ക്രിസ്തുമസ് ധ്യാനം: 13 സത്രം

അവള്‍ ശിശുവിനെ പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവള്‍ക്ക് സ്ഥലം കിട്ടിയില്ല (ലൂക്കാ 2:7).

ജി.എസ്. കല്‍ജോയുടെ ‘ദ സെക്കന്റ് കമിങ്ങ്’ എന്ന കഥ സത്രത്തെക്കുറിച്ചുള്ള ചിന്തയില്‍ ഏറെ അര്‍ത്ഥപൂര്‍ണ്ണമായിരിക്കും. കഥ ഇങ്ങനെയാണ്…

ക്രിസ്തുവിന്റെ രണ്ടാം വരവാണ് പ്രതിപാദ്യ വിഷയം. ലോകാവസാനത്തിലെ രണ്ടാം വരവല്ല, ഒരു ക്രിസ്തുമസ് ദിനത്തിലെ രണ്ടാം വരവ്. പണ്ട് യൗസേപ്പും മാതാവും ഇടം തേടിയലഞ്ഞ സത്രങ്ങളിലേയ്ക്ക് ഒരു ക്രിസ്തുമസ് രാത്രിയില്‍ ക്രിസ്തു കടന്നുവരികയാണ്. തങ്ങളുടെ വാതില്‍ക്കലാണ് യൗസേപ്പും മേരിയും പണ്ട് മുട്ടിവിളിച്ചത്. അന്ന് തുറന്നുകൊടുക്കാന്‍ പറ്റിയില്ല. അതുകൊണ്ട് ഏറ്റവും നല്ല രീതിയില്‍ ക്രിസ്തുമസ് ആഘോഷിക്കണമെന്ന് ഓരോ സത്രമുടമയും തീരുമാനിച്ചിരുന്നു. അതിനാല്‍ ഏറ്റവും മനോഹരമായ രീതിയിലാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ അവര്‍ ഒരുക്കിയിരുന്നത്. കൊടിതോരണങ്ങള്‍, നക്ഷത്രവിളക്കുകള്‍, പുല്‍ക്കൂടുകള്‍ ആകെപ്പാടെ വര്‍ണപ്പകിട്ടാണ് അവിടെ. ‘പണ്ടോ തനിക്കവിടെ ഇടം കിട്ടിയില്ല. ഇന്നെങ്കിലും, ഇനിയെങ്കിലും തനിക്ക് അവിടെയെവിടെയെങ്കിലും അല്പം സ്ഥലം കിട്ടാതിരിക്കില്ല’ എന്ന പ്രതീക്ഷയോടെ ക്രിസ്തു വരികയാണ്. ഓരോ സത്രവാതില്‍ക്കലും അവന്‍ മുട്ടിവിളിച്ചു. എല്ലായിടത്തു നിന്നും ഒരേ മറുപടിയാണ്: ‘ഇവിടെ ക്രിസ്തുമസ് ആഘോഷമാണ്. എല്ലാ മുറികളും ബുക്ക്ഡ് ആണ്. താങ്കള്‍ക്ക് സ്ഥലമില്ല.’

രണ്ടാം വരവിലും തിരസ്‌കൃതനായ ക്രിസ്തു തിരിഞ്ഞുനടക്കുന്നതിനിടയില്‍ ആത്മഗതമായി ഇങ്ങനെ പറയുന്നു: ‘സത്രമെന്നാല്‍ അഭയകേന്ദ്രം എന്നാണര്‍ത്ഥം. ഇന്ന് അഭയകേന്ദ്രങ്ങള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെടുകയാണല്ലോ’ എന്ന്. എന്നിട്ടവന്‍ ലക്ഷ്യമെത്താതെയുള്ള തന്റെ യാത്ര തുടര്‍ന്നു.

മലയാള ശബ്ദതാരാവലിയിലും സത്രം എന്ന വാക്കിന് അഭയകേന്ദ്രം എന്നാണര്‍ത്ഥം. മറ്റൊരിടത്തും അഭയം കിട്ടാത്തവര്‍ക്കുള്ള രക്ഷാകേന്ദ്രം. യൗസേപ്പിന്റെയും മേരിയുടെയും മുമ്പില്‍ അഭയകേന്ദ്രമാകേണ്ടതായിരുന്നു അന്ന് സത്രങ്ങള്‍. അവര്‍ക്ക് അഭയം നല്‍കാത്തതു വഴി, സത്രം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ നഷ്ടപ്പെടുകയാണ്. ‘അഭയകേന്ദ്രങ്ങള്‍’ അഭയം നല്‍കാതിരിക്കുമ്പോള്‍ അര്‍ത്ഥം നഷ്ടപ്പെടും.

