മെറിന്റെ സങ്കീര്‍ത്തനങ്ങള്‍

ആലുവ ചൂണ്ടി എട്ടേക്കറിലെ സെന്റ് ജൂഡിന്റെ നൊവേനയിലായിരുന്നു മെറിന്‍ അപ്പോള്‍. ഒക്‌ടോബര്‍ മാസത്തിലെ ആ വൈകുന്നേരത്ത്  ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ മെറിനൊരിക്കലും കരുതിയില്ല, അതൊരു ക്രിസ്മസ് സമ്മാനത്തിന്റെ മണിയൊച്ചയായി മാറുമെന്ന്. ”കോളെടുത്തപ്പോള്‍  വിദ്യാസാഗര്‍ സാറിന്റെ മാനേജര്‍ മുരുകന്‍ ചേട്ടന്‍. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: അയച്ച സിഡിയിലെ പാട്ട് കേട്ടു. അദ്ദേഹത്തിന്റ അടുത്ത സിനിമയില്‍ ഒരു പാട്ട് പാടാന്‍ വേണ്ടിയാണ്. നാളെത്തന്നെ ചെന്നൈയിലെത്തണം.” താന്‍ ഏറ്റവും ആരാധിക്കുന്ന സംഗീത സംവിധായകന്റെ കോള്‍ വന്നപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു നേരം അന്തം വിട്ട് നിന്നെന്ന് മെറിന്‍. ”ഞാന്‍ പാടിയ പാട്ടുകളെല്ലാം ഞാന്‍ അദ്ദേഹത്തിന് മെയില്‍ ചെയ്തിട്ടുണ്ടായിരുന്നു. അതിലൊരു പാട്ട് കേട്ടിട്ട് അതേ ശബ്ദത്തില്‍ ഒരു പാട്ട് വേണമെന്ന് അദ്ദേഹം പറഞ്ഞിട്ടാണ് മുരുകന്‍ ചേട്ടന്‍ എന്നെ വിളിച്ചത്.” ഫോണ്‍ കട്ടായിട്ടും കേട്ടത് സത്യമാണോ എന്ന്  തിരിച്ചറിയാന്‍ സാധിക്കാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു താനെന്ന് മെറിന്‍ ഓര്‍ത്തെടുക്കുന്നു.

അങ്ങനെ മെറിനും പപ്പയും അമ്മയും അനിയത്തിയും കൂടി അന്നുതന്നെ കാറില്‍ ചെന്നൈയിലേക്ക് തിരിച്ചു. ഓണത്തിന്റെ തലേന്നല്ലേ? ട്രെയിനിലോ വിമാനത്തിലോ ടിക്കറ്റ് കിട്ടാന്‍ യാതൊരു വഴിയുമില്ല. അങ്ങനെയായിരുന്നു കാറില്‍ യാത്ര തിരിച്ചത്. അവിടെത്തിയപ്പോള്‍ ഞെട്ടിപ്പോയെന്ന് മെറിന്‍. ഡ്യൂയറ്റ് സോംഗില്‍ കൂടെപ്പാടാനുള്ള ഗായികയെ കാത്തിരിക്കുകയാണ് സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഉള്‍പ്പെടെയുള്ള ടീം. ഇത്രയും ദൂരം യാത്ര ചെയ്തതിന്റെ ടെന്‍ഷന്‍. വിദ്യാസാഗര്‍ എന്ന സംഗീത ഇതിഹാസത്തെ തൊട്ടുമുന്നില്‍ കണ്ടതിന്റെ ടെന്‍ഷന്‍. അങ്ങനെ മൊത്തം ടെന്‍ഷനിലായിരുന്നു താനെന്ന് പറയുമ്പോഴും മെറിനൊരല്‍പം ടെന്‍ഷനുണ്ട്. ഇതൊക്കെ മനസ്സിലാക്കിയിട്ടാകാം, ”എന്റെ മുഖത്തേക്ക് നോക്കണ്ട. ലിറിക്‌സ് പറയുന്നത് ശ്രദ്ധിച്ചാല്‍ മതി” എന്നായിരുന്നു വിദ്യാസാഗറിന്റെ വാക്കുകള്‍. എന്തായാലും ആദ്യടേക്കില്‍ തന്നെ പാട്ട് ഓകെ.

പാട്ട് പാടി നാട്ടിലെത്തി ഒരു മാസം കഴിഞ്ഞപ്പോഴാണ് മെറിന്‍ താന്‍ പാട്ടിന്റെ പെരുമ അറിയുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍, വിദ്യാസാഗറിന്റെ സംഗീതം, സത്യന്‍ അന്തിക്കാടിന്റെ സിനിമ പോരാത്തതിന് പാട്ടില്‍ അഭിനയിക്കുന്നത് യുവതാരം ദുല്‍ഖര്‍. ഇത്രയും വലിയൊരു സംരംഭത്തിന്റെ ഭാഗമായിരുന്നു താനെന്ന തിരിച്ചറിവ് അപ്പോഴാണ് വന്നതെന്ന് മെറിന്‍ ആഹ്‌ളാദത്തോടെ പറയുന്നു. പടം – ജോമോന്റെ സുവിശേഷങ്ങൾ.  ക്രിസ്മസിനായിരിക്കും റിലീസെന്ന് അന്ന് അറിഞ്ഞിരുന്നു.

