ഞായറാഴ്ച പ്രസംഗം: ദൈവഹിതത്തിന് കീഴ്‌വഴങ്ങാം

മംഗളവാര്‍ത്താകാലം രണ്ടാം ഞായര്‍, ലൂക്കാ 1, 26-38

മാനവരക്ഷാ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ സദ്‌വാര്‍ത്തയാണ് മംഗളവാര്‍ത്ത. നൂറ്റാണ്ടുകളായി പ്രതീക്ഷിച്ചുകാത്തിരുന്ന ദിനവും, ദൈവം മനുഷ്യനെ ഓര്‍മ്മിച്ചതിന്റെ ദിനവും ദൈവം മനുഷ്യരോടൊത്ത് മനുഷ്യാനായി ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന സത്യം അറിയിച്ച ദിനവുമാണ് മംഗളവാര്‍ത്ത.

ദൈവപുത്രന്റെ മനുഷ്യാവതാരവാര്‍ത്തയെക്കുറിച്ച് ഗബ്രിയേല്‍ ദൂതന്‍ നല്‍കുന്ന മുന്നറിയിപ്പും അതിന് മറിയം നല്‍കുന്ന മറുപടിയാണ് മംഗളവാര്‍ത്തക്കാലം രണ്ടാം ഞായറാഴ്ച  നാം ധ്യാനവിഷയമാക്കുന്നത്. ദൈവകുമാരന്‍ ലോകത്തിലേക്ക് വരാന്‍ ദൈവത്താല്‍ അനാദിയില്‍ത്തന്നെ തിരഞ്ഞെടുക്കപ്പെട്ടവളാണ് പരിശുദ്ധ കന്യാമറിയം. പിതാവിന്റെ ഹിതത്തിനും അവിടുത്തെ പുത്രന്റെ രക്ഷാകര പ്രവൃത്തിക്കും പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിനും തികച്ചും വിധേയയായി നിന്നുകൊണ്ട് പരിശുദ്ധ കന്യാമറിയം സഭയ്ക്ക് വിശ്വാസത്തിന്റെയും സനേഹത്തിന്റെയും മാതൃകയായിത്തീരുകയാണ്.

മറിയം എന്ന സാധാരണ സ്ത്രീയെ ചുറ്റിപ്പറ്റിയാണ് ലൂക്കായുടെ സുവിശേഷം 1-ാം അധ്യായം 26 മുതല്‍ 38 വരെയുള്ള വാക്യങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ് നല്ലൊരു കുടുംബ ജീവിതം സ്വപ്നം കാണുകയായിരുന്നു മറിയം. ഇന്നത്തെ കാലഘട്ടം പോലെയല്ല അന്ന്. ഇന്ന് നമ്മുടെ നാട്ടില്‍ വിവാഹ നിശ്ചയം കഴിഞ്ഞാല്‍ ഭാവി വധുവരന്മാര്‍ പരസ്പരം ഫോണ്‍ വിളിക്കുകയും കണ്ടുമുട്ടുകയും ഒക്കെ ചെയ്യുക പതിവാണ്. അങ്ങനെ അവര്‍ തങ്ങളുടെ കുടുംബജീവിതത്തെക്കുറിച്ച് നല്ല സ്വപ്‌നങ്ങള്‍ കാണുന്നു. എന്നാല്‍ മാതാവിന്റെ കാലഘട്ടത്തില്‍ വിവാഹം നിശ്ചയിച്ചവര്‍ തമ്മില്‍ വിവാഹത്തിന് മുമ്പ് കാണാനോ സംസാരിക്കാനോ യഹൂദനിയമം അനുവദിച്ചിരുന്നില്ല. അതുകൊണ്ട് മറിയവും വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും നല്ല സ്വപ്നങ്ങളാണ് കണ്ടിരുന്നത്.

