നല്ല വാര്‍ത്ത – ഞായറാഴ്ച പ്രസംഗം

ആരാധനാ ക്രമവത്സരത്തില്‍ ഇന്ന് ഒരു പുതുവര്‍ഷം ആരംഭിക്കുകയാണ്- മംഗളവാര്‍ത്താക്കാലം. ദൈവം മാനവരാശിയെ അതിന്റെ തകര്‍ച്ചയില്‍ കൈവിട്ടിട്ടില്ല എന്ന സത്യമാണ് മംഗളവാര്‍ത്താ കാലഘട്ടം നമുക്ക് നല്‍കുന്ന സന്ദേശം.

ദൈവപുത്രന്റെ ജനനത്തെക്കുറിച്ച് പരിശുദ്ധ കന്യാമറിയത്തിന് ലഭിക്കുന്ന മംഗളവാര്‍ത്തയും ദൈവപുത്രന്റെ ജനനവുമാണ് ഈ കാലഘട്ടത്തില്‍ സഭ അനുസ്മരിക്കുന്ന രണ്ട് പ്രധാന സംഭവങ്ങള്‍. സകലജനത്തിനും വേണ്ടിയുള്ള ‘നല്ല വാര്‍ത്ത’ എന്ന നിലയിലാണ് ഈ കാലഘട്ടത്തിന് മംഗളവാര്‍ത്താ കാലഘട്ടം എന്ന പേര് ലഭിച്ചത്. സ്‌നാപകന്റെ ജനന അറിയിപ്പ്, ഈശോയുടെ ജനനത്തേക്കുറിച്ചുള്ള വാര്‍ത്ത, സ്‌നാപകന്റെ ജനനം, ഈശോയുടെ ജനനം- തുടങ്ങിയ രക്ഷാകര സംഭവങ്ങളാണ് നാം ഈ കാലഘട്ടത്തില്‍ ധ്യാനവിഷയമാക്കുന്നത്. ഈശോയുടെ പിറവിത്തിരുനാളിന് ഒരുക്കമായി ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന 25 നോമ്പ് ഈ കാലഘട്ടത്തിന്റെ മറ്റൊരു സവിശേഷതയാണ്.

വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 5 മുതല്‍ 25 വരെയുള്ള വാക്യങ്ങളിലൂടെ യോഹന്നാന്റെ ജനനത്തെക്കുറിച്ച് സഖറിയായ്ക്ക് ലഭിക്കുന്ന മംഗളവാര്‍ത്തയാണ് നാം വായിച്ചുകേട്ടത്. വി. ലൂക്കാ യോഹന്നാന്റെ ജനനത്തെ, യഹൂദരുടെ സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തോട് ബന്ധപ്പെടുത്തിയാണ് അതരിപ്പിക്കുന്നത്. അല്ലെങ്കില്‍, ലോകചരിത്രത്തോട് രക്ഷാകരചരിത്രം ചേര്‍ത്ത് വച്ച് അവതരിപ്പിക്കുകയാണ്. ഹേറോദേസ് രാജാവിന്റെ കാലത്താണ് സംഭവം നടക്കുന്നത് എന്ന് സുവിശേഷം പരാമര്‍ശിക്കുമ്പോള്‍ അത് ബി.സി. 37 നും 40-നും മധ്യേയുള്ള കാലമാണെന്ന് നമുക്ക് മനസ്സിലാക്കാം. ചരിത്രത്തിലേക്കുള്ള ദൈവത്തിന്റെ ഇടപെടലോടുകൂടി ലോകചരിത്രം അനുഗ്രഹത്തിന്റെ ചരിത്രമായി മാറുന്നതാണ് നാം സുവിശേഷത്തില്‍ കാണുക.

ചരിത്രത്തിലേക്ക് ഇടപെടാന്‍ ദൈവം തിരഞ്ഞെടുത്ത വ്യക്തിയാണ് പരോഹിതനായ സഖറിയ. ലേവി ഗോത്രത്തില്‍ അഹറോന്റെ വംശത്തില്‍പ്പെട്ട 24 ഗണം പുരോഹിതരില്‍ അബിയായുടെ ഗണത്തില്‍പ്പെട്ട പുരോഹിതനായിരുന്നു സഖറിയ. നമ്മുടെ നാട്ടിലെ ജോസഫ്, തോമസ് എന്നീ പേരുകള്‍ പോലെ ഇസ്രയേലില്‍ വളരെ സാധാരണമായ ഒരു പേരായിരുന്നു സഖറിയാ എന്നത്. ബൈബിളില്‍ തന്നെ 27 ഓളം ആളുകളെ നാം ഈ പേരില്‍ കാണുന്നുണ്ട്. ദൈവം അനുസ്മരിച്ചു എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. സഖറിയായുടെ ഭാര്യയായ എലിസബത്തും അഹറോന്റെ വംശത്തില്‍പ്പെട്ടവളാണ്. എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ദൈവം ശപഥം ചെയ്തു എന്നതാണ്. അതുകൊണ്ട് നമുക്ക് യോഹന്നാന്റെ ജനനവാര്‍ത്തയെ കര്‍ത്താവ് തന്റെ ശപഥം അനുസ്മരിച്ചു എന്ന് ചുരുക്കാം. കര്‍ത്താവ് സ്മരിക്കുക എന്നത് രക്ഷാകരമായ ഒരു സന്ദേശമാണ് നമുക്ക് തരുക. പഴയനിയമത്തില്‍ നോഹയുടെ കാലത്ത് മനുഷ്യന്റെ കഠിനമായ പാപം നിമിത്തം ദൈവം ലോകത്തെ ശിക്ഷിക്കാനായി തീരുമാനിച്ചപ്പോള്‍ നീതിമാനായ നോഹയെ അവിടുന്ന് അനുസ്മരിച്ചു. ഉല്‍പത്തി 8:1 ല്‍ നാം വായിക്കുന്നുണ്ട് ദൈവം ഓര്‍മ്മിച്ചത് നോഹയ്ക്ക് രക്ഷയായി ഭവിച്ചു എന്ന്. ഈജിപ്ത്തില്‍ വച്ച് പീഢിപ്പിക്കപ്പെട്ട ഇസ്രയേല്‍ജനം

ദൈവത്തെ വിളിച്ചപേക്ഷിച്ചു. ദൈവം അവരെ അനുസ്മരിച്ചതിന്റെ ഫലം രക്ഷയായിരുന്നു. 105-ാം സങ്കീര്‍ത്തനം 8-ാം വാക്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവം തന്റെ ഉടമ്പടി എന്നേയ്ക്കും അനുസ്മരിക്കും, തന്റെ വാഗ്ദാനം തലമുറകള്‍വരെ അവിടുന്ന് ഓര്‍ക്കും.

സുവിശേഷത്തിലും സമാനമായ സംഭവം തന്നെയാണ് നാം കാണുന്നത്. ധൂപാര്‍പ്പണത്തിന് കടന്ന് വന്ന സഖറിയായെ ദൈവം വിസ്മരിച്ചില്ല. അവനെ ദൈവം ഓര്‍ത്തു. ബലിപീഠത്തില്‍ ധൂപം അര്‍പ്പിക്കാന്‍ വന്ന സഖറിയായെ ദൈവത്തിന് എങ്ങനെ മറക്കാനാകും? ദൈവം അനുസ്മരിച്ചത് രക്ഷയായി ഭവിക്കുന്ന ചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ഇവിടെ രക്ഷയും അനുഗ്രഹവും സഖറിയായ്ക്ക്  മാത്രമല്ല, മാനവകുലത്തിന് മുഴുവനായിട്ടാണ് എന്നതാണ് ശ്രദ്ധേയം. ലോകചരിത്രത്തെ തന്റെ ഉടമ്പടിയൂലടെ അനുഗ്രഹിക്കുന്ന, രക്ഷിക്കുന്ന ദൈവം. അതുകൊണ്ടാണ് അവന്റെ ജനനത്തില്‍ അനേകര്‍ ആനന്ദിക്കും എന്ന് വചനം പറുന്നത്.

അവിടുത്തെ വിശുദ്ധമന്ദിരത്തില്‍ ആരാധനക്കായി വരുന്ന ആരെയും അവിടുന്ന് വിസ്മരിക്കുന്നില്ല എന്ന് സഖറിയായുടെ ജീവിതത്തിലൂടെ അവിടുന്ന് നമ്മെ പഠിപ്പിക്കുമ്പോള്‍, നമ്മെ മറക്കാത്ത ദൈവത്തെ നാമും ഓര്‍ക്കുന്നുവെന്നുകൂടി വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്. ദൈവം നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയാണ്. ദൈവത്തിന്റെ അത്ഭുതാവഹങ്ങളായ പ്രവര്‍ത്തികളുടെ വ്യക്തമായ തെളിവുകളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍. 105-ാം സങ്കീര്‍ത്തനം വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ”അവിടുന്ന് ചെയ്ത വിസ്മയാവഹങ്ങളായ പ്രവര്‍ത്തികളെ ഓര്‍മ്മിക്കുന്നെന്ന്.” അതെ, നമ്മെ മറക്കാത്ത ദൈവത്തെ ഓര്‍ക്കേണ്ടവരാണ് നാം. ആഴ്ചയുടെ ആദിദിനമായ ഞായറാഴ്ച നാം വിശുദ്ധ ബലിക്കായി ദേവാലയത്തില്‍ ഒന്നു ചേരുക ദൈവത്തെ ഓര്‍ക്കാനാണ്. ദൈവം നമ്മെ ഓര്‍ക്കുന്നത് നമുക്ക് രകഷയായി ഭവിക്കുന്നതുപോലെ, ഓരോ ആരാധനാ വേളകളിലും നാം ദൈവത്തെ ഓര്‍ക്കുമ്പോഴും അത് നമുക്ക് അനുഗ്രഹമായി തീരും. സഖറിയായുടെ ജീവിതത്തലെന്നതുപോലെ.

ദൈവം നമ്മെയും നമ്മുടെ സങ്കടങ്ങളേയും ഓര്‍ക്കുന്ന നിമിഷമാണ് ഓരോ വിശുദ്ധ കുര്‍ബാനയും. നാം ദൈവത്തെ ഓര്‍ത്ത് അവിടുത്തോട് അനുഗ്രഹം യാചിക്കേണ്ട സമയവും അതുതന്നെ, സുവിശേഷത്തിന്റെ ഈ രണ്ട് സന്ദേശങ്ങളും ഉള്‍ക്കൊണ്ട് അനുഗ്രഹിക്കുന്ന കര്‍ത്താവിനെ അനുസ്മരിച്ച് നമുക്ക് ഈ ബലിയില്‍ പങ്കെടുക്കാം.

ബ്രദര്‍ ദീപക് ജോസഫ് എംസിബിഎസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.