പീറ്റസ്ബർഗിലെ പുണ്യവാളന്മാര്‍

അമേരിക്കയിലുള്ള  പെൻസിൽവാനിയ സംസ്ഥാനത്തുള്ള പീറ്റസ്ബർഗിലുള്ള സെന്റ് ആന്റണി ചാപ്പലാണ് റോമാ നഗരത്തിനു പുറത്ത് ഏറ്റവും കൂടുതൽ രക്തസാക്ഷികളുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം. പീറ്റസ്ബർഗിലെ മലനിരകളോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ചാപ്പലാണിത്. വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള  ഈ തീർത്ഥാടന കേന്ദ്രം പാദുവായിലെ വിശുദ്ധ അന്തോണിസിന്റെ ശരീരഭാഗം ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യായിരത്തിലേറെ വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളാൽ അലംകൃതമാണ്.

നൂറ്റാണ്ടുകൾക്കു ശേഷവും  വിശുദ്ധരുടെ പൂജ്യമായ ശരീരത്തിന്റെ ഭാഗങ്ങളോ അവർ  ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ഭാഗങ്ങളോ അനേകായിരങ്ങൾക്ക് ദൈവാനുഗ്രഹം പകർന്നു നൽകുന്ന മാധ്യമങ്ങളാകുന്നു.

ഇവിടെ സൂക്ഷിച്ചിരിക്കുന്ന പല തിരുശേഷിപ്പുകളും ലോകമെമ്പാടും സന്ദർശിച്ചതും, പല യുദ്ധങ്ങളെയും പിടിച്ചടക്കലുകളെയും  അശുദ്ധമാക്കലുകളെയും  അതിജീവിച്ചതുമാണ്.ബെൽജിയത്തു ജനിച്ച ഫാ. സ്റ്റുവർട്ട് മോളിംഗർ   ആണ് ഈ അത്ഭുത ചാപ്പലിന്റെ സ്ഥാപകൻ.

ഇന്ന് റോമാ നഗരത്തിനു പുറത്ത് ഏറ്റവും കൂടുതൽ രക്തസാക്ഷികളുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം ഈ സെന്റ് ആന്റണി ചാപ്പലാണ്. 

ഫാ. സ്റ്റ്യൂവർട്ട് മോളിംഗറിന് വിശുദ്ധരുടെ തിരുശേഷിപ്പികൾ ശേഖരിക്കുന്ന അത്യപൂർവ്വമായ ഒരു ശീലമുണ്ടായിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പ് സാക്ഷ്യം വഹിച്ച രാഷ്ട്രീയ സാമൂഹിക കോലാഹലങ്ങൾക്കിടയിൽ വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ കാത്തു സൂക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ഒരു യത്നമായിരുന്നു.

രണ്ടാം നൂറ്റാണ്ടു മുതൽ കത്തോലിക്കാ സഭയ്ക്ക് വിശുദ്ധരുടെ തിരുശേഷിപ്പുകൾ -പൂജ്യ ശരീരത്തിന്റെ ഭാഗങ്ങളോ, അവർക്ക് വിലപ്പെട്ടതായിരുന്ന വസ്തുക്കളോ- ബഹുമാനിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നു.
വിശുദ്ധരുടെ തിരുശേഷിപ്പുകൾ ആരാധനാ വിഷയമോ, അവയ്ക്കു അതിമാനുഷികമായ  ശക്തികളോ ഇല്ല എന്ന് ദൈവശാസ്ത്രജ്ഞന്മാരും സഭാ പ്രബോധനങ്ങളും പഠിപ്പിക്കുന്നു. എങ്കിലും  ഇന്നു സ്വർഗ്ഗത്തിലുള്ള വ്യക്തികളുടെ തിരുശേഷിപ്പുകൾ ബഹുമാനത്തോടെ പരിഗണിക്കണമെന്നു സഭ പഠിപ്പിക്കുന്നു. തിരുശേഷിപ്പുകൾക്ക് അവയിൽ തന്നെ ഒരു ശക്തിയും ഇല്ലങ്കിലും ദൈവത്തിന് അവയിലൂടെ, വിശുദ്ധരുടെ മരണത്തിന്റെ വർഷങ്ങൾക്കു ശേഷവും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കുമെന്നും സഭ പഠിപ്പിക്കുന്നു. വളരെയധികം കത്തോലിക്കാ ദൈവാലയങ്ങളുടെ അൾത്താരയിൽ തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചുണ്ട്.

