സ്പാനിഷ് വിശുദ്ധയുടെ ജീവിതം പറയുന്ന സിനിമ

സ്‌പെയിന്‍ : സ്‌പെയിനിലെ എല്ലാ തീയേറ്ററുകളിലും ഇപ്പോള്‍ നിറഞ്ഞോടുന്നത് ഒരു വിശുദ്ധയുടെ ജീവിതം പറയുന്ന സിനിമയാണ്. സ്‌പെയിന്‍ സ്വദേശിയായ സോളേദാദ് ടോറസ് അകോസ്റ്റ (1826-1887) എന്ന സന്യാസിനിയുടെ ജീവിതം. സ്ത്രീകളെക്കുറിച്ചുള്ള എല്ലാ മുന്‍വിധികളെയും തോല്‍പിച്ചു കൊണ്ടാണ് അക്കാലത്ത് ഈ സന്യാസിനി തന്റെ വ്രതവാഗ്ദാനം പൂര്‍ത്തീകരിച്ചത്.

രോഗികള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍ ഓഫ് സെര്‍വന്റ്‌സ് ഓഫ് മേരി എന്ന സഭ സ്ഥാപിച്ചത് ഈ സന്യാസിനിയാണ്. ഒരു സന്യാസിനിയാകാന്‍ ആഗ്രഹിക്കുന്നു എന്ന സോളോദാദിന്റെ തീരുമാനം മാതാപിതാക്കളെയും മറ്റുളളവരെയും ഒരുപോലെ വിഷമിപ്പിച്ചു.

ലോറ കോണ്‍ട്രാസ് എന്ന നടിയാണ് വെളളിത്തിരയില്‍ വിശുദ്ധ സോളോദാദിന് ജീവന്‍ നല്‍കുന്നത്. ക്രിസ്തുവിന്റെ കരുണയും അലിവും സമൂഹത്തിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ച അസാധാരണ പ്രഭാവമുള്ള വ്യക്തിത്വമായിരുന്നു സെന്റ് സോളേദാദ്. ”നന്മയിലും കരുണയിലുമാണ് അവള്‍ വിശ്വസിച്ചിരുന്നത്. താന്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന ലക്ഷ്യത്തിന് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. യുദ്ധങ്ങളെയും മതപീഡനങ്ങളെയും വിപ്ലവങ്ങളെയും സഭയ്ക്ക് നേരിടേണ്ടി വന്നെങ്കിലും ഈ സന്യാസ സമൂഹത്തിന് അവയെയെല്ലാം അഭിമുഖീകരിക്കാനും അതിജീവിക്കാനും സാധിച്ചു” ലോറ കോണ്‍ട്രാസ് വിശുദ്ധയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു.

പാബ്ലോ മൊറേനോ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ”ഒരു സ്ത്രീയുടെ എല്ലാ മഹത്വവും സഭയ്ക്ക് വേണ്ടി സമര്‍പ്പിച്ചവളായിരുന്നു സെന്റ് സൊളോദാദ്. ഇന്നത്തെ ലോകത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണിത്. സഭയിലെ വളരെ ശക്തയായ വിശുദ്ധയായിരുന്നു അവര്‍. ഇത്തരത്തിലുള്ള അസാധാരണ വ്യക്തിത്വങ്ങളുടെ കഥകള്‍ പുറംലോകമറിയണം. അതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സഭയ്ക്ക് വേണ്ടി മാത്രമല്ല; സമൂഹത്തിനും ഇത് ഉപകാരപ്രദമാണ്.” പാബ്ലോ പറഞ്ഞു. ഫ്രാന്‍സീസ് പാപ്പയ്ക്ക് ഈ സിനിമയുടെ ഒരു കോപ്പി നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ പാബ്ലോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.