കുഞ്ഞുങ്ങളെ ദൈവ വിശ്വാസത്തിൽ വളർത്താൻ ലളിതമായ പത്തു വഴികൾ

ജർമ്മൻ സാഹിത്യ കുലപതിയായ യോഹൻ വോൾഫ് ഗാങ്ങ് ഫോൺ ഗൊയ്ഥേ (Johann Wolfgang von Goethe ) ഇപ്രകാരം പറയുന്നു: “കുട്ടികൾ തങ്ങളുടെ മാതാപിതാക്കളിൽ നിന്ന് രണ്ടു കാര്യങ്ങൾ സ്വീകരിക്കണം: വേരുകളും ചിറകുകളും.” മാതാപിതാക്കൾക്ക് ഇവ രണ്ടു തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകാൻ സവിശേഷമായ കടമയുണ്ട്. ക്രിസ്തീയ ആത്മീയ പാരമ്പര്യമനുസരിച്ച് ദൈവത്തോടുള്ള സഹവാസമാണ് മനുഷ്യനു മഹത്വം കൊണ്ടുവരുന്നത്. അത് ശൈശവത്തിലെ ആരംഭിക്കണം. കുഞ്ഞുങ്ങളെ ദൈവത്തിലേക്കടുപ്പിക്കാൻ ലളിതമായ പത്തു വഴികളാണ് ഇവിടെ ചേർക്കുക.

1. ഗർഭാവസ്ഥയിൽ  പ്രാർത്ഥിക്കുക

അമ്മയുടെ ഉദരത്തിലായിരിക്കുന്ന സമയത്തു തന്നെ കുഞ്ഞുങ്ങൾ നമ്മുടെ സ്വരം കേൾക്കുന്നു. അതിനാൽ ഗർഭാവസ്ഥയിൽ ശാന്തമായി പ്രാർത്ഥിക്കാൻ സമയം കണ്ടെത്തുക.

സ്വസ്ഥമായ, യാതൊരുവിധ അസ്വസ്ഥകളും തടസ്സം നിൽക്കാത്ത ശാന്ത സുന്ദരമായ ഒരു ഗാർഹിക അൾത്താരയിൽ പിറക്കാൻ പോകുന്ന കുഞ്ഞിനൊപ്പം മാതാപിതാക്കൾ പ്രാർത്ഥിക്കണം. ദിവസവും, പ്രഭാതത്തിലും പ്രദോഷത്തിലും അമ്മമാർ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ സ്പർശിച്ചുകൊണ്ടു പ്രാർത്ഥിക്കുമ്പോൾ വിശ്വാസത്തിന്റെ ചിറകുകൾക്ക് ജന്മമേകുകയാണു ചെയ്യുക.

2. കുഞ്ഞുങ്ങളെ വിശുദ്ധ കുർബാനയ്ക്കു കൊണ്ടു പോകുക

ചെറുപ്രായത്തിൽ കുഞ്ഞുങ്ങളെ ദൈവാലയത്തിൽ കൊണ്ടുപോകാതിരിക്കാനുള്ള കാരണങ്ങൾ നിരവധിയാണ്. കുട്ടികൾ കരയും, മറ്റുള്ളവർക്ക് അസ്വസ്ഥകൾ ഉണ്ടാക്കും, അവർക്കു അടങ്ങിയിരിക്കാൻ കഴിവില്ല തുടങ്ങി നിരവധി കാരണങ്ങൾ. പക്ഷേ അവനോ/ അവളോ ജനിക്കുന്നതിനു മുമ്പ് നീ ഞായറാഴ്‌ച ബലിയർപ്പണത്തിനു  ദൈവാലയത്തിൽ പോയിരുന്ന ആത്മീയ പതിവ് അതിനു ശേഷവും നിലനിർത്തണം. വിശുദ്ധ കുർബാനയിലെ ദൈവീക വരപ്രസാദം തീർച്ചയായും കുഞ്ഞുങ്ങളിലേക്കും പ്രവഹിക്കും. ഇളം പ്രായത്തിൽത്തന്നെ ദൈവത്തിനു വേണ്ടിയുള്ള ദാഹം ജനിപ്പിക്കാൻ  വിശുദ്ധ കുർബാനയ്ക്കു കഴിയും.

