എയർ ഇന്ത്യയുടെ ബാഡ്മിന്റൺ കോച്ചായിരുന്ന സാമുവേല്‍ റമ്പാച്ചൻ യാത്രയായി

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

തങ്ങളുടെ പ്രിയ ഗുരുവിന്റെ ജീവിതാന്ത്യം  എത്തിയെന്ന് ശിഷ്യർക്ക് മനസ്സിലായി.കിടക്കയ്ക്ക് സമീപമൊരുമിച്ചുകൂടിയ ശിഷ്യൻമാർ ഒന്നടങ്കം ഗുരുവിനോടാവശ്യപ്പെട്ടു, അങ്ങയുടെ സ്മരണ എന്നും നിലനിർത്താനായി എന്തെങ്കിലുമൊന്ന് ഞങ്ങൾക്ക് നൽകുക. ഒരു ചെറുപുഞ്ചിരിയോടെ തൊട്ടടുത്തിരുന്ന ധൂപകലശത്തിലേക്ക് ഒരുപിടി കുന്തിരിക്കമണികളിട്ട് ഗുരു ശിഷ്യരോട് പറഞ്ഞു, ‘തീയിലേക്ക് വീണ കുന്തിരിക്ക മണികൾ സ്വയമില്ലാതായി സുഗന്ധം നൽകുന്നതു പോലെ ഞാൻ നിങ്ങളിലൂടെ നിത്യമായി ജീവിക്കും’…

തന്റെ സ്മാരകങ്ങളായി വലിയ പള്ളികളോ കൂറ്റൻ കെട്ടിടങ്ങളോ ഒന്നും തന്നെ പണിയിപ്പിച്ചിട്ടില്ലെങ്കിലും സാമുവേൽ തൈക്കൂട്ടത്തിൽ റമ്പാച്ചൻ എന്നും ജീവിക്കും – പുരോഹിതരായ, സന്യസ്തരായ തന്റെ അസംഖ്യം ശിഷ്യരിലൂടെ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തനതായ ആരാധനക്രമ ആദ്ധ്യാത്മികത രൂപപ്പെടുത്താനും അത് അതിന്റെ തനിമയിൽ നിലനിർത്താനും അക്ഷീണം പരിശ്രമിക്കുകയും സുറിയാനി ഭാഷയിൽ നിന്ന് ആരാധനക്രമസംബന്ധിയായ അനേകം കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത വന്ദ്യനായ റമ്പാച്ചൻ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ എന്നും നക്ഷത്രശോഭയോടെ വിരാജിക്കും.

തൈക്കൂട്ടത്തിൽ ഗീവർഗ്ഗീസ് ഉമ്മൻ – ശോശാമ്മ ഉമ്മൻ ദമ്പതികളുടെ എട്ടു മക്കളിലൊരുവനായി , 1930 ഏപ്രിൽ 11ന് പത്തനംതിട്ടയിൽ ജനിച്ച സാമുവേൽ, പുത്തൻപീടിക  സ്കൂളിലും ചുട്ടിപ്പാറ ഗവൺമെന്റ് യു.പി. സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഏലി പുരോഹിതനിലൂടെ തന്നോടുള്ള ദൈവസ്വരം തിരിച്ചറിഞ്ഞ ബൈബിളിലെ സാമുവേൽ പ്രവാചകനെപ്പോലെ, ദൈവദാസൻ മാർ ഈവാനിയോസ് പിതാവിലൂടെ വൈദീക ദൈവവിളി തിരിച്ചറിഞ്ഞ് ബാലനായ സാമുവേൽ തുടർ പഠനത്തിനായി തിരുവനന്തപുരത്തേക്ക് യാത്രയായി. റമ്പാച്ചന്റെ  വാക്കുകൾ കടമെടുത്താൽ, ‘അവനെ എന്നോടൊപ്പം തിരുവനന്തപുരത്തേക്ക് അയക്കുക, തുടർവിദ്യാഭ്യാസം അവിടെയാകട്ടെ’. “ബാലനായ പി.ടി.ഗീവർഗീസിനെ എന്നോടൊപ്പം കോട്ടയത്തേക്ക് അയക്കുക ,അവൻ തുടർന്ന് അവിടെ പഠിക്കട്ടെ ” , എന്ന് അന്നത്തെ മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ മാർ ദിവന്നാസിയോസിലൂടെ സവിശേഷമായി ഇടപെട്ട് പി.ടി.ഗീവർഗീസിനെ മാർ ഈവാനിയോസാക്കിയ ദൈവം  , മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഈവാനിയോസിലൂടെ ബാലനായ സാമുവേലിനെയും തെരഞ്ഞെടുക്കുന്നു.ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ഇതിലെല്ലാം ദൈവത്തിന്റെ അനന്തമായ പരിപാലന ദർശിക്കാനായി നമുക്ക് സാധിക്കുന്നു.മാർ ഈവാനിയോസ് പിതാവിന്റെ സെക്രട്ടറിയായി ദീർഘകാലം ശുശ്രൂഷചെയ്ത ഫിലിപ്പ് പന്തോളിൽ അച്ചന്റെ സഹോദരിപുത്രനായ സാമുവേലിന്റെ ദൈവവിളിയിൽ, അച്ചന്റെ സ്വാധീനവും ഗണ്യമായ പങ്കുവഹിച്ചു.

