരിമാർ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ തീര്‍ഥാടകര്‍ക്കു തിരുശേഷിപ്പ് കണ്ടു വണങ്ങുന്നതിനുള്ള സൗകര്യം ഒരുക്കും. മദർ തെരേസയുടെ തിരുശേഷിപ്പുള്ള ചിക്കാഗോ രൂപതയിലെ ഏക ദേവാലയമാണ് സെന്റ് മാർക്ക്.

ലോകത്തെ മുഴുവന്‍ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ മദര്‍ തെരേസയുടെ തിരുശേഷിപ്പ് അനേകര്‍ക്ക്‌ ദൈവത്തിലേക്ക് നടന്നടുക്കുവാന്‍ പ്രചോദനം ആകുമെന്ന് ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ പാദ്രെ പീയോയുടെ തിരുശേഷിപ്പും ഈ ദേവാലയത്തില്‍ വണക്കത്തിനായി പ്രതിഷ്ടിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.