ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം

ലോകത്തിലെ ഏറ്റവും വലിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് യുറോപ്പിലോ, വടക്കേ അമേരിക്കയിലോ, ലാറ്റിനമേരിക്കയിലോ അല്ല, അത് ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലാണ്.  ഐവറി കോസ്റ്റ് എന്ന പശ്ചിമ ആഫ്രിക്കയിലെ ഒരു ചെറിയ രാജ്യമാണ് ആ ബഹുമതിക്കു അർഹർ

ഐവറി കോസ്റ്റിന്റെ തലസ്ഥാന നഗരിയായ യാമോസോക്രോയിൽ (Yamoussoukro) സ്ഥിതി ചെയ്യുന്ന സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള  ബസലിക്കയാണ് ( Basilica of Our Lady of Peace)  ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ദൈവാലയം.

 എകദേശം രണ്ടരക്കോടി ജനങ്ങുള്ള ഈ രാജ്യത്തിൽ മൂന്നിലൊരു ഭാഗം ജനങ്ങൾ ക്രിസ്തുമത വിശ്വാസികളാണ്, അവരിൽ ഭൂരിഭാഗം പേരും കത്തോലിക്കരാണ്. 1985 ആഗസ്റ്റ് പത്തിനാണ് ദൈവാലയത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചത്. 1990 സെപ്റ്റംബർ മാസം പത്താം തീയതി ഐവറി കോസ്റ്റ് സന്ദർശനവേളയിൽ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ഈ ദൈവാലയം കൂദാശ ചെയ്തത്. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയാണ് ഈ ദൈവാലയ നിർമ്മതിക്കുള്ള പ്രേരണ. 300 മില്യൺ അമേരിക്കൻ ഡോളറാണ് ദൈവാലയ നിർമ്മാണ ചെലവ്.  ഫ്രാൻസിലെ പ്രമുഖ നിർമാണ കമ്പനിയായ ദൂമെസ് (Dumez ) ആണ് ദൈവാലയം നിർമ്മിച്ചത്.

മുപ്പതിനായിരം സ്വകയർ മീറ്റർ ചുറ്റളവിലാണ് ദൈവാലയം സ്ഥിതി ചെയ്യുന്നത്, ഇരുപത്തിയൊരായിരം സ്വകയർ മീറ്റർ വിസ്തൃതിയുള്ള വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയാണ് വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്ത്.  518 അടി (158 മീറ്റർ) ഉയരമുള്ള മാതാവിന്റെ ഈ ബസലിക്കാ തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കത്തോലിക്കാ ദൈവാലയവും.
വിസ്തൃതിയിൽ വിശുദ്ധ പത്രോസിന്റ ബസിലിക്കായെ പിന്നിലാക്കുമെങ്കിലും പതിനെണ്ണായിരം ആളുകളെ മാത്രമേ ഈ ദൈവാലയം ഉൾകൊള്ളുകയുള്ളു. വിശുദ്ധ പത്രോസിന്റെ ദൈവാലയം അറുപതിനായിരം വിശ്വാസികളെ ഉൾകൊള്ളും.

1960 മുതൽ 1993 വരെ ഐവറി കോസ്റ്റ് പ്രസിഡന്റായിരുന്ന ഫെലിക്സ്  ഹാഫൗവറ്റ്‌ ബണി (Félix Houphouët-Boigny) ഈ ദൈവാലയ നിർമ്മതിക്ക് ചുക്കാൻ പിടിച്ചത്. തന്റെ ജന്മനാടായ യാമോസോക്രോയിൽ ഒരു വലിയ ദൈവാലയം പണിയുക എന്നത് ഫെലിക്സിന്റെ ജീവിതാഭിലാഷമായിരുന്നു.  ദരിദ്ര രാജ്യത്ത് ആഢംബര പള്ളി നിർമ്മിച്ചതിൽ ഫെലിക്‌സ് ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങി. ബസിലിക്കാ നിർമാണം രാജ്യത്തിന്റെ കടക്കെണി ഇരട്ടിപ്പിച്ചു.  വലിയ ആത്യാഡംബരപൂർവ്വം പണിത ഈദൈവാലയം കൂദാശ ചെയ്യാൻ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആദ്യം വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. ബസലിക്കയോടു ചേർന്ന് ഒരു പുതിയ ആശുപത്രി പണിയാമെന്നു ഭരണകുടം ഉറപ്പു നൽകിയ ശേഷമാണ്  പാപ്പ ദൈവാലയം വെഞ്ചരിച്ചത്. ഇത്ര വലിയ ദൈവാലയമാണങ്കിലും ഈ ബസലിക്കാ ഒരു കത്തീഡ്രൽ പള്ളിയല്ല. വിശുദ്ധ ആഗസ്തിനോസിന്റെ നാമത്തിലുള്ള ദൈവാലയമാണ് യാമോസോക്രോ രൂപതയുടെ കത്തീഡ്രൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.