1943 ജൂൺ മാസം 10 ന് തിരുവനന്തപുരം സെന്റ് അലോഷ്യസ് സെമിനാരിയിൽ പ്രവേശിച്ച അദ്ദേഹം അതോടൊപ്പം പട്ടം സെന്റ് മേരീസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും തുടർന്നു. സെമിനാരി വിദ്യാർത്ഥികളെ സുറിയാനിയും ആരാധനക്രമവും അഭ്യസിപ്പിച്ചിരുന്നത് മാർ ഈവാനിയോസ് പിതാവ് തന്നെയായിരുന്നു. ഗുരുവിനോടൊത്ത് ശിഷ്യർ താമസിച്ച് പഠിക്കുന്ന തനത് ഗുരുകുല വിദ്യാഭ്യാസരീതിയിൽ തന്നെയായിരുന്നു സെമിനാരി പഠനമെന്നതിനാൽ മാർ ഈവാനിയോസ് പിതാവിനോട് അനിതരസാധാരണമായ അടുപ്പവും ബഹുമാനവും റമ്പാച്ചനുണ്ടായിരുന്നു. മാർ ഈവാനിയോസ് പിതാവിന്റെ നാമകരണ നടപടികളുടെ ഭാഗമായി, വന്ദ്യ പിതാവെഴുതിയ ചില പുസ്തകങ്ങൾ ഇംഗ്ളീഷ് ഭാഷയിലേക്ക് തർജ്ജിമ ചെയ്തു നൽകുന്നതിന് തന്റെ എഴുപത്തിയഞ്ചാം വയസ്സിലും റമ്പാച്ചൻ കാണിച്ച തീക്ഷ്ണതയുടെ കാരണവും തന്റെ ഗുരുവിനോടുള്ള അചഞ്ചലമായ ഭക്തിയാണ്.ആരാധനക്രമ നിഷ്ഠ നിലനിർത്താനും സുറിയാനി ഭാഷയിൽ ഉളള അഗാധ പാണ്ഡിത്യം രൂപപ്പെടാനും മൈനർ സെമിനാരി പഠനം സവിശേഷമായ പങ്കുവഹിച്ചു എന്നത് നിസ്തർക്കമായ വസ്തുതയാണ്.

മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കിയ  സാമുവേൽ ശെമ്മാശൻ 1957 ഏപ്രിൽ 2 ന് വൈദീക പട്ടം സ്വീകരിച്ചു. പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ മൈസൂറിലെ കാർവാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് ഭാഷയിൽ ബിരുദവും  റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കാനൻ ലോയിൽ ഉന്നതപഠനവും നടത്തി. ലെബനോനിലെ ബെയ്റൂട്ടിൽ ആരാധനക്രമ ദൈവശാസ്ത്രം പഠിക്കുവാൻ മലങ്കര സഭയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുത്തത് സാമുവേൽ തൈക്കൂട്ടത്തിൽ റമ്പാച്ചനേയും സാമുവേൽ മണ്ണിൽ റമ്പാച്ചനേയുമായിരുന്നു. അന്ത്യോക്യൻ സുറിയാനി സഭയുടെ ഇന്നത്തെ പാത്രിയർക്കീസ് ഇഗ്നാത്യോസ് യൂസഫ് യൗനാൻ ത്രിതീയൻ ബാവയുടെ സഹപാഠിയായി ലെബനോനിൽ പഠിച്ച സാമുവേൽ തൈക്കൂട്ടത്തിൽ റമ്പാൻ, തനത് സുറിയാനി ശൈലിയിൽ ആരാധനക്രമ ഗീതങ്ങൾ ആലപിക്കുബോൾ ശുശ്രൂഷയിൽ പങ്കെടുക്കുന്നവർക്ക് അത് സ്വർഗ്ഗീയ അനുഭൂതിദായകമായിരുന്നു.അതിനാൽ തന്നെ അനേക വർഷക്കാലം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാസ്റ്റർ ഓഫ് സെറിമണീസായി ആരാധനക്രമ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ഇദംപ്രദമായി 2005 -ൽ നടന്ന കാതോലിക്കാസ്ഥാന അഭിഷേക ശുശ്രൂഷകൾക്കാവശ്യമായ ക്രമീകരണങ്ങൾക്കും മുഖ്യപങ്ക് വഹിച്ചതും മറ്റാരുമല്ല.

മലയാളത്തിലും സുറിയാനിയിലും പാണ്ഡിത്യമുണ്ടായിരുന്നതിനാലും അനുഗ്രഹീതമായ ശബ്ദസൗകുമാര്യത്തിന്റെ ഉടമയായിരുന്നതിനാലും  ഗദ്യരീതിയിലായിരുന്ന അനേകം പ്രാർത്ഥനകൾ പദ്യരൂപത്തിലാക്കി ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ലിറ്റർജിക്കൽ കമ്മീഷനിലെ അംഗമെന്ന നിലയിൽ, ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിന്റെ നിർദ്ദേശാനുസരണം കൂദാശക്രമം, പെരുന്നാളുകൾ ഇവയുടെ പുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനും ഭാഷാശൈലി ഏകീകരിക്കുന്നതിനും പരിശ്രമിച്ചു. സന്യാസികളുടെ ശവസംസ്കാരക്രമം  രൂപപ്പെടുത്തുന്നതിൽ സവിശേഷമായ പങ്കുവഹിച്ചു. ‘ശ്ഹീമോയിലെ തിരുവചന സമ്പത്ത് ‘ , ഉൾപ്പെടെ അനേകം ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ച് മലങ്കര സഭയെ പ്രബുദ്ധമാക്കാൻ റമ്പാച്ചൻ പരിശ്രമിച്ചു.മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാറ്റക്കിസം പുസ്തകങ്ങൾ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതിന് സഹായിച്ചതോടൊപ്പം സെമിനാരിയിൽ ഉപയോഗിക്കുന്നതിനായി ശ്ഹീമ്മോ പ്രാർത്ഥനയിലെ ചില പ്രാർത്ഥനകൾ ഇംഗ്ളീഷിലേക്ക് ഭാഷാന്തരം ചെയ്യുകയും സുറിയാനി ശൈലിയിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും

ഇംഗ്ലീഷ് കുർബാനക്രമം ആദ്യകാലങ്ങളിൽ ക്രമീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയും ചെയ്തു. സെമിനാരി വിദ്യാർത്ഥികളുടെ പഠനത്തിനായി സുറിയാനിയിലും ആരാധനക്രമ വിഷയങ്ങളിലും ചെറിയ പുസ്തകങ്ങൾ തയ്യാറാക്കി നൽകിയിരുന്നു.

തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ദ്വിതീയ മെത്രാപ്പോലീത്ത ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിന്റെ സെക്രട്ടറിയായി അനേകകാലം ശുശ്രൂഷ നിർവ്വഹിച്ചു. റോമിൽ നിന്ന് കാനൻ ലോയിൽ ഉന്നത പഠനം നേടിയതിനാൽ അനേക വർഷം വിവിധ ഭദ്രാസനങ്ങളുടെ സഭ കോടതികളിലും ശുശ്രൂഷ ചെയ്തു.ലത്തീൻ ഭാഷയിൽ സവിശേഷമായ വ്യുത്പത്തി നേടിയിരുന്നതിനാൽ റോമിലെ പരിശുദ്ധ സിംഹാസനവുമായുള്ള എഴുത്തുകുത്തുകളിലും  അദ്ദേഹം സഭാപിതാക്കൻമാരെ സഹായിച്ചിരുന്നു.