3. ഉറങ്ങുന്നതിനു മുമ്പ് കുഞ്ഞുങ്ങളോടൊപ്പം പ്രാർത്ഥിക്കുക

കുഞ്ഞുങ്ങളുടെ കിടക്കക്കരികിലോ പിള്ളതൊട്ടിയുടെ സമീപമോ ഇരുന്ന്  ഉറങ്ങുന്നതിനു മുമ്പ് അവരൊടൊപ്പം പ്രാർത്ഥിക്കുക. കൊച്ചു പ്രായത്തിൽ കുട്ടികൾക്കല്ലാം കൗതുകം ജനിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായിരിക്കും. നല്ല കാര്യങ്ങൾ ശീലിച്ചാൽ അവരതു തുടരും. ഈ അവസരം നല്ല രീതിയിൽ ഉപയോഗിക്കണം, എങ്ങനെയാണ് ഉറങ്ങാൻ പോകുന്നതിനു മുമ്പ് പ്രാർത്ഥിക്കേണ്ടതെന്ന് ഇളം പ്രായത്തിലെ അവരെ പഠിപ്പിക്കണം. ദൈവനാമകീർത്തനങ്ങളുള്ള താരാട്ടുപാടി അവരെ ഉറക്കണം. കുരിശടയാളം വരച്ച് ഉറങ്ങാൻ കുട്ടികളെ പരിശീലിപ്പിക്കണം. മാതാപിതാക്കൾ തങ്ങളുടെ മക്കളെ കുഞ്ഞുകൈകൊണ്ട് കുരിശു വരയ്ക്കാൻ പഠിപ്പിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പരിചയാൽ അവരെ സംരക്ഷിതരാക്കുകയാണു ചെയ്യുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പു പിതാവിന്റെയും കാവൽ മാലാഖമാരുടെയും സംരക്ഷണ തണലിൽ ഉറങ്ങാൻ മാതാപിതാക്കൾ കുഞ്ഞുങ്ങളെ പഠിപ്പിച്ചാൽ വിശുദ്ധിയുടെ കളിത്തൊഴരായി അവർ വളർന്നു വരും.

4. ഈശോയുടെയും മാതാവിന്റെയും ചിത്രങ്ങൾ അവർക്കു പരിചിതമാക്കുക

എല്ലാ കുടുംബത്തിലും ഒരു കൊച്ചു അൾത്താര ഉണ്ടായിരിക്കണം. ഈശോയുടെയും മാതാവിന്റെയും രൂപങ്ങളും ചിത്രങ്ങളും  വിശുദ്ധ ഗ്രന്ഥവും വിശുദ്ധമായി സൂക്ഷിക്കേണ്ട മനോഹരമായ ഒരിടം.  ആ അൾത്താരക്കു മുന്നിൽ കുട്ടികളെ കൊണ്ടുവന്ന് പ്രാർത്ഥിക്കാൻ പഠിപ്പിക്കണം. ഈശോക്കും  മാതാവിനും ഉമ്മ കൊടുക്കുന്ന ശീലം അവരെ പഠിപ്പിക്കുക. യാത്രകൾക്കു പോകും മുമ്പ് ഈശോക്കും മാതാവിനും യാത്ര പറയുവാനും സംരക്ഷണം യാചിക്കാനും മാതാപിതാക്കളും മക്കളും ഒന്നിച്ചു നിൽക്കുമ്പോൾ ദൈവാനുഗ്രഹത്തിന്റെ അദൃശ്യകരം അവരെ അനുഗമിക്കും.

