സംപ്രീതിയിലെ മാലാഖമാര്‍ 

കോട്ടയം ജില്ലയിലെ കുടമാളൂരില്‍ പ്രവര്‍ത്തിക്കുന്ന സംപ്രീതി എന്ന ഭവനം

ഏക്കര്‍ കണക്കിന് നീണ്ടുകിടക്കുന്ന ഒരു പുരയിടത്തില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു ചേട്ടനും അനിയനും; തൊമ്മിച്ചനും ബേബിച്ചനും. തൊമ്മിച്ചന്‍ ഊമയും ബധിരനുമായിരുന്നു. അനിയനാകട്ടെ മാനസിക വിഭ്രാന്തിയുള്ളവനും. അനിയന് വേണ്ടിയായിരുന്നു അയാള്‍ ജീവിച്ചത്. കുറച്ചുദിവസങ്ങളായി തൊമ്മിച്ചനെ പുറത്തെങ്ങും കാണാതെ വന്നപ്പോഴാണ് നാട്ടുകാര്‍ അന്വേഷിച്ച് വീട്ടില്‍ ചെന്നത്. മൂന്ന് ദിവസത്തെ ദിനപത്രങ്ങള്‍ എടുക്കാതെ മുറ്റത്ത് കിടപ്പുണ്ടായിരുന്നു. അവിടെ കണ്ട കാഴ്ച കണ്ണുനിറയ്ക്കുന്നതായിരുന്നു. മൂന്ന് ദിവസം മുമ്പ് മരിച്ച ചേട്ടന്റെ മൃതദേഹത്തിന് അനിയന്‍ ബേബിച്ചന്‍ കാവലിരിക്കുന്നു! ചേട്ടനായ തൊമ്മിച്ചന്‍ മരിച്ചുപോയത് അനിയന്‍ അറിഞ്ഞില്ല. അവിടെ നിന്നും ബേബിച്ചന്‍ നേരെയെത്തിയത് സംപ്രീതിയിലാണ്. ഇപ്പോള്‍ സംപ്രീതിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അമ്പത്തിയേഴുകാരനായ ബേബിച്ചന്‍.

സംപ്രീതി വെറുമൊരു സ്ഥാപനമല്ല, അതൊരു അഭയമാണ്. ബുദ്ധിയുറയ്ക്കാത്തവരെന്ന് നമ്മള്‍ മാറ്റിനിര്‍ത്തുന്ന, ബേബിച്ചനെപ്പോലെയുള്ളവര്‍ക്ക് ഇവിടം സ്വര്‍ഗ്ഗമാണ്. അതുകൊണ്ടാണ് കോട്ടയം ജില്ലയിലെ കുടമാളൂരില്‍ പ്രവര്‍ത്തിക്കുന്ന സംപ്രീതി എന്ന ഭവനത്തിലെ അംഗങ്ങളെ ‘സംപ്രീതിയിലെ മാലാഖാമാര്‍’ എന്ന് വിളിക്കുന്നത്.

മനുഷ്യരുടെ മധ്യസ്ഥരാണല്ലോ മാലാഖമാര്‍. മംഗളവാര്‍ത്തയുടെ സന്തോഷം മറിയത്തിന് നല്‍കിയതും ഉണ്ണിയേശുവിന്റെ ജനനം ഇടയന്മാരെ അറിയിച്ചതും മാലാഖമാരായിരുന്നു. സ്വര്‍ഗ്ഗമാണ് മാലാഖാമാരുടെ വാസസ്ഥലം. അഥവാ അവര്‍ വസിക്കുന്നിടം സ്വര്‍ഗ്ഗതുല്യമായിരിക്കും. ഭൂമിയിലും മാലാഖാമാരുണ്ട്. ഈ മാലാഖാമാരുടെ സ്വര്‍ഗ്ഗമാണ് സംപ്രീതി  എന്ന ഭവനം.

