മദർ തെരേസയെ ആദ്യം ലോകത്തിനു പരിചയപ്പെടുത്തിയ മാധ്യമപ്രവർത്തകൻ

അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ടര്‍ സ്ഥാനത്തു നിന്ന് വിരമിച്ച ജോ മക്‌ഗൊവാന്‍ എന്ന അമേരിക്കന്‍ റിപ്പോര്‍ട്ടറാണ് കല്‍ക്കട്ടയിലെ വി. മദര്‍ തെരേസയുടെ ശുശ്രൂഷകളെക്കുറിച്ച് ലോകത്തിന് മനസിലാക്കി കൊടുത്തത്.

1966-ല്‍ തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയപ്പോഴത്തെ ഓര്‍മ്മകള്‍ 85-കാരനായ മക്‌ഗോവന്‍ പങ്കുവയ്ക്കുന്നത് ഇങ്ങനെ: “ശരിക്കും, മദര്‍ വിശുദ്ധയാവാന്‍ യോഗ്യയായിരുന്നു. എന്റെ നോട്ടത്തില്‍ ജീവിതകാലം മുഴുവന്‍ അവര്‍ ഒരു വിശുദ്ധയായിരുന്നു. എളിമയുടെയും ശാന്തതയുടെയും പ്രതീകമായിരുന്നു മദര്‍.

ശ്രദ്ധിക്കപ്പെടുന്ന ഒരു സ്റ്റോറിയ്ക്കുള്ള വിഷയം അന്വേഷിച്ച് നടക്കുന്ന സമയത്താണ് തെരുവില്‍ മരണാസന്നരായവരെ അന്വേഷിച്ചു കണ്ടെത്തി ശുശ്രൂഷിക്കുന്ന ഒരു കന്യാസ്ത്രീയെക്കുറിച്ച് അറിയാനിടയായത്. പിന്നീട് മദറിനെ കണ്ടുപിടിച്ച് രണ്ടു ദിവസം മുഴുവന്‍ അവരുടെ ശുശ്രൂഷകളെ കണ്ടു മനസിലാക്കി. ഇന്ത്യയിലെ ദരിദ്രവിഭാഗങ്ങളില്‍പെട്ട സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള തുണി കൊണ്ടുള്ള സാരിയായിരുന്നു അവരുടെ വേഷം. യാതൊരു വച്ചുകെട്ടലുകളുമില്ലാത്ത തുറന്ന മനോഭാവമുള്ളൊരു സ്ത്രീ.

ആശുപത്രികളിൽ അന്ന് ആവശ്യത്തിന് കിടക്കകൾ ഉണ്ടായിരുന്നില്ല. രോഗം കുറയുമ്പോൾ വീട്ടിലേയ്ക്ക് മടങ്ങണം. വീട്ടിൽ നിന്ന് ആരും എത്തിയില്ലെങ്കിൽ രോഗികളെ പെരുവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. തെരുവിൽ കിടന്ന് രോഗം മൂർച്ഛിച്ച് അവർ മരിക്കും. 1952-ൽ മുതലാണ് മദറും സഹപ്രവർത്തകരും ചേർന്ന് തെരുവിൽ കഴിയുന്ന അവശരെ കണ്ടെത്തി പുനരധിവസിപ്പിക്കാൻ തുടങ്ങിയത്. ഒരു ഹിന്ദുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിലാണ് മദർ അവരെ താമസിപ്പിച്ചിരുന്നത്.

മദറിന്റെ ശുശ്രൂഷയിൽ പലരുടേയും രോഗവും അവശതയും മാറുകയുണ്ടായി. ഒരു ഹിന്ദുവായ എനിക്കുപോലും അവരെക്കുറിച്ച് ഇത്രയധികം മതിപ്പ് തോന്നണമെങ്കിൽ എത്രമാത്രം ത്യാഗപൂര്‍ണ്ണമായിരുന്നിരിക്കണം മദറിന്റെ ജീവിതവും പ്രവർത്തനങ്ങളും. 1989-ൽ മദർ ഡെൻവർ സന്ദർശിച്ചപ്പോൾ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി . അന്ന് മദർ എനിക്ക് സ്വന്തം കൈപ്പടയിൽ എഴുതിനല്‍കിയ സന്ദേശം ഇങ്ങനെയായിരുന്നു: “ദൈവം നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ മറ്റുള്ളവരെയും സ്നേഹിക്കുവിൻ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.