5. ഈശോയും മാതാവുമായി ബന്ധപ്പെട്ട പുസ്തകങ്ങും സിനിമകളും അവരെ പരിചയപ്പെടുത്തുക

കുട്ടികൾക്ക് ഇഷ്ടമായ രീതിയിലുള്ള ബൈബിൾ സിനിമകളും കഥകളും ഇളം പ്രായത്തിലെ അവരെ കാണിക്കുക. ക്രിസ്തീയ ധാർമ്മിക മൂല്യങ്ങൾ ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന പുസ്തകങ്ങളും ചിത്രകഥകളും, സാരോപദേശ കഥകളും അവർക്കു വാങ്ങി നൽകുക. വിശുദ്ധരുടെ ജീവചരിത്രങ്ങൾ അവർക്കു പറഞ്ഞു കൊടുക്കുക. ഇളം പ്രായത്തിൽ ഹൃദ്യസ്ഥമാക്കുന്ന മത ധാർമ്മിക മൂല്യങ്ങൾ അവരുടെ ജീവിത വഴികളിൽ തീർച്ചയായും വഴി വിളക്കുകളായിരിക്കും.

6. ദൈവാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവരെ പങ്കുചേർക്കുക

കുട്ടികൾ ദൈവത്തിൽ നിന്നുള്ള ദാനമാണ്. മാതാപിതാക്കളുടെ സ്വത്തല്ല. അവർ മാതാപിതാക്കളുട മക്കളാകുന്നതിനു മുമ്പേ ദൈവത്തിന്റെ മക്കളാണ്. അതിനാൽ ദൈവീക കാര്യങ്ങളിൽ അവരെ വളർത്തുക എന്നത് മാതാപിതാക്കളുടെ പ്രഥമ കടമയാണ്. അതിനാൽ കുട്ടികളെ  ദൈവഭക്തിയിലും വിശുദ്ധിയിലും വളരാൻ സഹായകരമാകുന്ന ഭക്തസംഘടനകളിൽ  ചേർക്കുക. ഞായറാഴ്ചയിലുള്ള മതബോധന ക്ലാസ്സുകൾ മുടക്കം വരാതെ ശ്രദ്ധിക്കുക. അൾത്താര ബാലസംഖ്യം, തിരു ബാലസംഖ്യം,  സി. എൽ. സി., ചെറുപുഷ്പം മിഷൻ ലീഗ്,  കെ.സി. എസ്. എൽ. തുടങ്ങിയ  ഭക്തസംഘടനകൾ കുട്ടികൾക്ക് ആത്മീയമായി വളരാൻ സഹായകരമായ സംഘടനകളാണ്. പള്ളിയുമായി ബന്ധപ്പെട്ടു കുട്ടികൾ വളരുമ്പോഴാണ് നല്ല ദൈവവിളികൾ സഭയിൽ പിറവി കൊള്ളുന്നത്. ചെറുപ്രായത്തിലെത്തന്നെ ദൈവീക കാര്യങ്ങളിൽ  താൽപര്യപൂർവ്വം അവർ വളരട്ടെ.

7. സൗഭാഗ്യങ്ങൾ ഇല്ലാത്ത കുട്ടികൾ ഈ ലോകത്തുണ്ട് എന്ന സത്യം അവരെ കാണിച്ചു കൊടുക്കണം

സമൃദ്ധിയും സൗഭാഗ്യങ്ങളും മാത്രമല്ല ജീവിതം എന്ന് കുട്ടികളെ പഠിപ്പിക്കണം. ചെറുപ്പമായിരിക്കുമ്പോഴെ അവകാശങ്ങളും  സൗഭാഗ്യങ്ങളും നിഷേധിക്കപ്പെട്ട, ദുരിതമനുഭവിക്കുന്ന മറ്റു കുട്ടികളോട് കരുണയോടെ പ്രവർത്തിക്കാനും, പങ്കുവയ്ക്കുന്ന ശീലം കുട്ടികളിൽ വളർത്തുവാനും മാതാപിതാക്കൾ സവിശേഷമായ ശ്രദ്ധ ചെലുത്തണം. മതത്തിന്റെയോ വർഗ്ഗത്തിന്റെയോ നിറത്തിന്റെയോ പേരിൽ ആരെയും മാറ്റി നിർത്തരുത് എന്നു ഇളം ചെവികളിൽ ഓതി നൽകണം.
ജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങൾക്ക് ദൈവത്തോടു നന്ദി പറയുന്ന ശീലം അവരെ കൂടുതൽ ഉദാരമതികളാക്കും.