ഒരു ദിവസം സുഹൃത്തും ഗായകനുമായ അനൂപ് ശങ്കറിന്റെ കോള്‍. ”നിന്റെ പാട്ട് ഇറങ്ങിയല്ലോ. നന്നായിട്ടുണ്ട്” തന്റെ മറുപടി ഇങ്ങനെയായിരുന്നു എന്ന് മെറിന്‍, “ആ, ഇറങ്ങിയോ? ഞാന്‍ കേട്ടില്ല”! അങ്ങനെ അനൂപാണ് സ്വന്തം പാട്ടിന്റെ യൂട്യൂബ് ലിങ്ക് മെറിന് ആദ്യം അയച്ചു കൊടുത്തത്. പാട്ട് കേട്ട് ആദ്യത്തെ അഭിനന്ദനവും അനൂപില്‍ നിന്നായിരുന്നു എന്ന് മെറിന്‍. ഈ സന്തോഷങ്ങളുടെയെല്ലാം ക്രെഡിറ്റ് അന്തോണീസ് പുണ്യവാളന്റെ അനുഗ്രഹമാണെന്ന് ഉറച്ച് വിശ്വസിക്കാനാണ് മെറിനിഷ്ടം.

2006-ല്‍ ഒരു ചാനല്‍ റിയാലിറ്റി ഷോയിലെ ടൈറ്റില്‍ വിന്നറായിരുന്നു മെറിന്‍ ഗ്രിഗറി. അതിനും വളരെക്കാലം മുമ്പ് തന്നെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ചാനല്‍ റിയാലിറ്റി ഷോയിലൂടെ തന്നെയായിരുന്നു മെറിന്റെ അരങ്ങേറ്റം. സൗദിയിലായിരുന്നു മെറിന്റെ കുട്ടിക്കാലം. മൂന്നാം വയസ്സുമുതല് പാട്ട് പഠിച്ചുതുടങ്ങി. അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ചാനല്‍ റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചത്. പിന്നീട് ഒമ്പതാക്ലാസുമുതല്‍ നാട്ടിലായിരുന്നു പഠനം. സൗദിയിലായിരുന്നപ്പോള്‍ മുതല്‍ സ്റ്റേജ് ഷോകളില്‍ മെറിന്‍ കഴിവ് തെളിയിച്ചിരുന്നു. റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയ സംഗീതസംവിധായകനാണ് റോമന്‍സ് എന്ന  സിനിമയില്‍ പാടാന്‍ അവസരം നല്‍കിയത്.

ഡിവോഷണല്‍ ആല്‍ബങ്ങളിലൂടെയാണ് ഗാനരംഗത്തേക്കുള്ള  തന്റെ കടന്നുവരവ് എന്ന് മെറിന്‍ അഭിമാനത്തോടെ പറയുന്നു. പള്ളിയിലെ ക്വയര്‍ ഗായിക കൂടിയാണ് താനെന്ന് മെറിന്‍ കൂട്ടിച്ചേര്‍ക്കുന്നു. ”വരികളുടെ അര്‍ത്ഥം അറിഞ്ഞ് പാടാന്‍ കഴിയുന്നു എന്നതാണ് ഡിവോഷണല്‍ സോംഗ്‌സിന്റെ പ്രത്യേകത എന്നെനിക്ക് തോന്നുന്നു. പ്രാര്‍ത്ഥനയ്ക്കും ദൈവത്തിനും എന്റെ ജീവിതത്തില്‍ വളരെ വലിയൊരു സ്ഥാനമുണ്ട്. സംഗീതത്തില്‍ ഇത്രയും എത്താന്‍ സാധിച്ചത് ദൈവത്തിന്റെ കാരുണ്യം ഒന്നു കൊണ്ട് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാട്ടിലായിരിക്കുമ്പോള്‍ എല്ലാം ഞാന്‍ കുര്‍ബാനയും നൊവേനയും മുടക്കാറില്ല.” ദൈവത്തിന്റെ കരമാണ് തന്നെ നടത്തുന്നതെന്ന് മെറിന്റെ ഉറപ്പുള്ള വാക്കുകള്‍.

സങ്കീര്‍ത്തനങ്ങളാണ് തനിക്കേറെയിഷ്ടമുള്ള സുവിശേഷ ഭാഗമെന്ന് മെറിന്‍ പറയുന്നു. ”കിന്നരം കൊണ്ട് കര്‍ത്താവിനെ സ്തുതിക്കുവിന്‍. പത്ത് കമ്പിയുളള വീണ മീട്ടി അവിടുത്തേയ്ക്ക് കീര്‍ത്തനമാലപിക്കുവിന്‍. ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ദ്ധമായി തന്ത്രി മീട്ടുവിന്‍.” കര്‍ത്താവിനെ സംഗീതത്താലും കീര്‍ത്തനങ്ങളാലും സ്തുതിച്ചാരാധിക്കാന്‍ വിളംബരം ചെയ്യുന്ന ഈ  വാക്യങ്ങളാണ് തന്റെ കരുത്തും പിന്തുണയുമെന്ന് മെറിന്‍ ഉറപ്പിച്ച് പറയുന്നു, ”റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തിലെ ഏതെങ്കിലുമൊരും അധ്യായം വായിച്ചിരിക്കും. കാരണം സംഗീതം കൊണ്ട് കര്‍ത്താവിനെ ആരാധിക്കാനല്ലേ ഇതില്‍ പറയുന്നത് ? ഞാന്‍ പോകുന്നതും സംഗീതത്തിന് വേണ്ടിയാണ്.”

ലതാ മങ്കേഷ്‌കറെയും ശ്രേയാ ഘോഷാലിനെയും ഇഷ്ടപ്പെടുന്ന മെറിന്‍ തന്റെ സംഗീത ജീവിതത്തില്‍ മുന്നോട്ട് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

സുമം തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.