ആരംഭം

2012-ലാണ് സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരും ആരോരുമില്ലാത്തവര്‍ക്കുമായി സംപ്രീതി സ്ഥാപിതമാകുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി ഈ സ്ഥാപനം സേവനനിരതമാകാന്‍ തുടങ്ങിയിട്ട് 5 വര്‍ഷം പൂര്‍ത്തിയാകുന്നു. സംപ്രീതിയെക്കുറിച്ച് ആദ്യകാല ഡയറക്ടറായിരുന്നു ഫാദര്‍ ജിയോ മാണിക്കത്താനത്തിന്റെ വാക്കുകളിങ്ങനെ; ”കോട്ടയത്ത് കേരള മന്ദബുദ്ധി ക്ഷേമസമിതി എന്നൊരു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ സ്ത്രീകളയും  പുരുഷന്‍മാരെയും ഒരുമിച്ച് താമസിപ്പിക്കുക എന്ന കാര്യം ദുഷ്‌കരമായിത്തീര്‍ന്നു. ആ സാഹചര്യത്തിലാണ് എംസിബിഎസ് സഭാ വൈദികര്‍ ഇക്കൂട്ടത്തിലെ പുരുഷന്‍മാരെ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വരുന്നത്. അങ്ങനെ കുടമാളൂരില്‍ സ്ഥലം വാങ്ങി, അവിടെ അവര്‍ക്കായി ഒരു  ചെറിയ ഭവനം നിര്‍മ്മിച്ചു.” തുടക്കത്തില്‍ 9 പേരാണ് ഇവിടെയുണ്ടായിരുന്നതെന്നും ജിയോ അച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇരുപത് പേരാണ് ഇപ്പോള്‍ സംപ്രീതിയിലുള്ളത്. ഇവരില്‍ പതിനെട്ട് വയസ്സുള്ളവര്‍ മുതല്‍ അമ്പത്തിയേഴ് വയസ്സുള്ളവര്‍ വരെയുണ്ട്. അന്തേവാസികളെന്നോ അംഗങ്ങളെന്നോ ഈ വൈദികര്‍ ഇവരെ വിശേഷിപ്പിക്കില്ല; മക്കളെന്നേ പറയൂ.

സംപ്രീതിയിലെ മക്കള്‍

സംപ്രീതിയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിക്കുന്നത് ഫാദര്‍ ടോണി പന്നിക്കോടാണ്. ഇറ്റലിയില്‍ പുരോഹിത ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന ടോണിയച്ചന്‍ സംപ്രീതിയിലെത്തിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. സംപ്രീതിയിലേക്ക് ഇവരൊക്കെ എത്തിച്ചേര്‍ന്ന കഥയാണ് അച്ചന് പറയാനുള്ളത്. സംപ്രീതിയിലെ മക്കളെക്കുറിച്ച് പങ്കുവയ്ക്കാന്‍ ധാരാളം അനുഭവങ്ങളുണ്ടെന്ന് ഫാദര്‍ ടോണി പറയുന്നു. ”ജയന്‍ എന്നൊരു പയ്യനുണ്ട് ഇവിടെ. നിഴലുപോലെ അവന്‍ അച്ചന്‍മാര്‍ക്കൊപ്പമുണ്ടാകും. ഞങ്ങള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ തൊട്ടടുത്ത ജനലിന്റെ അടുത്ത് വന്ന് നില്‍ക്കും. അതുപോലെ ഞങ്ങളുടെ മുറികളുടെ മുന്നില്‍ തന്നെ അവന്‍ മിക്കപ്പോഴും ഉണ്ടാകും. മനോഹരമായി പാടാനുള്ള കഴിവുണ്ട് അവന്. ഇവിടുത്തെ ആഘോഷാവസരങ്ങളില്‍ അവന്റെ പാട്ടും ഒരു പ്രധാന ഇനമാണ്.”

dscn1674

മാനസിക ബുദ്ധിമുട്ട് നേരിടുന്നവനാണ് ജോസ്. അരിഭക്ഷണം കണ്ടാല്‍ അപ്പോള്‍ ജോസ് മുഖം തിരിക്കും. കാരണം ചോറ് കാണുമ്പോള്‍ അവന് അമ്മയെ ഓര്‍മ്മവരും. അവന് ചോറ് വാരിക്കൊടുത്തു കൊണ്ടിരുന്നപ്പോഴാണ് അമ്മ മരിക്കുന്നത്. സംപ്രീതിയിലെത്തിയിട്ട് ഇന്നേവരെ അവന്‍ ചോറ് കഴിച്ചിട്ടേയില്ല എന്ന് ഫാദര്‍ ടോണി പറയുന്നു.

