ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ഗ്രോട്ടോ

ഈയോവയിലെ പരിസരവാസികൾ “ലോകത്തിലെ എട്ടാമത്തെ അത്ഭുതം” എന്നാണ് ഇതിനെ വിളിക്കുക. നാല്പതടി ഉയരത്തിൽ ശിരസ്സുയർത്തി നിൽക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള രക്ഷയുടെ ഈ ഗ്രോട്ടോ ( Shrine of the Grotto of the Redemption) മനോഹരമായ ഒരു ദൃശ്യവിസ്മയമാണ്.

ആമൂല്യമായ രത്നക്കല്ലുകളും, മുത്തുകളും, ധാതു ലവണങ്ങൾ, ഫോസിലുകൾ ശംഖുകൾ, കക്കകൾ എന്നിവ കൊണ്ടാണ് വർഷവും ലക്ഷക്കണക്കിനു വിശ്വാസികൾ സന്ദർശിക്കുന്ന ഈ ദൈവാലയം നിർമ്മിച്ചിരിക്കുന്നത്.

ജർമ്മനിയിൽ നിന്നു അമേരിക്കയിലേക്കു കൂടിയേറിയ പോൾ മത്തിയാസ് ഡോബർസ്റ്റയിൻ (Paul Matthias Dobberstein) എന്ന ഒരു വൈദീക വിദ്യാർത്ഥിയാണ് ഈ ഗ്രോട്ടോയുടെ സാരഥി. വൈദിക പരിശീലനത്തിനായിരിക്കവേ ഒരിക്കൽ ഡോബർസ്റ്റയിനു കലശലായ ന്യൂമോണിയ ബാധിച്ചു, മരണ വക്കോളമെത്തി. ആരോഗ്യം വീണ്ടെടുക്കുന്നതിനായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം തേടി. ജീവൻ തിരിച്ചു കിട്ടിയാൽ നന്ദി സൂചകമായി പരിശുദ്ധ മറിയത്തിന്റെ ബഹുമാനാർത്ഥം ഒരു ചാപ്പൽ പണിതേക്കാം എന്നു വാഗ്ദാനം ചെയ്തു. ദൈവം മത്തിയാസിന്റെ പ്രാർത്ഥനകേട്ടു. രോഗവിമുക്തനായ അവൻ വൈദിക പഠനം തുടർന്നു. 1897 ൽ പുരോഹിതനായി അഭിഷിക്തനായി .തൊട്ടടുത്ത വർഷം തന്നെ ഈയോവയിലെ വെസ്റ്റ് ബെൻഡിലെ കത്തോലിക്കാ പള്ളിയിൽ വികാരിയായി അദ്ദേഹം നിയമിതനായി. മത്തിയാസ് ഡോബർസ്റ്റയിൻ അച്ചൻ തന്റെ വാഗ്ദാനം പൂർത്തീകരിക്കാൻ അന്നു മുതൽ ശ്രമം ആരംഭിച്ചു. ഏകദേശം ഒരു ദശകക്കാലം ഗ്രോട്ടോ പണിയാനുള്ള അമൂല്യമായ കല്ലുകളും മുത്തുകളും മത്തിയാസച്ചൻ ശേഖരിച്ചു.

ഈയാവോയിൽ പ്രകൃതിദത്തമായ കല്ലുകൾ കുറവായിരുന്നതിനാൽ നൂറുകണക്കിനു മൈലുകൾക്കപ്പുറമുള്ള സ്ഥലങ്ങളിൽ നിന്നാണ് ഗ്രോട്ടോ നിർമ്മാണത്തിനാവശ്യമായ കല്ലുകൾ ശേഖരിച്ചത്.

ഗോപുരങ്ങളും ആർച്ചുകളും, സ്റ്റയർകെയിസുകളും, പ്രാർത്ഥനാമുറികളും എല്ലാം വ്യത്യസ്തമായ ഫോസിലുകൾ, മുത്തുകൾ, പവിഴം എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

1912 ലാണ് ഗ്രോട്ടോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് 1954 ൽ ഫാ: ഡോബെയർസ്റ്റെയിൻ മരിക്കുന്നതു വരെ 42 വർഷത്തോളം ഈ ഗ്രോട്ടോയുടെ പരിഷ്ക്കരണത്തിനു വേണ്ടി അദ്ദേഹം അധ്വാനിച്ചു.

പരിശുദ്ധ ത്രിത്വം, ഏദൻ തോട്ടം, പത്തു കല്പനകൾ, യേശു ജനിച്ച സ്ഥലം, വളർന്ന വീട് , ഗിരിപ്രഭാഷണം, ഗദ് സൈമൻ തോട്ടം, കുരിശിന്റെ വഴി തുടങ്ങി നിരവധി ചിത്രീകരണങ്ങൾ ഈ ഗ്രോട്ടോയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.