8. പ്രകൃതിയെ സ്നേഹിക്കാൻ അവരെ പഠിപ്പിക്കുക

ദൈവത്തിന്റെ സൃഷ്ടിയായ പ്രപഞ്ചത്തെ സ്നേഹിക്കാൻ കുട്ടികളെ ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കണം. ഒരു കൊച്ചു പുഷ്പം മതി ദൈവസാന്നിധ്യത്തെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കാൻ. പ്രകൃതിയിൽ നിന്നുള്ള ഉദാഹരണങ്ങൾ ഉപയോഗിച്ച് ദൈവസ്നേഹത്തെപ്പറ്റി കുട്ടികളോടു സംസാരിക്കുമ്പോൾ അതു മനസ്സിലാക്കാൻ അവർക്കെളുപ്പമാണ്. ആകാശത്തിലെ നക്ഷത്രങ്ങളെയും സമുദ്രത്തിലെ ജലകണങ്ങളെയും, ഭൂമിയിലെ മൺ തരികളെയും ബന്ധപ്പെടുത്തി ദൈവസ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും അവരെ പറഞ്ഞു മനസ്സിലാക്കുക.

9. നൽകുന്നതിലാണ് സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ സംതൃപ്തിയെന്ന് അവരെ പഠിപ്പിക്കുക

ക്രിസ്തുമസ് കാലമാണ് ഇതിനു പറ്റിയ നല്ല അവസരം. മൂന്നു രീതിയിൽ അതു പ്രവർത്തികമാക്കാം: ഒന്നാമതായി കളിക്കോപ്പുകളും, നല വസ്ത്രങ്ങളും ഇല്ലാത്ത ഒരു കുട്ടിക്കു കൂടി സമ്മാനം വാങ്ങി അതു അവരെ കൊണ്ടു കൊടുപ്പിക്കുക. രണ്ടാമതായി കൊച്ചു കൊച്ചു ആശയടക്കങ്ങളിലൂടെ ശേഖരിക്കുന്ന പൈസാ ഉപയോഗിച്ച് ദരിദ്രരെ സഹായിക്കാൻ അവരെ പ്രചോദിപ്പിക്കുക. മൂന്നാമതായി ഒരു അനാഥാലയത്തിൽ  കുട്ടകളുമായി പോയി ക്രിസ്തുമസ് ആഘോഷിക്കുക, അവരുടെ സന്തോഷത്തിൽ പങ്കുചേരുക. ഉദാരതയിൽ സമ്പന്നാണ് ദൈവമെന്നും, ദൈവത്തെ കണ്ടുമുട്ടാൻ കഴിയുന്ന ഏറ്റവും എളുപ്പമായ വഴിയാണ് ഇല്ലാത്തവരുമായുള്ള പങ്കുവയ്പലെന്നും കുട്ടികളെ പഠിപ്പിക്കുക.

10. ദൈവത്തോടു നന്ദി പറയാൻ കുട്ടികളെ പഠിപ്പിക്കുക

കൽക്കത്തയിലെ വിശുദ്ധ മദർ തേരേസാ പറയുന്നു: ഓരോ ശിശുവും അമൂല്യമാണ്. ഓരോ ശിശുവും ദൈവത്തിന്റെ സൃഷ്ടിയാണ്. അതിനാൽ എല്ലാ സമയത്തും ദൈവത്തോടു നന്ദി പറയാൻ മാതാപിതാക്കൾ അവരെ പഠിപ്പിക്കണം. ഭക്ഷണ സമയങ്ങൾക്കു മുമ്പും ശേഷവും നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്ന ശീലം അവരിൽ വളർത്തണം. എല്ലാം ദൈവദാനമാണന്നും, എല്ലാത്തിനും ഞാൻ ദൈവത്തോടു കടപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം കുട്ടികളിൽ രൂഢമൂലമാകുമ്പോൾ അനാവശ്യമായ മാത്സര്യവും വൈരാഗ്യവും അവരെ വിട്ടകലുകയും,  ജീവിതത്തിൽ സംതൃപ്തിയുള്ളവരായി തീരുകയും ചെയ്യും.

2 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.