ഒരു ദിവസം

രാവിലെ ആdsc03063റ് മണിക്ക് സംപ്രീതിയിലെ മക്കള്‍ ഉണരും. പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം പള്ളിയിലേക്ക്. വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ച്, എട്ടരയ്ക്ക് ബ്രേക്ക്ഫാസ്റ്റും കഴിച്ച് നേരെ സ്‌കൂളിലേക്ക്. സംപ്രീതിയിലെ ഒരു ദിവസം ആരംഭിക്കുന്നത് ഇങ്ങനെ. ബുക്ക് ബയന്റിംഗ് പരിശീലവും വ്യായാമങ്ങളുമാണ് സ്‌കൂളില്‍ പ്രധാനമായി നല്‍കുന്നത്. തിരികെ ഭവനത്തിലെത്തിയാല്‍ ഓരോരുത്തരും അവരെ എല്‍പ്പിച്ചിരിക്കുന്ന ചുമതലകള്‍ വളരെ കൃത്യമായി തന്നെ നിറവേറ്റുമെന്ന് ടോണിയച്ചന്‍റെ സാക്ഷ്യം.

ഇവര്‍ മാലാഖമാര്‍

മാലാഖമാരെന്ന് ഇവരെ വിശേഷിപ്പിക്കാന്‍ അനവധി കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം ഈ മക്കളുടെ പ്രാര്‍ത്ഥനയിലെ നിഷ്‌ക്കളങ്കതയാണ്. ”ഇവരോട് പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടാല്‍ അത് എന്ത് തന്നെയായാലും സാധിച്ചിരിക്കും. എന്റെ അനുഭവം അതാണ്. ഒന്നു വഴക്കു പറഞ്ഞാലോ ഒരു ചെറിയ അടി കൊടുത്താലോ അത് മനസ്സില്‍ വച്ച് പെരുമാറുന്ന ‘വലിയ ബുദ്ധി’ ഇവര്‍ക്കില്ല. തങ്ങളുടെ ചെറിയ ബുദ്ധിയിലൂടെയാണ് ഇവര്‍ ലോകത്തെ കാണുന്നത്. സാധാരണ മനുഷ്യര്‍ ബുദ്ധിയുണ്ടെന്ന് അഹങ്കരിക്കുമ്പോള്‍ ഇവര്‍ സ്വാര്‍ത്ഥതമായും അസൂയയുമില്ലാതെയും സഹജീവികളോട് പെരുമാറുന്നു.” ടോണിയച്ചന്റെ വാക്കുകളില്‍ സ്‌നേഹം നിറയുന്നു.

”ആദ്യകാലത്ത് സ്‌കൂള്‍ ബസ്സില്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും സ്ഥലം തികയുമായിരുന്നില്ല. ചാര്‍ളി എന്ന പയ്യന്‍ ഇങ്ങനെ വിഷമിച്ച് യാത്ര ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉള്ളവനായിരുന്നു. ഒരു ദിവസം അവന്റെ തൊട്ടടുത്തിരുന്ന കൂട്ടുകാരന്‍ ബസ്സില്‍ കയറിയില്ല. ആ സീറ്റ് ഒഴിഞ്ഞു കിടന്നു.” ഒരു നിമിഷം നിര്‍ത്തി അച്ചന്‍ തുടര്‍ന്നു, ”നമ്മളാണെങ്കില്‍ അവനില്ലല്ലോ, അതുകൊണ്ട് എനിക്ക് നന്നായി ഇരുന്നു പോകാം എന്ന് കരുതും. പക്ഷേ ചാര്‍ളി എന്റെ അടുത്ത് വന്ന് പറഞ്ഞു. ‘അച്ചാ അവനെവിടെ, അവനെ കണ്ടില്ലല്ലോ’ എന്ന്. അവന്‍ സ്‌കൂള്‍ ബസ്സില്‍ കയറാന്‍ മറന്നുപോയതായിരുന്നു. അവനെയും കൊണ്ടാണ് ഞങ്ങള്‍ യാത്ര തുടര്‍ന്നത്.” കണ്ണു നിറയ്ക്കുന്ന ധാരാളം അനുഭവങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കാറുണ്ടെന്ന് അച്ചന്‍ സ്‌നേഹത്തോടെ കൂട്ടിച്ചേര്‍ത്തു.