2007 ജനുവരി 15 നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  ആദ്യ കാതോലിക്ക മോറാൻ  മോർ സിറിൽ ബസേലിയോസ്  ബാവയിൽ  നിന്നും റമ്പാൻ പട്ടം സ്വീകരിച്ചു.

എയർ ഇന്ത്യയുടെ ബാഡ്മിന്റൺ ടീം കോച്ചായി സേവനം അനുഷ്ഠിച്ച അച്ചൻ തന്റെ വാർദ്ധക്യത്തിലും സെമിനാരി വിദ്യാർത്ഥികളോടൊപ്പം പതിവായി ഷട്ടിൽ കളിക്കുകയും സെമിനാരി ദിനചര്യകളുടെ ഭാഗമായി കായിക വിനോദങ്ങളിൽ ഏർപ്പെടണമെന്ന് നിഷ്കർഷ പുലർത്തുകയും ചെയ്തിരുന്നു.

പൗരോഹിത്യ ജീവിതത്തിൽ അവിഭക്ത തിരുവന്തപുരം മേജർ അതിഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചു.റാന്നി-പെരുനാട് (2 വർഷം), കാട്ടൂർ (6 വർഷം ),കടമ്മനിട്ട (1 വർഷം ) ,നാരങ്ങാനം (1 വർഷം), ചെങ്ങന്നൂർ(2 വർഷം), കലയപുരം (5 വർഷം), വടശ്ശേരിക്കര, പുതുശ്ശേരിമല എന്നീ ഇടവകകളിൽ വികാരിയായി ശുശ്രൂഷ ചെയ്തു. റാന്നി പെരുനാട് വികാരിയായി ശുശ്രൂഷ ചെയ്തിരുന്ന വേളയിൽ കൊച്ചുകുളം പള്ളിക്ക് തുടക്കം കുറിക്കാനും റമ്പാച്ചന് സാധിച്ചു.

ദീർഘകാലം മലങ്കര മേജർ സെമിനാരിയിൽ ലിറ്റർജി പ്രൊഫസറായും തിരുവന്തപുരം സെന്റ് അലോഷ്യസ് മൈനർ  സെമിനാരിയിൽ അദ്ധ്യാപകനായും ആദ്‌ധ്യാത്മിക പിതാവായും വിവിധ സന്യസ്തഗൃഹങ്ങളിൽ അദ്ധ്യാപകനായും അനേകം പുരോഹിതരെയും സന്യസ്തരെയും രൂപപ്പെടുത്തുന്നതിൽ സവിശേഷ പങ്കുവഹിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് റമ്പാച്ചൻ. വൈദീക പരിശീലനത്തിന്റെ ഏറ്റവും അവസാന നാളുകളിൽ വൈദീക പട്ടാഭിഷേകത്തിനും ബലിയർപ്പണത്തിനുമായി ഒരുങ്ങുന്ന ശെമ്മാശ്ശൻമാരെ വിശുദ്‌ധ കുർബ്ബാനയും കൂദാശകളും നിഷ്ഠയോടെ അനുഷ്ഠിക്കുന്നതിനായി ഒരുക്കിയിരുന്നത് റമ്പാച്ചനായിരുന്നു.

