സിസ്റ്റര്‍ റെജീന മണിപ്പാടം ഇനി ഓര്‍മ

കോട്ടയം: മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനി സമൂഹത്തിലെ കേരളത്തില്‍ നിന്നുള്ള ആദ്യ അംഗങ്ങളില്‍ ഒരാളായിരുന്ന സിസ്റ്റര്‍ റെജീന (88) മണിപ്പാടത്ത് അന്തരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് പൂക്കാട്ടുപടി സ്‌നേഹസദന്‍ മഠത്തില്‍ സിസ്റ്റര്‍ റെജീനയുടെ സംസ്‌കാരം നടത്തി. ആലപ്പുഴ തുറവൂര്‍ മനക്കോടത്ത് മദര്‍ തെരേസയുടെ മഠത്തില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു സിസ്റ്റര്‍ റെജീന.

കേരളത്തിലേക്ക് മദര്‍ തെരേസയെ രണ്ടു പ്രാവശ്യം ആനയിക്കുകയും മിഷനറീസ് ഓഫ് ചാരിറ്റീസിന്റെയും മദറിന്റെയും ശുശ്രൂഷാ സമൂഹത്തിലേക്ക് കേരളത്തെ എത്തിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തത് സിസ്റ്റര്‍ റെജീനയും സഹോദരന്‍ ജോസഫ് മണിപ്പാടത്തുമായിരുന്നു.

മദര്‍ തെരേസയുടെ നാമകരണ നടപടികളില്‍ മദറിന്റെ പുണ്യ ജീവിതം സംബന്ധിച്ച് സഭാധികാരികള്‍ക്ക് ഏറ്റവും സുപ്രധാനമായ സാക്ഷ്യങ്ങള്‍ നല്‍കിയതിലൊരാള്‍ സിസ്റ്റര്‍ റെജീനയാണ്. വൈക്കം ഉദയനാപുരം മണിപ്പാടത്ത് പരേതരായ വര്‍ഗീസ് ഏലമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ റെജീന.

എം.വി. ജോസഫ്, പരേതരായ സിസ്റ്റര്‍ തോമസീന എസ്ഡി, സിസ്റ്റര്‍ ഡമിയാന എസ്ഡി, റോസമ്മ മാത്യു വാഴത്തറ ഉദയംപേരൂര്‍, ഫാ. എ. മണിപ്പാടം എസ്‌ജെ, വര്‍ഗീസ് കുരുവിള, സിസ്റ്റര്‍ സ്‌റ്റെല്ല എംസി എന്നിവര്‍ സഹോദരങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.