കത്തോലിക്കാ ഭക്തകൃത്യങ്ങളിൽ തിരുശേഷിപ്പുകൾക്കു കൊടുക്കുന്ന പ്രാധാന്യവും, പരിശുദ്ധ കുർബാനയുടെ മധ്യേ പോലും അവയുടെ സ്ഥാനം മാറ്റാത്തതും  യൂറോപ്പിലെ കത്തോലിക്ക സമൂഹത്തെ കടന്നാക്രമിക്കാൻ ഇതര ക്രൈസ്തവർ ഒരായുധമായി എടുത്തു. “കത്തോലിക്കർക്ക്  ഒരർത്ഥത്തിൽ അത് വളരെ കോലാഹലത്തിന്റെ സമയമായിരുന്നു ,  കാരണം ജനങ്ങൾ രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കു വേണ്ടി പടവെട്ടിയിരുന കാലമായിരുന്നു അത്,” സെന്റ് ആന്റണീസ് ചാപ്പലിന്റെ പാരീഷ്  കമ്മറ്റിയുടെ ചെയർപേഴ്സണായ കാരോളേ ബ്രൂക്ക്നർ പറയുന്നു.   പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യ ദശകം തുടങ്ങി യൂറോപ്പിന്റെ രാഷ്ട്രീയ അതിർത്തികളിലും മത സവിശേഷതകളിലും കാര്യമായ മാറ്റമുണ്ടായി. ആധുനിക ജർമനി, ഫ്രാൻസ്, ബെൽജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ രൂപീകൃതമായി. കത്തോലിക്കാ സഭയുടെ  സ്വാധീനത്തിനും കുലീനതയ്ക്കും സാരമായ ക്ഷയം സംഭവിച്ചു. സെക്കുലർ ഭരണകൂടങ്ങൾ ഇവിടങ്ങളിൽ  ശക്തി പ്രാപിച്ചു.

പല പ്രമാണികളും സന്യാസസഭകളും തങ്ങളുടെ കൈവശമുള്ള തിരുശേഷിപ്പുകൾ പുതിയ ഭരണകൂടങ്ങളോ, രാജവംശമോ പിടിച്ചടക്കുമോ എന്നു ഭയപ്പെട്ടു. ചിലയിടങ്ങളിൽ അവർ ഭയപ്പെട്ടതു പോലെ സംഭവിച്ചു. ഭരണാധികാരികൾ   തിരുശേഷിപ്പുകളെ അവഹേളിക്കുകയും അവ കൈവശം സൂക്ഷിച്ചിരുന്നവരെ തടവിലാക്കുകയും ചെയ്തു.

യൂറോപ്പിൽ നടന്ന ഈ സംഭവ വികാസങ്ങൾ മോളിംഗറച്ചന്റെ സ്വകാര്യ ശേഖരം വർദ്ധിക്കാൻ ഒരു കാരണമായി. അക്കാലയളവിൽ തിരുശേഷിപ്പുകൾ വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചിരുന്നു. ഫാ. മോളിംഗറിന് ഈ സമയങ്ങളിൽ തന്റെ സ്വദേശമായ ബൽജിയത്തു നിന്നും , നെതർലൻഡ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ യാത്രകളിൽ നിന്നും ധാരാളം തിരുശേഷിപ്പുകൾ ദാനമായോ ലോണടിസ്ഥാനത്തിലോ ലഭിച്ചു.

തങ്ങളുടെ രാജ്യങ്ങളിൽ രാഷ്ട്രീയ സ്ഥിരത സംജാതമാകും വരെ  തീരുശേഷിപ്പുകളെ സംരക്ഷിക്കാമോ എന്ന ആവശ്യവുമായി മോളിംഗറച്ചനു കത്തുകൾ അയച്ചവർ നിരവധിയാണ്.  അവരുടെ ആരുടെയും അഭ്യർത്ഥനകൾ അദ്ദേഹം നിരസിച്ചില്ല. തിരുശേഷിപ്പുകൾ ശേഖരിക്കാനും, അവഹേളിക്കുന്നതിൽ നിന്നും അവയെ സംരക്ഷിക്കുവാനുമായി അക്കാലയളവിൽ  യുറോപ്പിലുടനീളം നിരവധി ഏജന്റുമാർ ഫാ. മോളിംഗറിനുണ്ടായിരുന്നു.
ആരംഭകാലത്ത് റെക്ടറിയിൽ തന്നെയാണ് തിരുശേഷിപ്പുകളെ സൂക്ഷിച്ചിരുന്നത്. ഒരു മെഡിക്കൽ ഡോക്ടർ കൂടിയായിരുന്ന ഫാ. മോളിംഗറെ കാണാൻ നിരവധി രോഗികൾ റെക്ടറിയിൽ വരുമായിരുന്നു.അങ്ങനെ രോഗികൾക്ക് തീരുശേഷിപ്പുകളെ വണങ്ങാൻ സാഹചര്യം ഒത്തുവന്നു. പലർക്കും തിരുശേഷിപ്പുകളുടെ സ്വാധീനത്താൽ ശാരീരികവും ആത്മീയവുമായ  രോഗശാന്തികൾ ഉണ്ടായി. തൽഫലമായി  “സൗഖ്യദായകനായ പുരോഹിത ഭിഷ്വശ്വരൻ ” എന്നാന്ന്  ഫാ. മോളിംഗർ അറിയപ്പെട്ടിരുന്നത്.