ക്രിസ്തുമസ് കാലത്തിന്റെ വിശുദ്ധിയും പുണ്യം കലര്‍ന്ന കുളിരും അനുഭവിക്കുകയാണ് നമ്മള്‍. ഇതിനിടയില്‍ പുല്‍ക്കൂട് പകരുന്ന ആത്മീയതയുടെ ചൂട് നുകര്‍ന്നുകൊണ്ട് സ്വയം ഒന്നാലോചിക്കുക: അഭയകേന്ദ്രങ്ങളാകാന്‍ നമുക്കാവുന്നുണ്ടോ? എല്ലാം തുടങ്ങുന്ന ഇടമാണ് ഈ പുല്‍ക്കൂടിന്റെ പശ്ചാത്തലം. ‘ഇരുളില്‍ കഴിഞ്ഞിരുന്നവര്‍ക്കൊരു പ്രകാശം ഉദിക്കുകയാണ്’ ഇവിടെ. ഗതകാലസ്മരണകളുടെ തേരിലേറി ക്രിസ്മസ് കാറ്റേറ്റുകൊണ്ട് ഉറക്കെ ചിന്തിക്കുക, അഭയകേന്ദ്രമാകാന്‍ എനിക്ക് പറ്റുന്നുണ്ടോ? മറ്റൊരിടത്തു നിന്നും അഭയം കിട്ടാതെ, രക്ഷാകേന്ദ്രം കിട്ടാതെ അവര്‍ അലയുമ്പോള്‍ അവരുടെ മുമ്പിലേയ്ക്ക് വിനീതനായി കടന്നുചെന്ന് ‘സോദരാ/ സോദരി, നിനക്ക് ഞാന്‍ അഭയമേകാം’ എന്ന് ആത്മാര്‍ത്ഥതയോടെ പറയാന്‍ നമ്മില്‍ എത്രപേര്‍ക്ക് സാധിക്കുന്നുണ്ട്? വിശക്കുന്നവന് ഭക്ഷണമായും ദാഹിക്കുന്നവന് ജലമായും വസ്ത്രമില്ലാത്തവന് വസ്ത്രമായും തൊഴില്‍രഹിതന് തൊഴിലായുമാണ് നമ്മള്‍ അഭയകേന്ദ്രങ്ങളായി തീരേണ്ടത്.

പക്ഷേ, പലപ്പോഴും പുല്‍ക്കൂടിന്റെ ചൂട് നല്‍കുന്ന സുഖകരമായ ആലസ്യത്തില്‍പ്പെട്ട് നാം എല്ലാം മറക്കുന്നു. നമ്മുടെ ക്രിസ്തുമസ് ആഘോഷം കേവലം പ്രകടനമായി അവശേഷിക്കുകയല്ലേ പലപ്പോഴും? എത്രയോ ക്രിസ്തുമസുകള്‍ നമ്മളാഘോഷിച്ചു! എത്രയോ പുല്‍ക്കൂടുകള്‍ നമ്മള്‍ കെട്ടി! എത്രയോ ഉണ്ണീശോമാരെ നമ്മള്‍ ജനിപ്പിച്ചു! എന്നിട്ടും നമുക്കാര്‍ക്കും അഭയകേന്ദ്രങ്ങളാകാന്‍ പറ്റിയിട്ടില്ല.  ക്രിസ്തുവിന് അഭയകേന്ദ്രമാകാന്‍ സ്വന്തം ജീവിതം കാഴ്ചയായി അര്‍പ്പിക്കാന്‍ നമുക്ക് പറ്റിയിട്ടില്ല. എന്തിനേറെ പറയുന്നു, ജീവിതത്തില്‍ നമ്മോടേറ്റം ഒട്ടിച്ചേര്‍ന്നിരിക്കുന്നവര്‍ക്കു പോലും അഭയകേന്ദ്രമാകാന്‍ നമുക്ക് സാധിച്ചിട്ടില്ല.

