മറിയത്തിനു മുൻപിൽ എന്തിനാണ് ഗബ്രിയേൽ മുട്ട് കുത്തുന്നത്?

ഗബ്രിയേൽ ദൂതൻ മറിയത്തെ സന്ദർശിക്കുന്നതും ദൈവപുത്രന് അവൾ ജന്മം കൊടുക്കും എന്ന സദ് വാർത്ത അറിയിക്കുന്നതും ഇതിവൃത്തമാക്കി സാന്ദ്രൊ ബൊത്തി ചെല്ലി എന്ന ഇറ്റാലിയൻ കലാകാരൻ വരച്ച ചിത്രമാണിത്.

സാന്ദ്രൊ ബൊത്തിചെല്ലി
സാന്ദ്രൊ ബൊത്തിചെല്ലി

“ചെസ്ത്തെല്ലോയിലെ സദ് വാർത്ത” എന്നും ഈ ചിത്രം അറിയപ്പെടുന്നുണ്ട്. കാരണം ഇറ്റലിയിലെ ഫ്ലോറൻസിനടുത്ത് ചെസ്ത്തേല്ലോ എന്ന ഗ്രാമത്തിലെ കോൺവെന്റ് ചാപ്പലിൽ വയ്ക്കുന്നതിനായി വരയ്ക്കപ്പെട്ട ചിത്രമായിരുന്നു ഇത്. എന്നാൽ ഇന്ന് ഈ ചിത്രം സ്ഥിതി ചെയ്യുന്നത് ഫ്ലോറൻസിലെ തന്നെ “ബോർഗൊ പിൻതി” എന്ന സ്ഥലത്താണ്.

പലകയിൽ, ടെമ്പര്‍ കളർ ഉപയോഗിച്ചാണ് ചിത്രകാരൻ ഈ ചിത്രം രചിച്ചിരിക്കുന്നത്. യഥാർത്ഥ ചിത്രത്തിന്റ താഴെ ഫ്രെയിമിൽ” പരിശുദധാത്മാവു് നിന്റെ മേൽ വരും, അത്യുന്നതൻ തന്റെ ശക്തി കൊണ്ട് നിന്നെ മൂടും” എന്ന ലൂക്കാ സുവിശേഷ വചനത്തിന്റെ ലത്തീൻ രൂപം എഴുതി ചേർത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈ ചിത്രത്തിന്റ തീം ക്രിസ്തീയ ചിത്ര ചരിത്രത്തിൽ എത്രയോ കാലഘട്ടങ്ങളായി എത്രയോ കലാകാരൻമാർ പ്രതിപാദ്യ വിഷയമാക്കിയിട്ടുള്ളതാണെങ്കിലും ബൊത്തി ചെല്ലിയുടെ ഈ ചിത്രം അതിൽ നിന്നെല്ലാം ഏറെ വേറിട്ടു നിൽക്കുന്നതാണ്.

കൊമ്പോസിഷൻ

ഈ ചിത്രത്തിൽ മാലാഖയുടെ സ്ഥാനം ഇടത്തുവശത്തും മറിയത്തിന്റെ സ്ഥാനം വലത്തു വശത്തുമാണ്. ഒപ്പം നഷ്ടപ്പെട്ട ഏദെൻ തോട്ടത്തിന്റെ ഓർമ്മ ജനിപ്പിക്കുന്ന ഒരു  ലാൻഡ് സ്കേപ്പ് ചിത്രത്തിന്റെ പശ്ചാത്തലവുമുണ്ട്.

