ജീവജലത്തിന്റെ ഉറവയുമായി ഒരു സിസ്റ്റര്‍

ഡൊമിനിക്കന്‍ സഭയിലെ സിസ്റ്റര്‍ ആഗ്‌നസ് ബുയ് തി മേ തന്റെ ഒരു ദിവസത്തിലെ 4 മണിക്കൂര്‍ ചെലവഴിക്കുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. കുപ്പികള്‍ കഴുകി വൃത്തിയാക്കി ശുദ്ധമായ കുടിവെള്ളം അതില്‍ നിറച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യും! ജലം ശുദ്ധിയാക്കുന്നതിനുള്ള സംവിധാനവും തന്റെ കോണ്‍വെന്റില്‍ സിസ്റ്റര്‍ ഒരുക്കിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളം കുപ്പിയിലാക്കി കഴിഞ്ഞാല്‍ വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ ഉള്ള സമയങ്ങളില്‍ ആവശ്യക്കാര്‍ക്ക് കോണ്‍വെന്റില്‍ വന്ന് വെള്ളം കൊണ്ടു പോകാം. തലേന്ന് കൊണ്ടു പോയ വെള്ളത്തിന്റെ ഒഴിഞ്ഞ കുപ്പി ആ സമയം തിരിച്ചേല്‍പ്പിക്കുകയും ചെയ്യണം.

”സഭയുടെ ഉപവി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇവിടുത്തെ ജനങ്ങള്‍ക്ക് ഈ ശുദ്ധജല വിതരണം നടത്തുന്നത്” സിസ്റ്റര്‍ ആഗ്‌നസ് പറഞ്ഞു. ”ക്രിസ്ത്യന്‍ മൂല്യങ്ങളുടെ വെളിച്ചത്തില്‍ ജനങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്തുക എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം”സിസ്റ്റര്‍ തുടര്‍ന്നു. പ്രകൃതിയുടെ അമൂല്യ വിഭവമായ ശുദ്ധജലം എല്ലാ ജനങ്ങള്‍ക്കും ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നും സിസ്റ്റര്‍ ഓര്‍മ്മപ്പെടുത്തുന്നു.

”സാധാരണ കിണറുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളം അത്ര ശുദ്ധമാണ് എന്ന് കരുതാന്‍ സാധിക്കില്ല, കാരണം ആ വെള്ളത്തില്‍ മഗ്‌നീഷ്യം പോലുള്ള മൂലകങ്ങളുടെ സാന്നിധ്യം കൂടുതലായിരിക്കും. അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. അതുപോലെ കിണറുകള്‍ വേനല്‍ കാലത്ത് ഉണങ്ങി വരണ്ട് പോകുകയും നദികളിലെ ജലം ജനങ്ങളുടെ ഇടപെടലുകളാല്‍ മോശപ്പെടുകയും ചെയ്യുന്നുണ്ട്,” സിസ്റ്റര്‍ പറഞ്ഞു. ഒരു ചെറിയ തുക വെള്ളത്തിന് ഈടാക്കുന്നുണ്ട്. 20 ലിറ്ററിന്റെ കുപ്പിക് 5000 ഡോങ്ങ് ( 22 സെന്റ് ) അതുപോലെ 30 ലിറ്ററിന്റെ കുപ്പിക്ക് 10,000 ഡോങ്ങും. അതുപോലെ ചെറുകിട കച്ചവടക്കാര്‍ക്ക് 20 ലിറ്റര്‍ ശുദ്ധജലം 9000 ഡോങ്ങിനാണ് നല്‍കുന്നത്.

നാല് വര്‍ഷമായി കോണ്‍വെന്റിലെ ശുദ്ധീകരിച്ച ജലം ഉപയോഗിക്കുന്ന മേരി ജുയന്‍ തി തുയന്‍ പറയുന്നു ”ഉപയോഗിക്കാന്‍ വളരെ നല്ലതാണ്. കൂടാതെ വില വളരെ കുറവും.” മറ്റ് കച്ചവടക്കാര്‍ നല്‍കുന്ന വെള്ളത്തിന് മിക്കവാറും ദുര്‍ഗന്ധമുണ്ടാകും. ഉപയോഗ യോഗ്യവുമല്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുറത്തുള്ള കച്ചവടക്കാര്‍ രാസവസ്തുക്കള്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത് കൊണ്ടാണിതെന്നും അവര്‍ പറയുന്നു.