ഇങ്ങനെ ഭാവിയില്‍ തനിക്ക് ഉണ്ടാകുന്ന കുടുംബ ജീവിതത്തെക്കുറിച്ച് സ്വ്പനം കണ്ടുകൊണ്ടിരിക്കുന്ന മറിയത്തിന്റെ അടുത്തേക്കാണ് തനിക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്ന മംഗളവാര്‍ത്തയുമായി ദൂതന്‍ കടന്നുവരിക. ഇത് എത്രമാത്രം മംഗളകരമായിരിക്കും.

മാതാവിനെപ്പോലെതന്നെ നല്ല കുടുംബജീവിതവും ഭാര്യയും കുടുംബിനിയും സ്വപ്‌നം കാണുന്ന യൗേേസപ്പിന്റെ അടുത്തേക്കാണ് മാലാഖ മംഗളവാര്‍ത്തയുമായി കടന്നുവരുക. ദൈവത്തിന്റെ ഇടപെടലിനാണ് പിന്നീട് മാതാവും യൗസേപ്പിതാവും സാക്ഷ്യം വഹിക്കുക. സാധാരണ ഒരു കുടുംബജീവിതം സ്വപ്‌നം കണ്ടിരുന്നവരാണ് മാതാാവും യൗസേപ്പിതാവും. എന്നാല്‍ ദൈവം അവരെക്കുറിച്ച് സ്വപ്‌നം കാണുന്നതും ഭരമേല്‍പ്പിക്കുന്നതുമായ ദൗത്യം ലോകരക്ഷകന്റെ മാതാപിതാക്കളാകുക എന്നതാണ്. ഇതുപോലെ ഓരോ കുടുംബത്തെക്കുറിച്ചും ദൈവത്തിന് ഒരു സ്വപ്‌നമുണ്ട് എന്ന് നാം തിരിച്ചറിയണം.

മനുഷ്യന് അസാധ്യമായി ഒന്നുമില്ലെന്ന് കരുതി ലോകം കീഴടക്കാന്‍ പുറപ്പെട്ട നെപ്പോളിയന്‍ വാട്ടര്‍ലൂവില്‍ പരാജയപ്പെട്ടു. മനുഷ്യന് അസാധ്യമായവയാണ് സാധ്യമായവയേക്കാള്‍ കൂടുതലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാല്‍ ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് മാലാഖ മറിയത്തോട് പറഞ്ഞ വചനം ലോകത്തിനു മുഴുവനുമുള്ള മംഗളവാര്‍ത്തയാണ്. മനുഷ്യന്‍ തന്റെ അസാധ്യത ഏറ്റു പറയുന്നിടത്താണ് ദൈവത്തിന്റെ സാധ്യത പ്രവര്‍ത്തന നിരതമാകുന്നത്. തനിക്ക്  സകലതും സാധ്യമാണെന്ന് മനുഷ്യര്‍ ചന്തിക്കുന്നിടത്തോളം കാലം ദൈവം നിസ്സാഹയനാണ്. മറിയം തന്റെ ദാസ്യം ഏറ്റു പറഞ്ഞപ്പോള്‍ അവളില്‍ സാധ്യതയുടെ വാതില്‍ തുറക്കുകയാണ്.

ഓരോ ദൈവവിളിയും അസ്വസ്ഥരാകാനുള്ള വിളികൂടിയാണ്. ഇതുതന്നെയായിരുന്നു പരിശുദ്ധ അമ്മയുടെ ജീവിതവും. ദൂതന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സ്വീകരിച്ചുകൊണ്ട് ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ എന്ന് സന്തോഷപൂര്‍വ്വം സ്വീകരിച്ചപ്പോള്‍ അവള്‍ ലോകരക്ഷകന്റെ അമ്മയായി മാറുകയാണ്. ആരോഗ്യവതികളും സൗന്ദര്യവതികളുമായിരുന്ന വി. കൊച്ചുത്രേസ്യായും വി. അല്‍ഫോന്‍സാമ്മയും ദൈവവിളി കിട്ടിയനാള്‍ മുതല്‍ സഹനത്തിന്റെ തീച്ചൂളയില്‍ ഉരുകിത്തീര്‍ന്നവരാണ്. ദൈവവിളി സമ്മാനിച്ച അസ്വസ്ഥതയെ ദൈവഹിതമാക്കി  സന്തോഷപൂര്‍വ്വം സ്വീകരിച്ചപ്പോള്‍ അവര്‍ വിശുദ്ധരായി. മറിയത്തിന്റെ  ജീവിതത്തിന്റെ അന്തസത്തയെന്നത് ദൈവഹിതത്തോടുള്ള സഹകരണമാണ്. ഓരോ ക്രൈസ്തവ ജീവിതത്തിന്റെയും അന്തസത്ത ഇതുതന്നെയാണ്. ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് നന്മ ചെയ്യുന്നതിനേക്കാളുപരി ദൈവഹിതം നിറവേറ്റാനാണെന്ന് വി. അല്‍ഫോന്‍സ് ലിഗോരി നമ്മെ പഠിപ്പിക്കുന്നുണ്ട്. ജീവിതം സഹനത്തിന്റെയും ത്യാഗത്തിെേന്റയും വേദനയുടെയും വഴികൂടിയാണ്. മംഗളവാര്‍ത്തയുടെ സമയം മുതല്‍ ദൈവിക സന്ദേശത്തില്‍ വിശ്വസിച്ചുകൊണ്ട് രക്ഷകനെ ശ്രവിക്കാനും നമ്മുടെ ജീവിതത്തെ നവീകരിച്ച് പവിത്രീകരിക്കുന്ന ദൈവവചനത്തെ അവനില്‍ കണ്ടെത്താനും മറിയം നമ്മെ പഠിപ്പിക്കുന്നു. പ്രസിദ്ധ ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞനായ കാള്‍ റാണര്‍ പറഞ്ഞു വയ്ക്കും ”മറിയം നല്‍കുന്നത് തന്റെ ഉള്ളും ഉള്ളതും ആത്മാവും ശരീരവുമാണ്” എന്ന്. അത് അവളെ ഭാഗ്യവതിയാക്കി.  ജോബ് 23, 10-ല്‍ പറയുന്നു: ”എന്റെ വഴി അവിടുന്നറിയുന്നു അവിടുന്ന് എന്നെ പരീക്ഷിച്ച് കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണ്ണം പോലെ പ്രകാശിക്കും.” ഫിലിപ്പി 8, 16-ല്‍  നാം കാണുന്നു, ”ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ത്ഥമായില്ലെന്ന് ക്രിസ്തുവിന്റെ ദിനത്തില്‍ എനിക്കഭിമാനിക്കാം.”

നമ്മുടെ ദൈനംദിനം ജീവിതത്തില്‍ വചനത്തോട് കൂറ് പുലര്‍ത്തി ജീവിക്കാന്‍ നമുക്കാവണം. പകലന്തിയോളം അടുക്കളഭിത്തിക്കുള്ളില്‍ കഴിയുന്ന അമ്മമാരും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന അപ്പച്ചന്മാരും വൃദ്ധരായ മാതാപിതാക്കള്‍ക്ക് താങ്ങും തണലുമാകുന്ന മക്കളും വചനത്തിനായി ജീവിതത്തെ വിട്ടുകൊടുക്കുന്നതിന്റെ ഉദാഹരണമാണ്. വിവാഹജീവിതവും സന്യാസ്ത ജീവിതവും ഇടയനോടൊപ്പമുള്ള ഇടവകാ ജീവിതവും ക്രൈസ്തവമാണെങ്കില്‍ അവയെ ദൈവഹിതത്തിനായി വിട്ടുകൊടുക്കണം. അതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ബ്രദര്‍ ജോജി കോലഞ്ചേരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.