landscape

തുറന്നു കിടക്കുന്ന ജാലകത്തിലൂടെ കാണപ്പെടുന്ന വിശാലമായ ഈ ലാൻഡ്സ്കേപ്പിന് ചിത്രകാരൻ അത്ര വലിയ പ്രാധാന്യം ഒന്നും നൽകുന്നില്ലെങ്കിലും, അവയിൽ അറിഞ്ഞൊ അറിയാതെയൊ ഒളിഞ്ഞിരിക്കുന്ന ആശയങ്ങൾ ഏറെ സമ്പന്നമാണ്. അതു കൊണ്ട് തന്നെ ഇവിടെ ചിത്രീകരിച്ചിരിക്കുന്ന ലാൻഡ്സ് കേപ്പ് വളരെ ബോധപൂർവ്വം വരച്ചു ചേർത്തു എന്നു വേണം കരുതാൻ. കാരണം നഷ്ടസ്വപ്നങ്ങളുടെ ഏദൻ തോട്ടത്തെ പ്രതിനിധാനം ചെയ്യുന്നതും, ആകർഷണീയവും, മാതൃകാപരവുമാണ് അത്. മറിയത്തിലൂടെ സാധ്യമാകാൻ പോകുന്ന രക്ഷക ജനനത്തെപ്പറ്റി അറിയിപ്പുകൊടുക്കുമ്പോൾ പശ്ചാത്തലമായി ഈ ഏദൻ ദ്യശ്യങ്ങൾ ആവിഷ്കരിക്കുന്നതിലൂടെ, മനുഷ്യൻ നഷ്ടമാക്കിയ ഏദൻ സൗഭാഗ്യങ്ങളും, സമ്യദ്ധിയും യേശുവിലൂടെയാണ് വീണ്ടെടുക്കപ്പെടാൻ പോകുന്നത് എന്ന ഒരു സൂചന നൽകുന്നതിനു വേണ്ടി കൂടിയാണിത്.

പച്ചപ്പു നിറഞ്ഞ കൃഷിയിടങ്ങളെ തഴുകി ഒഴുകുന്ന ഒരു പുഴ ഇതിൽ ദ്യശ്യമാണ്. ഇത് രണ്ടു കോട്ടകളെ ബന്ധിപ്പിക്കുന്ന ഒരു പാലത്തിനടിയിലൂടെയാണ് ഒഴുകി നീങ്ങുന്നത്.

പശ്ചാത്തലത്തിൽ സുന്ദരമായ വിധത്തിൽ ഓടുപാകിയ തറ കാണാം. അവിടെയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ തറയിലെ വരകൾ പശ്ചാത്തലത്തിലുള്ള സീനറിയിലേക്ക് നീണ്ടുപോകുന്ന ഒരു രീതിയാണ് ബൊത്തി ചെല്ലി ഇവിടെ അവലംബിച്ചിരിക്കുന്നത്. നീണ്ടുപോകുന്ന ഈ നേർരേഖയെ ഖണ്ഡിക്കുന്ന രീതിയിലാണ് ഇതിലെ രണ്ടു കഥാപാത്രങ്ങളും അവരുടെ ചലനങ്ങളും.

ഈ ചിത്രത്തിൽ പ്രകാശ വിന്യാസങ്ങളുടെ പ്രത്യേകതകൾ അത്ര എടുത്തു പറയത്തക്കതൊന്നും തന്നെയില്ല. കാരണം പ്രകാശ സ്രോതസ്സ് എവിടെ നിന്നാകും എന്നതിന്റെ വ്യക്തമായ ഒരു ധാരണ ഒറ്റനോട്ടത്തിൽ കാഴ്ചക്കാരന് ലഭിക്കുക പ്രയാസകരമാണ്. എങ്കിലും ദൂതനെ ചിത്രീകരിച്ചിരിക്കുന്നിടത്ത് മാത്രം നിലത്ത് നിഴലു വീഴുന്ന പ്രതീതിയാണ് ചിത്രകാരൻ വരുത്തിയിരിക്കുന്നത്.

Botticelli, Verkuendigung, Engel - Annunciation / Botticelli / 1489 - Botticelli, Sandro, Alessandro Filipepi,

ഗബ്രിയേൽ മാലാഖ മറിയത്തിനു മുൻപിൽ മുട്ടിൻമേൽ ആയിരിക്കുന്ന രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് അൽപ അസാധാരണമാണെങ്കിലും കൃപയുടെ വലിയ ഒരു നിറവ് അംഗവിക്ഷേപങ്ങളിലും, കൊമ്പോസിഷനിലും കാണാൻ കഴിയും. ഒപ്പം, ദൈവത്താലയയ്ക്കപ്പെട്ട ദ്ദതനോട് വിനയവും ബഹുമാനവും കാണിക്കുന്നതിന്റെ സൂചകമായി  മറിയം ശിരസ്സ് അൽപം താഴ്ത്തി നിൽക്കുന്നതായും കാണാം.

Botticelli, Verkuendigung, Maria - Botticelli, Annunciation, Virgin Mary -

ദ്ദതന്റെ കൈയ്യിലെ വെളുത്ത ലില്ലി പൂവ് വിശുദ്ധിയുടേയും നിർമ്മലതയുടേയും പ്രതീകമാണ്. ദൈവപുത്രന്റെ മാതാവാകാൻ തിരഞ്ഞെടുക്കപ്പെട്ട മറിയത്തിന്റെ കറ പുരളാത്ത ജീവിതത്തിന്റെ സൂചന തന്നെയാണത്.

anunciation-2

ഈ ചിത്ര പശ്ചാത്തലത്തിൽ കാണുന്ന മറ്റൊരു ഘടകമാണ് അധികം പ്രായമാകാത്ത ഒരു ഓക്കുമരം. റോമാക്കാർക്കും, ഗ്രീക്കുകാർക്കും വിശുദ്ധമായ ഒന്നാണ് ഓക്കുമരം. ഈ ചിത്രത്തിൽ ഇതിന്റെ സ്ഥാനം വളരെ പ്രതീകാത്മകമാണ്. അത് അനന്ദമായ സമയത്തിന്റെ സൂചികയാണ്. ഒപ്പം അവിടെ കാണുന്ന ലാൻഡ്സ് കേപ്പിന്റെ വലുപ്പം അനന്തമായ “ഇട”ത്തിലേക്കും വിരൽ ചൂണ്ടുന്നു. ഒരു പക്ഷേ ഇത് രക്ഷകനായ യേശുവിന്റെ ചരിത്രത്തിലെ സ്ഥാനത്തെ വിവക്ഷിക്കുന്നതിനാകാം.

മനുഷ്യൻ നഷ്ടമാക്കിയ ഏദെൻ തോട്ടത്തിന്റെ സൗഭാഗ്യങ്ങൾ തിരിച്ചുനൽകപ്പെടുന്നത് കർത്താവിന്റെ വരവോടെയാണ്. അവൻ നൽകുന്ന രക്ഷ നൈമിഷികമൊ കാല ബന്ധിതമോ അല്ല, മറിച്ച് കാലത്തെ അതിജീവിക്കുന്ന രക്ഷാകര രഹസ്യങ്ങളാണ് യേശുവിന്റെ മനുഷ്യാവതാരത്തിലൂടെ സംഭവിക്കുന്നത് എന്ന വലിയ സത്യം പറഞ്ഞു വയ്ക്കുകയാണ് ഈ പ്രതീകാത്മകമായ ഘടകങ്ങളുടെ ഉപയോഗത്തിലൂടെ ബൊത്തിച്ചെല്ലി എന്ന കലാകാരൻ ചെയ്യുന്നത്.

മഞ്ഞു വീഴ്ചയുടെ ഈ ഡിസംബർ മാസത്തിൽ രക്ഷകന്റെ ജനനത്തിന് ഒരുക്കമായി ഈ ചിത്രമാകട്ടെ ആദ്യ ആഴ്ചയുടെ ധ്യാന വിഷയം. സദ് വാർത്തയുടെ സന്ദേശം മറിയത്തോടൊപ്പം നമുക്കും കേൾക്കാം. എളിമയുള്ളിടത്തും നന്മകളുടെ വിശുദ്ധി പൂക്കുന്നിടത്തും ദൈവം മാലാഖാമാരെ അയയ്ക്കും തീർച്ച.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.