ജലം വിറ്റ് കിട്ടുന്ന ഈ തുക സിസ്റ്റര്‍ ഉയോഗിക്കുന്നത് വൈദ്യുത ബില്‍ അടക്കുന്നതിനും ജല ശുദ്ധീകരണ സംവിധാനത്തിന്റെ അറ്റകുറ്റ പണിക്കുമായാണ്. കോണ്‍വെന്റില്‍ ഉള്ള 160 അടി താഴ്ചയില്‍ സ്ഥാപിച്ചിരിക്കുന്ന കിണര്‍ ജലത്തിലൂടെയാണ് ഈ വിതരണം സാധ്യമാക്കുന്നത്. 1000 ലിറ്ററില്‍ അധികം ജലം ഇവിടെ നിന്ന് ശുദ്ധീകരിച്ച് ദിവസവും നല്‍കുന്നു. ഹോ ച്ചി മിന്‍ നഗരത്തിലെ ഇന്‍സ്റ്റിറ്യൂട്ടില്‍ നിന്നും കോണ്‍വെന്റിലെ ശുദ്ധീകരിച്ച ജലത്തിന് ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്.

അവിടുത്തെ ജനങ്ങളുടെ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ അറിയാനായി സിസ്റ്റര്‍മാര്‍ ജനങ്ങളുമായി സഹവര്‍ത്തിത്വം പുലര്‍ത്തി പോരുന്നു. വിന്‍ കൂ ജില്ലയിലെ ടാന്‍ ആന്‍ സമൂഹത്തിലാണ് സിസ്റ്റര്‍ ആഗ്‌നസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ ശുദ്ധജല വിതരണ പരിപാടിയിലൂടെ ദാരിദ്ര്യം അടക്കമുള്ള അവിടുത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ വിഷയങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നുണ്ടെന്ന് സിസ്റ്റര്‍ പറഞ്ഞു. 9000 ജനസംഖ്യയുള്ള ഇവിടെ ആയിരത്തോളം പേര്‍ കത്തോലിക്കര്‍ ആണ്.

ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും 1980-കളില്‍ വടക്ക് കിഴക്കന്‍ വിയറ്റ്‌നാം പ്രവിശ്യകളില്‍ നിന്നും ഇവിടേക്ക് കുടിയേറി വന്നവരാണ്. തടി ഉപകരണങ്ങള്‍ നിര്‍മ്മിക്കലാണ് പ്രധാന ഉപജീവന മാര്‍ഗം. പക്ഷേ, എല്ലാം കുടുംബങ്ങള്‍ക്കും ആവശ്യം വേണ്ട വിഭവങ്ങള്‍ ലഭിക്കാറില്ല. പല കുടുംബങ്ങളിലേയും കുഞ്ഞുങ്ങളെ സ്‌കൂളുകളില്‍ പോലും അയക്കാന്‍ കഴിയാറില്ല. ശുദ്ധജല വിതരണ പദ്ധതിയിലൂടെ സമൂഹത്തിലെ എല്ലാത്തരം ജനങ്ങളേയും അടുത്തറിയാനും ഇത്തരത്തില്‍ ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ക്ക് അവശ്യ ഭക്ഷണവും മറ്റ് സഹായങ്ങള്‍ ലഭ്യമാക്കാനും സാധിക്കുന്നു. നിലവില്‍ 50 കുഞ്ഞുങ്ങള്‍ക്ക് ഉള്ള ഒരു ഡേ കെയര്‍ സെന്റര്‍ ആരംഭിച്ച് അവരെ മതബോധനം ചെയ്യിക്കാന്‍ സാധിക്കുന്നുണ്ട്.

ഡോ. സിജു വിജയന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.