അക്കാലത്ത് പീറ്റ്സ്ബർഗിൽ നിന്നിറങ്ങിയ പത്രങ്ങളിൽ മോളിംഗറച്ചന്റെ ചികിത്സാ രീതികളെക്കുറിച്ചും, തിരുശേഷിപ്പുകൾ വണങ്ങിയ ഫലമായി ലഭിച്ച രോഗശാന്തികളെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ കാണാൻ കഴിയുമെന്ന് കാരോളേ ബ്രൂക്ക്നർ പറയുന്നു. ഇതിനിടയിൽ തിരുശേഷിപ്പുകൾ എല്ലാം ഒരു ദൈവാലയത്തിൽ പ്രതിഷ്ഠിക്കുകയാണങ്കിൽ പൊതുജനങ്ങൾക്ക് വണങ്ങുന്നതിനുള്ള അവസരം കൈവരുമല്ലോ എന്നു മോളിംഗറച്ചനു തോന്നി. തൽഫലമായി അദ്ദേഹം സ്വരൂപിച്ച ഫണ്ടുകൊണ്ട് ദൈവാലയ നിർമ്മാണം ആരംഭിച്ചു.

1883-ൽ ദൈവാലയത്തിന്റെ പ്രഥമഘട്ട നിർമ്മാണം പൂർത്തിയായി, വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ദിനത്തിൽ ഫാ. മോളിംഗർ ശേഖരിച്ച ആയിരക്കണക്കിനു  തിരുശേഷിപ്പുകൾ പൊതുജനങ്ങളുടെ വണക്കത്തിനായി തുറന്നു കൊടുത്തു. 1892 ൽ രണ്ടാംഘട്ട നിർമ്മാണം പൂർത്തിയായി, ഇത്തവണ കുരിശിന്റെ വഴിയും പിന്നിടു ശേഖരിച്ച തിരുശേഷിപ്പുകളും ദൈവാലയത്തിൽ സ്ഥാപിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം ഫാ. മോളിംഗർ മരണമടഞ്ഞു.

യേശുവിന്റെ മരക്കുരിശിന്റെയും, പീലാത്തോസിന്റെ ഭവനത്തിൽ വച്ച്   യേശുവിനെ ചമ്മട്ടി കൊണ്ടിടിക്കാനായി     ബന്ധിച്ച സ്തുപത്തിന്റെയും ഭാഗങ്ങൾ, ഗദ്സെമയിൻ തോട്ടത്തിൽ നിന്നുള്ള കല്ല്, യേശുവിനെ കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ച ആണി, എല്ലാ അപ്പസ്തോലന്മാരുടെയും അസ്ഥികൾ, ലിസ്യുവിലെ വി.കൊച്ചുത്രേസ്യാ, ലീമായിലെ വി.റോസാ, വി.ഫൗസ്റ്റീനാ തുടങ്ങി അനേകം വിശുദ്ധരുടെ തിരുശേഷിപ്പുകൾ തുടങ്ങിയവ ഈ ദേവാലയത്തിലുണ്ട്.

പ്രത്യേകം തയ്യാറാക്കിയ പേടകങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പുകൾ മുദ്ര ചെയ്തിരിക്കുന്നതിനാൽ പിന്നീട് തുറക്കാൻ സാധിക്കത്തില്ല. തിരുശേഷിപ്പുകൾ ദുരുയോഗം ചെയ്യുന്നതു തടയാനാണിത്. 

ഒരു തിരുശേഷിപ്പ് നമുക്ക് വണങ്ങണമെങ്കിൽ സഭാധികാരികളുടെ അടുത്തു നിന്നു അതിനുള്ള  സാക്ഷ്യപത്രം നാം നേടിയിരിക്കണം. ആ പ്രമാണരേഖയിലാണ് ആരുടെ തിരുശേഷിപ്പാണിത്, എന്തു തരത്തിലുള്ള തിരുശേഷിപ്പാണിത്  എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ നാളത്തെ  ഗവേഷണത്തിനും പഠനത്തിനും ശേഷമാണ്  കത്തോലിക്കാ സഭ  ഒരു തിരുശേഷിപ്പിനെ അംഗീകരിക്കുന്നത്.

സെന്റ്ആന്റണീസ് ചാപ്പലിലെ ഭൂരിഭാഗം തിരുശേഷിപ്പുകൾക്കും ആധികാരികത തെളിയിക്കാനുള്ള സാക്ഷ്യപത്രമുണ്ടെന്നു  ബ്രൂക്ക്നർ പറയുന്നു.വിശുദ്ധരുടെ മാധ്യസ്ഥം നമ്മുടെ ആത്മീയ ജീവിതത്തിന് പുത്തനുണർവു പ്രധാനം ചെയ്യട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.