ഇത്തരം സ്ഥാപനങ്ങളില്‍ ചിലതിലെങ്കിലും ചിലരെ മുറിക്കുള്ളില്‍ പൂട്ടിയിടാറുണ്ട്. എന്നാല്‍ സംപ്രീതിയില്‍ അങ്ങനെയൊരു പതിവില്ല. ഈ ഭവനത്തിന്റെ പരിസരങ്ങളില്‍ എവിടെ വേണമെങ്കിലും അവര്‍ക്ക് സഞ്ചരിക്കാം. ”ഇവിടെ സന്ദര്‍ശകര്‍ എത്തിയ കാര്യം ഞങ്ങളെ വന്ന് അറിയിക്കുന്നത് ഇവരില്‍ ആരെങ്കിലുമായിരിക്കും. എല്ലാ സ്വാതന്ത്ര്യവും ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നുണ്ട്” അച്ചന്റെ വാക്കുകള്‍.

സഹായങ്ങള്‍

പങ്കു വയ്ക്കാന്‍ മനസ്സുള്ളവര്‍ നല്‍കുന്ന സഹായങ്ങളാണ് ഈ ഭവനത്തിന്റെ നെടുംതൂണ്‍. ജന്‍മദിനങ്ങളും വിവാഹ വാര്‍ഷികങ്ങളും ചിലര്‍ ചെലവഴിക്കുന്നത് ഈ ഭവനത്തിലാണ്. നാട്ടുകാരും ഈ ഭവനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാണ്. ഇവിടെയുള്ള  മക്കളുടെ വീട്ടുകാര്‍ നല്‍കുന്ന സാമ്പത്തിക സഹായവും അവരുടെ അക്കൗണ്ടില്‍ തന്നെ നിക്ഷേപിക്കും. അവരുടെ മരുന്നിനും മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കും വേണ്ടിയാണിത്.

അതുപോലെ  പീറ്ററും അദ്ദേഹത്തിന്റെ കുടുംബവും ആണ് സംപ്രീതിയില്‍ താമസിച്ചു എല്ലാ കാര്യത്തിലും സഹായിക്കുന്നത്.

മനുഷ്യര്‍ മാറ്റിനിര്‍ത്തിയവര്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാകുന്ന കാഴ്ചയാണ് സംപ്രീതിയില്‍ കാണാന്‍ സാധിക്കുന്നത്. ദിവ്യകാരുണ്യ മിഷനറി സഭാ വൈദികരുടെ നേതൃത്വത്തില്‍ ആണ് സംപ്രീതി പ്രവര്‍ത്തിക്കുന്നത്. ഫാദര്‍ ടോണി പന്നിക്കോടാണ് ഇപ്പോള്‍ ഇതിന്റെ അമരക്കാരന്‍. ബ്ര. ബാസ്റ്റിന്‍ പുല്ലംതാനിക്കയില്‍, അരുണ്‍ കതംബയില്‍ എന്നീ രണ്ടു ശെമ്മാശന്മാരും കൂടെയുണ്ട്. അഹന്തയും അസൂയയും സ്വാത്ഥതയും ഇല്ലാത്ത, കുഞ്ഞുങ്ങളെപ്പോലെയുള്ളവരെ ദൈവം ഇവരുടെ കൈകളില്‍ ഏല്‍പിച്ചിരിക്കുകയാണ്. സംപ്രീതിയില്‍ ഇവര്‍ സുരക്ഷിതരാണ്, സന്തോഷമുള്ളവരാണ്.

ഇവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ആഗ്രഹമുള്ളവര്‍ വിളിക്കുക – 9072926894, sampreethyhouse@gmail.com

സുമം തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.