കപട അഭയകേന്ദ്രങ്ങളും ഇന്ന് നമുക്കുചുറ്റും ഏറെയുണ്ട്. അഭയമേകാം എന്നുപറഞ്ഞ് വിളിച്ച് അണച്ചിട്ട് അപകടത്തിലേയ്ക്ക് വലിച്ചെറിയുന്നവര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാക്കിസ്ഥാനിലും കാശ്മീരിലും നടന്ന ഭൂകമ്പങ്ങള്‍ നമ്മുടെ മനസാക്ഷിയെ ഒത്തിരി വ്രണപ്പെടുത്തിയ സംഭവമാണ്. അടുത്തുപോയി അവരെയൊക്കെ ആശ്വസിപ്പിക്കാന്‍ നമുക്കായില്ലെങ്കിലും അകലെയിരുന്നുകൊണ്ട് സഹതപിച്ചും പ്രാര്‍ത്ഥിച്ചും നമ്മളവരോട് മനസ് ചേര്‍ത്തു. അവിടങ്ങളില്‍ അനാഥരായ കുട്ടികളെപ്പറ്റി പിന്നീട് വാര്‍ത്തകള്‍ വന്നു. പ്രത്യേകിച്ച്  പെണ്‍കുട്ടികളെക്കുറിച്ച്. അവരെയൊക്കെ ആര് സംരക്ഷിക്കും എന്ന വലിയ ചോദ്യം അവിടെയും മുഴങ്ങി. അപ്പോള്‍ സഹായഹസ്തവുമായി ഒട്ടേറെപ്പേര്‍ കടന്നുവന്നു. പല പെണ്‍കുട്ടികളെയും അവര്‍ ദത്തെടുത്തു. ഇവരെത്ര നല്ലവര്‍ എന്ന് ലോകം ഒന്നടങ്കം അവരെപ്പറ്റി നല്ലതു ചൊല്ലി. പക്ഷേ, പിന്നീടാണ് കാര്യങ്ങളുടെ സത്യാവസ്ഥ ഏവര്‍ക്കും ബോധ്യമായത്. ഈ പെണ്‍കുട്ടികളെ ദത്തെടുത്തവര്‍ അവര്‍ വളര്‍ന്നുവലുതാകുമ്പോള്‍ അവരെ മോശമായ കാര്യങ്ങള്‍ക്കായി വില്‍ക്കാന്‍ വേണ്ടിയായിരുന്നു ദത്തെടുത്തിരുന്നത് എന്ന വാര്‍ത്ത പുറത്തുവന്നു. അഭയകേന്ദ്രങ്ങള്‍ അപകടകേന്ദ്രങ്ങളാകുന്നു പലപ്പോഴും.

ചിലപ്പോഴൊക്കെ നമ്മളും അഭയകേന്ദ്രങ്ങളായി തീരാറുണ്ട്. അഭയകേന്ദ്രങ്ങളാകുമ്പേള്‍ അപരരോടുള്ള നമ്മുടെ മനോഭാവമെന്താണ്? പലപ്പോഴും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് നമ്മള്‍ അപരന് അഭയം നല്‍കുന്നത്. നമ്മുടെ കയ്യക്ഷരത്തില്‍ മാത്രമേ അവന്‍ എഴുതാവൂ എന്ന് ആജ്ഞാപിക്കാന്‍ നമുക്കെന്തവകാശം? അപരനെ അടിമയാക്കാന്‍ വേണ്ടി അഭയകേന്ദ്രങ്ങള്‍ നല്‍കുന്ന പ്രവണത ഇനിയെങ്കിലും നമ്മള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥ അഭയകേന്ദ്രങ്ങളാകാന്‍ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും. നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ അപരര്‍ക്ക് അപകടകേന്ദ്രമാകാതെ അഭയകേന്ദ്രമാകാന്‍ ശ്രമിക്കുക എന്നത് ക്രിസ്തുമസ് നമുക്ക് നല്‍കുന്ന പാഠങ്ങളിലൊന്നാണ്. തളര്‍ന്നുവന്ന മേരിക്കും യൗസേപ്പിനും അഭയം നല്‍കാന്‍ അന്നത്തെ സത്രങ്ങള്‍ക്ക് സാധിച്ചില്ല. ഇന്നും തളര്‍ന്നുവരുന്നവര്‍ ഏറെയാണ്. അവര്‍ക്ക് അഭയം നല്‍കാന്‍ നമുക്ക് സാധിക്കും. നമുക്ക്, അവനും/ അവള്‍ക്കും അഭയകേന്ദ്രമാകാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരുപക്ഷേ, ഇന്ന് അവരെത്തുന്നത് പുല്‍ത്തൊഴുത്തിലായിരിക്കില്ല. മറിച്ച്, ഒരുമുഴം കയറിലോ, ഒരു കയത്തിന്റെ ആഴത്തിലോ, ഒരു കുപ്പി വിഷത്തിലോ, ഒരു മദ്യഷാപ്പിലോ, ഒരു നിശാകേന്ദ്രത്തിലോ ആയിരിക്കും. ഏതു പുല്‍ക്കൂടും നമ്മെ തീര്‍ച്ചയായും സത്രത്തെ – അഭയകേന്ദ്രത്തെ – ഓര്‍മ്മപ്പെടുത്തും. ദിവ്യശിശു നമ്മോട് മൗനമായി മന്ത്രിക്കുന്നുണ്ട്; അഭയകേന്ദ്രമാകുക – നമ്മെ സമീപിക്കുന്ന ഏവര്‍ക്കും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

പ്രാര്‍ത്ഥന:

ദൈവമേ, ആവശ്യക്കാരന്റെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെടുന്ന സത്രം പോലെയാണ് പലപ്പോഴും എന്റെ ജീവിതം എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ഇടം കൊടുക്കാത്തതിനാല്‍ മറുവഴികളിലേയ്ക്ക് പോയവര്‍ ഏറെയുണ്ട്. അപരര്‍ക്ക് സമീപസ്ഥനാകാനും അഭയകേന്ദ്രമാകാനുമാണ് എന്റെ വിളി എന്ന തിരിച്ചറിവിലേയ്ക്ക് എന്നെ വളര്‍ത്തേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.