വളര്‍ത്തുമൃഗങ്ങള്‍ക്ക് ആശിര്‍വാദം നല്‍കി സെന്റ് പീറ്റേഴ്‌സ് ദേവാലയം

വത്തിക്കാന്‍: ജനുവരി 17 ചൊവ്വാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയം ഒരു ചെറിയ മൃഗശാലയെ ഓര്‍മ്മിപ്പിച്ചു. കുതിര, പശു. കഴുത, മുയല്‍, കോഴിക്കുഞ്ഞുങ്ങള്‍ തുടങ്ങി വിവിധ ജന്തുജാലങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. കര്‍ഷകരുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണി ആബട്ടിന്റെ ഓര്‍മ്മത്തിരുനാള്‍ ദിനമായിരുന്നു ഇന്നലെ. അതിനോടനുബന്ധിച്ച് കര്‍ഷകര്‍ അവരുടെ മൃഗങ്ങളെ പ്രത്യേക അനുഗ്രഹത്തിനായി സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ എത്തിച്ച കാഴ്ചകളായിരുന്നു അത്.

”കോവര്‍ കഴുതയെയും കുതിരയെയും കോഴിക്കുഞ്ഞുങ്ങളെയും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. എല്ലാ മൃഗങ്ങളുടെയും നെറ്റിയില്‍ കുരിശടയാളം വരച്ച് പ്രത്യേക അനുഗ്രഹം നല്‍കും.” റോമിലെ പരിസരത്തുള്ള കര്‍ഷകരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായി ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. ഇറ്റാലിയന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഇവിടെത്തിയ എല്ലാ മൃഗങ്ങള്‍ക്കും സൗജന്യ വൈദ്യപരിശോധനയ്കകായി വെറ്റിനറി ഡോക്ടര്‍മാരെയും ഏര്‍പ്പെടുത്തിയിരുന്നു.

”ഞാനൊരു മൃഗഡോക്ടറാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഞാന്‍ സംരംഭത്തില്‍ പങ്കാളിയാണ്. വളരെ പ്രശസ്തമായ ഒരു പരിപാടിയാണിത്. ഇറ്റലിയിലെ എല്ലാ പ്രവിശ്യയില്‍ നിന്നുമുള്ള അനേകം കര്‍ഷകര്‍ തങ്ങളുടെ മൃഗങ്ങളുമായി വര്‍ഷം തോറും ഇവിടെ എത്താറുണ്ട്. ഇറ്റലിയിലെ 21 പ്രവിശ്യകളില്‍ 16 പ്രവിശ്യകളിലെ ജനങ്ങളും ഇവിടെയെത്തും. അതായത് ആറായിരത്തോളം കര്‍ഷകര്‍.” വെറ്റിനറി ഡോക്ടറായ മൈക്കിള്‍ ഷിയാവിറ്റ പറയുന്നു. മൃഗങ്ങള്‍ക്കൊപ്പം നിന്ന് കര്‍ഷകരും അനുഗ്രഹം വാങ്ങാറുണ്ട്. കര്‍ദ്ദിനാള്‍ ആഞ്ചലോ കൊമാസ്ത്രിയാണ് ഇത്തവണ ആശീര്‍വാദം നല്‍കിയത്.

”മൃഗങ്ങളെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. എല്ലാ വര്‍ഷവും ഞാന്‍ എന്റെ വളര്‍ത്തുമൃഗവുമായി ഇവിടെ എത്താറുണ്ട്. നമ്മുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലഭിക്കുന്ന അനുഗ്രഹം അവരിലൂടെ നമ്മളിലേക്കെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” തീര്‍ത്ഥാടകരിലൊരാളായ മരിയ ലിലിയ പറയുന്നു. വത്തിക്കാന്‍ സ്റ്റാഫംഗങ്ങളും തീര്‍ത്ഥാടകരും ഈ കൂട്ടായ്മയില്‍ പ്രാര്‍ത്ഥനയോടെ പങ്ക് ചേര്‍ന്നു. ഏറ്റവും അത്ഭുതകരമായ വസ്തുത, ഒരു മൃഗം പോലും അസ്വാഭാവികമായി പെരുമാറുകയോ ഓടിപ്പോകാന്‍ ശ്രമിക്കുകയോ ചെയ്തില്ല എന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.