തിരുവനന്തപുരം മേജർ അതിഭദ്രാസനം വിഭജിച്ച് പത്തനംതിട്ട ഭദ്രാസനം നിലവിൽ വന്നപ്പോൾ  റമ്പാച്ചൻ മാതൃരൂപതയിലേക്കു മടങ്ങുകയും   സെന്റ് തോമസ് മൈനർ സെമിനാരിയിൽ പ്രൊഫസർ ആയി ശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് വാർധക്യസഹജമായ രോഗങ്ങളാൽ ക്ഷീണിതനായി കുമ്പഴയിലെ ക്ലർജി ഹോമിൽ വിശ്രമ ജീവിതം നയിച്ചു. തന്നെ ഏല്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം കൃത്യമായ ഒരുക്കത്തോടെ മാത്രം നിർവ്വഹിച്ചിരുന്ന അദ്ദേഹം സ്വർഗ്ഗ പ്രാപ്തിക്കും  ഒരുക്കമുള്ളവനായിരുന്നു. മരണമടയുന്നതിന് ഒരു മാസം മുമ്പ് തന്നെ തൈലാഭിഷേകം സ്വീകരിച്ച് സമാധാനത്തോടെ ജീവൽ തുറമുഖത്തേക്ക് യാത്രയാകുന്നതിനായി കാത്തിരുന്നു എന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു. റമ്പാച്ചൻ ആവശ്യപ്പെട്ടതനുസരിച്ച് അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവിന്റെയും അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് പിതാവിന്റെയും  കാർമ്മികത്വത്തിൽ വൈദീകരുടെയും സന്യസ്തരുടേയും സാന്നിദ്ധ്യത്തിൽ 2019 ഫെബ്രുവരി 25 തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് തൈലാഭിഷേകം നൽകി. 2019 മാർച്ച്‌ 22 ന്, 89-ാം  വയസിൽ  നിത്യസമ്മാനത്തിനായി സ്വർഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി.

സാമുവേൽ എന്ന പദം ഷെമാ,ഏൽ എന്ന രണ്ട് ഹീബ്രു പദങ്ങൾ ചേർന്നുണ്ടായതാണ്. ദൈവം കേട്ടു, ദൈവത്തെ കേട്ടു എന്നിങ്ങനെ അർത്ഥങ്ങൾ ഈ പദത്തിനുണ്ട്. ദൈവത്തിന്റെ സ്വരം ഗുരുവായ മാർ ഈവാനിയോസ് പിതാവിലൂടെ കേട്ട് ,വീട് വിട്ടു ദൈവത്തിനായി ഇറങ്ങിയ റമ്പാച്ചന്റെ സ്വരമാധുര്യം കേൾക്കാൻ ദൈവവും കാതോർത്തിരുന്നു…ദൈവത്തിന് അത്രയേറെ ഇഷ്ടമായിരുന്ന ആ സ്വരം  മാലാഖമാരുടെ സ്തുതിഗീതങ്ങളോടൊപ്പം ഇനി സ്വർഗ്ഗത്തിൽ മുഴങ്ങും..

സുറിയാനി സഭാപിതാവായ മാർ അപ്രേമിനെ പരിശുദ്‌ധാത്മാവിന്റെ വീണയെന്ന് സഭ വിശേഷിപ്പിക്കുന്നതുപോലെ , മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വീണയായ വന്ദ്യ തൈകൂട്ടത്തിൽ സാമുവേൽ റമ്പാച്ചാ ,അങ്ങ് സമാധാനത്താലെ പോകുക…

“വിശുദ്ധ കീർത്തനങ്ങൾ ഉച്ചരിച്ച നാവിനെ അഗ്നിജ്വാലയുടെ രൂക്ഷതയാൽ ദഹിപ്പിക്കരുതേ. രാവും പകലും പ്രഭാതത്തിലും സന്ധ്യാസമയങ്ങളിലും ഉണർവ്വോടെ നിനക്ക് ഹാലേലുയ്യ പാടിയ ഈ ആചാര്യൻ കഠിനയാതന നിമിത്തം ദയനീയ വിലാപത്തിൽ നിലവിളിക്കുവാൻ ഇടയാക്കരുതേ.കരച്ചിലും വിലാപവും കൊണ്ട് ഈ ആത്മീയ വീണയെ മൗനമാക്കരുതേ.ഗാനങ്ങളാൽ നിന്നെ പ്രീതിപ്പെടുത്തുകയും വിശുദ്ധ കീർത്തനങ്ങളാൽ നിന്നെ പുകഴ്ത്തുകയും ,സ്തുതിയും സുഗന്ധധൂപവും കൊണ്ട് നിന്റെ ജനത്തിന്റെ പക്കലേക്ക് തിരുമുഖം തിരിപ്പിക്കുകയും ചെയ്തവൻ സ്വർഗ്ഗരാജ്യത്തിലെ ആദ്യജാതന്മാരുടെ സഭയ്ക്ക് അന്യനായി ഭവിക്കരുതെ… ”

വൈദീകരുടെ ശവസംസ്കാരക്രമം ,ഒന്നാം ശുശ്രൂഷ, സെദറ പ്രാർത്ഥന.

ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ )