ഞായറാഴ്ച പ്രസംഗം – 3 ആഗസ്റ്റ് 4; കാത്തിരിക്കുന്ന ദൈവം (ലൂക്കാ 15:4 -32)

കൈത്താക്കാലം രണ്ടാം ഞായര്‍ ലൂക്കാ 15:11-32

വി. ലൂക്കയുടെ സുവിശേഷം 15-ാം അദ്ധ്യായം മൂന്നു ഉപമകളാല്‍ സമ്പല്‍ സമൃദ്ധമാണ്. ആദ്യത്തേത് കാണാതായ ആടിന്റെയും രണ്ടാമത്തേത് കാണാതായ നാണയത്തിന്റെയും പിന്നെ നാമിനന്നു വായിച്ചുകേട്ട ധൂര്‍ത്തപുത്രന്റെയും. ആദ്യ രണ്ടുപമകള്‍ തിരിച്ചുകിട്ടലിന്റെ കഥപറയുമ്പോള്‍ അവസാനത്തേത് ഒരു നഷ്ടപ്പെടലിന്റെയും തിരിച്ചുവരവിന്റെയും കഥ പറയുന്നു. ഇതിലെ കേന്ദ്ര കഥാപാത്രം പിതാവായതിനാല്‍ പല ബൈബിള്‍ പണ്ഡിതരും ഈ ഉപമയെ പിതാവായ ദൈവത്തിന്റെ സ്‌നേഹം വെളിപ്പെടുത്തുന്നതായിട്ട് പറഞ്ഞുവയ്ക്കുന്നുണ്ട്. കാരണം ഇതില്‍ പ്രധാനമായും തെളിഞ്ഞുനില്‍ക്കുക പിതാവിന്റെ സ്‌നേഹമാണ്.

17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനായിരുന്നു ഹോളണ്ടിലെ റെം ബ്രാണ്ട്. അദ്ദേഹം 1668-ല്‍ ധൂര്‍ത്തപുത്രനെ ആധാരമാക്കി വരച്ചചിത്രം ഇന്നും റഷ്യയില്‍ സാന്‍പിയെത്രെയിലെ എര്‍മീറ്റേജ് മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. കരുണയുടെ വര്‍ഷത്തില്‍ ഈ ചിത്രം വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ചു. പ്രത്യേകിച്ച് യൂറോപ്പില്‍ രാജ്യങ്ങളില്‍. അതിനു കാരണം ഇതിലെ രണ്ടു പ്രത്യേകതകളാണ്. ഒന്ന് പുത്രനെ സ്വീകരിക്കുന്ന പിതാവിന്റെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു എന്നതും, രണ്ടാമതായി പിതാവിന്റെ വലതുകരം സ്ത്രീയുടേതാണ് എന്നതും. ഈ രണ്ടു പ്രത്യേകതകളും ലൂക്കാ സുവിശേഷകന്‍ വാക്കുകള്‍ കൊണ്ടും വരച്ചിരിക്കുന്നു.

ലൂക്ക 15:20-ല്‍ പറഞ്ഞുവെയ്ക്കും ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. ഇവിടെ ദൂരെ എന്നതും അവന്‍ എല്ലാം ശേഖരിച്ച് ദൂരേയ്ക്കു പോയി എന്നതും ഒരുമിച്ചു വായിക്കണം. അപ്പോള്‍, ദൂരം എന്നത് പിതാവിന്റെ പക്കല്‍ നിന്നും മാറി നില്‍ക്കുകയെന്നതാണ്. എന്നാല്‍ പിതാവ്, പുത്രന്‍ എത്രയകലെയായിരുന്നാലും കണ്ടെത്തുന്നു. അകലങ്ങള്‍ കാണുന്ന കര്‍ത്താവില്‍ നിന്നും മനുഷ്യന് മറഞ്ഞിരിക്കുക സാധ്യമല്ല. എത്ര പാപം ചെയ്ത് മനുഷ്യന്‍ ദൈവത്തില്‍ നിന്നും അകന്നു പോകുന്നുവോ അത്രമാത്രം ദൈവം നമ്മെ തേടി വരും. മനുഷ്യന്‍ ദൈവത്തില്‍ നിന്നും മറഞ്ഞിരിക്കുവാന്‍ സാധിക്കുകയില്ല. ആദ്യമാതാപിതാക്കള്‍ പാപം ചെയ്ത് മരത്തിനു മറഞ്ഞിരുന്നിട്ടും അത് ദൈവത്തില്‍ നിന്നുള്ള മറയാക്കുവാന്‍ അവര്‍ക്കു സാധിക്കാതെ പോയതും അതുകൊണ്ടാണ്.

നാം നിഷേധിച്ചാലും നമ്മെ നിഷേധിക്കാത്ത ദൈവം, നാം അകന്നാലും നമ്മെ വിട്ടകലാത്ത ദൈവം, നാം ഉപേക്ഷിച്ചാലും നമ്മെ ഉപേക്ഷിക്കാത്ത ദൈവം. ധൂര്‍ത്തപുത്രന്റെ കൈയിലെ പണം തീരുമ്പോഴും, പന്നികളെ മേയ്ക്കുമ്പോഴും, വിശന്നു മരിക്കാറാകുമ്പോഴും ദൈവം അവനെ കാണുന്നുണ്ട്. ആയതിനാലാകാം സുവിശേഷകന്‍ എത്ര ദൂരം എന്ന് കൃത്യമായി പറഞ്ഞുവെയ്ക്കാത്തത്. സ്‌നേഹത്തിന് അളവുകളില്ല, പരിധികളില്ല എത്ര ദൂരവും വളരെ നിസ്സാരമായി കടന്നു ചെല്ലും. എന്റെ തൊട്ടടുത്തിരിക്കുന്നവനെക്കുറിച്ചും താമസിക്കുന്നവനെക്കുറിച്ചും അറിയാതെ കടന്നുപോകുന്നത് സ്‌നേഹത്തിന്റെ നാമ്പുകള്‍ ഇനിയും രൂപപ്പെടാത്തതുകൊണ്ടാണ്.

തിരുവചനം വീണ്ടും പറഞ്ഞുവെയ്ക്കും പിതാവു ഓടിചെന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു. തന്റെ പക്കലേക്കു തിരികെ വന്നവനെ തടഞ്ഞുനിര്‍ത്തി വിചാരണ നടത്തി തന്റെ സ്വത്തുവകകള്‍ക്ക് പകരം ചോദിക്കുന്നവനല്ല മറിച്ച്, പുത്രന്റെ അടുത്തു ചെല്ലുമ്പോള്‍ മുതല്‍ അന്ധനാണ് പിതാവ്. പിന്നെ ദൈവത്തിന്റെ ചിന്ത എപ്രകാരം പുത്രനെ അതായത് എന്നെയും നിന്നെയും സ്‌നേഹിക്കാം എന്നതാണ്. ഏശയ്യ പ്രവാചകനിലൂടെ വെളിപ്പെടുത്തപ്പെട്ട സ്‌നേഹംപോലെ ‘നിന്റെ പാപങ്ങള്‍ എത്രയും ചെമപ്പാണെങ്കിലും മഞ്ഞുപോലെ വെളുക്കും, അത് രക്തവര്‍ണ്ണമെങ്കില്‍ കമ്പിളിപോലെ വെളുക്കും.’ ദൈവം ഒരിക്കലും തിരികെ നടക്കുന്നവന്റെ ദുരവസ്ഥ കണ്ട് വീണ്ടും മുറിപ്പെടുത്തുന്നവനല്ല. മറിച്ച് ഒരു മനക്ലേശവും വരുത്താതെ തൊട്ടുതലോടി ചുംബനത്താല്‍പ്പൊതിഞ്ഞ് പാപത്തിന്റെ എല്ലാ കറകളും കടങ്ങളും കഴുകി കളയുന്നു. ഏതവസ്ഥയില്‍ നിന്നും നിപതിച്ചുവോ അതിലും മേന്മയുള്ള അവസ്ഥ കൈവരുന്നു.

ഇവിടെയാണ് പിതാവ് മാതൃവാത്സല്യത്തിന്റെ പ്രതീകമായി മാറുക. കൊഴുത്തകാളക്കുട്ടിയെ വളര്‍ത്തി തന്റെ മകനായി കാത്തിരിക്കുക. വൈക്കം മുഹമ്മദ് ബഷീര്‍ പറയുന്നതുപോലെ അത്താഴം വിളമ്പി കാത്തിരിക്കുന്ന അമ്മയുടെ ചിത്രം. മാതൃവാത്സല്യത്തിന്റെ വലിയ ഭാവം ദൈവത്തില്‍ ഉണ്ടെന്ന് പറയാനായിരിക്കാം ലൂക്ക സുവിശേഷകന്‍ ഈ ഉപമയില്‍ നിന്നും സ്ത്രീകഥാപാത്രങ്ങളെ ഒഴിവാക്കി നിര്‍ത്തുക. ദൈവത്തിന്റെ മാതൃവാത്സല്യത്തിന്റെ കഥ തുടങ്ങുക ഈശോയില്‍ നിന്നല്ല മറിച്ച് പ്രവാചകരില്‍ നിന്നുമാണ്. ഏശയ്യ 49:15 ‘അമ്മയ്ക്കു കുഞ്ഞിനെ മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.” തങ്ങളുടെ അകൃത്യങ്ങളും വിഗ്രാഹാരാധനയും വഴി ദൈവത്തെ പരിത്യജിച്ച ഇനത്തോട് അവിടുന്നരുളിചെയ്യുന്ന വാക്കുകളാണിത്.

ഇത്രമാത്രം സ്‌നേഹിക്കുന്ന ദൈവം നമ്മോടു പറയുക ഒരേ ഒരു കാര്യമാണ്. ‘അവനു സുബോധമുണ്ടായി. അവന്‍ എഴുന്നേറ്റു പിതാവിന്റെ പക്കലേക്കു പോയി.’ നാം വഴിതെറ്റിയലഞ്ഞ് നടുറോഡില്‍ നില്‍ക്കുമ്പോള്‍ ദൈവം കടന്നു വരും. അപ്പോള്‍ എന്റെ ചുറ്റും മതിലുകെട്ടി ദൈവത്തിന് അവസരം കൊടുക്കാതിരിക്കരുത്. ഇങ്ങനെ ദൈവം മനുഷ്യനെത്തേടി വരുന്ന ഇടമാണ് വി. കുര്‍ബാന. നമ്മുടെ ഓരോ ബലിയും ഒരു തിരിഞ്ഞു നടപ്പിന്റേതാകട്ടെ. പിതാവായ ദൈവത്തിന്റെ ഏറ്റവും പ്രിയപുത്രനെ നമുക്കായി കാല്‍വരിയില്‍ തന്നതിന്റെ വലിയ ഓര്‍മ്മ, സ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ പ്രകടനം, അനുതാപത്തിന്റെ നീര്‍ച്ചാലുകള്‍ നമ്മിലും ഒഴുകട്ടെ അതിലൂടെ ദൈവത്തിന്റെ സ്‌നേഹത്തിലേക്കു നമുക്കും നടന്നടുക്കാം. സര്‍വ്വശക്തനായ ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ.

പ്രിന്‍സ് ചിന്നക്കാടന്‍