സന്യാസം ആനന്ദത്തിന്റെ ജീവിതമാണ്‌; അല്ലാതെ മാധ്യമങ്ങളുടെ പരമ്പരകളല്ല

ഫാ. സ്റ്റാഴ്‌സൺ ജെ. കള്ളിക്കാടൻ

ഫാ. സ്റ്റാഴ്‌സൺ ജെ. കള്ളിക്കാടൻ

സന്ന്യാസം നേരെഴുത്ത് 2

കുറേ നാളുകളായി ഏറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പദമാണ് സന്യാസം. കരയിലേക്കെറിയപ്പെട്ട മത്സ്യത്തിന് സമമാണ് സന്യാസിയുടെ ജീവിതമെന്നു പറയുന്നവരും, നിർബന്ധത്തിനു വഴങ്ങിയും മറ്റു സാധ്യത കളില്ലാതായതുകൊണ്ട് സന്യാസഭീഷ സ്വീകരിക്കേണ്ടി വന്നവരാണ് സന്യാസികൾ എന്ന് വിലയിരുത്തുന്നവരും ഇന്ന് ഏറി വരുന്നുണ്ട്. ഇത്തരം ചിന്താധാരകളിൽ മുഴുകിയിരിക്കുന്നവരെ ദൈവം തിരുത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

സത്യത്തിൽ സന്യാസം ഒരു ദൈവികദാനമാണ്. ആത്മസമർപ്പണത്തിലൂടെ കൈവരുന്ന ആനന്ദം സന്യാസത്തിന്റെ കാതലാണ്. ഈ ദൈവികദാനം  ബോധപൂർവ്വം സ്വീകരിക്കുന്നവർക്കു ഒരിക്കലും നിരാശപ്പെടുകയോ ജീവിതം വിഫലമാക്കേണ്ടതായോ വരികയില്ല. ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ആഹ്വാനത്തിൽ പറയുന്നതുപോലെ ദൈവത്തിൽ ആനന്ദിച്ചു ആഹ്ലാദിക്കാനുള്ള ശ്രേഷ്ഠമായ മാർഗ്ഗം സന്യാസം തന്നെയാണ്.

അത്രമേൽ കൃപയും നിറവുമുള്ള സന്യാസത്തെ മാറോടു ചേർത്ത് ജീവിക്കുന്നവരാണ് നമ്മുടെ സമർപ്പിതർ. ദൈവമെന്ന ഏകസൂര്യനെ മാത്രം ഹൃദയത്തിൽ സൂക്ഷിച്ച് ഇരവുപകലുകൾ നന്മ ചെയ്യാൻ മാറ്റിവയ്ക്കുന്ന ഇവർ നിശ്ചയമായും ദൈവത്തിന്റെ പ്രിയപ്പെട്ടവർ തന്നെ.

ബോധപൂർവ്വകവും, നിയമാനുസൃതവുമായ എത്രയോ സാധ്യതകളെയും ഇഷ്ടങ്ങളെയും വേണ്ടെന്നു വച്ചുകൊണ്ട് തന്നെയാണ് അവർ സന്യസ്തരായത്. സ്വന്തം വീടും നാടും വിട്ട് നസ്രായന്റെ പിന്നാലെ അവർ അലയുന്നത് അവർക്കു ചിത്തഭ്രമം കൊണ്ടല്ലെന്ന് നമ്മുക്കു ഇനിയും മനസ്സിലായിട്ടില്ല. കൽക്കട്ടയിലെ ചേരിയിൽ രോഗം വന്നും, ഉടുതുണിക്ക് മറുതുണിയില്ലാതെയുമെല്ലാം കഴിയുന്നവരെ ശ്രുശ്രൂഷിക്കുന്ന സമർപ്പിതരോട്  നിങ്ങൾ ഈ ജീവിതാന്തസ്സിൽ തൃപ്തരാണോ എന്ന് ചോദിക്കുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന പുഞ്ചിരിക്ക് നാർദിൻ തൈലത്തിന്റെ സൗരഭ്യമുണ്ടായിരുന്നു. ലബനോനിൽ വിരിയുന്ന പൂവിന്റെ ചന്തവും. വേദനിക്കുന്നവരുടെ ഉള്ളിൽ ക്രൂശിതനെ കാണാൻ ഞങ്ങൾക്ക് കഴിയുന്നുണ്ടെന്നും ആ ക്രൂശിതനാണ്  ഞങ്ങളുടെ ഊർജവും  സന്തോഷവുമെന്ന്  സന്യാസിനികൾ പങ്കുവയ്ക്കുമ്പോൾ അത്  സന്യാസം ചിതലരിച്ചിട്ടില്ലെന്നതിന്റെ അനേകം തെളിവുകളിൽ ഒന്നുമാത്രം.

വിരലിലെണ്ണാവുന്ന ചില വ്യാജസമർപ്പിതരെ കൂട്ടുപിടിച്ചു സന്യാസാലയങ്ങൾ, മോശപ്പെട്ട ഇടങ്ങളാണെന്നും, സ്വാതന്ത്ര്യം നിഷേധിക്കുന്ന ശവപ്പറമ്പുകളാണെന്നുമൊക്കെ generelize ചെയ്യുമ്പോൾ മനുഷ്യന്റെ മൂല്യ തകർച്ചയെന്നല്ലാതെ മറ്റെന്തു മറുപടി പറയാൻ.

ലാളിത്യത്തിന്റെയും ജീവിത വിശുദ്ധിയുടെയും പ്രാർത്ഥനയുടെയും അന്തരീക്ഷം തന്നെയാണ് സന്യാസമഠങ്ങളിൽ ഇപ്പോഴുമുള്ളത്. ആത്മീയതയുടെ സുഗന്ധമല്ലാതെ ഒരു ദുർഗന്ധവും ഒരു സന്യാസമഠങ്ങളിൽ നിന്നും ഇന്നോളം പ്രസരിച്ചിട്ടില്ല. “Can i manage without this ” എന്നുതന്നെയാണ് ഓരോ സന്യാസിയും ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരാധുനിക യുഗത്തിൽ വന്നിരിക്കുന്ന മാറ്റങ്ങളുടെ ലിസ്റ്റിൽ ഇവർ ഇപ്പോഴും പഴമക്കാർ തന്നെയാണ്. ധൂർത്തും ആഡംബരവും അറിയാതെയല്ല; സാധ്യതകൾ ഇല്ലാതെയുമല്ല, ബോധപൂർവ്വം വേണ്ടെന്നുവച്ചു ലളിത ജീവിതത്തിന്റെ പുണ്യപാതയിൽ തന്നെയാണ് ഇന്നും സമർപ്പിതർ. ഒരു mobile കൊണ്ടുനടക്കുന്നതുകൊണ്ടോ, ഒരു കാറിൽ സഞ്ചരിക്കുന്നതുകൊണ്ടോ,കറങ്ങുന്ന കസേരയിൽ ഇരുന്നതുകൊണ്ടോ ഒന്നും ചോർന്നുപോകുന്ന ജീവിത നിയമമല്ല ലാളിത്യമെന്നു തിരിച്ചറിയാത്തവർ  നമ്മളാണ്.

ശരീരം ദൈവത്തിന്റെ ആലയമായി സൂക്ഷിക്കുന്നവർ തന്നെയാണ് സമർപ്പിതർ. ശരീരം അനന്തസാധ്യതകളുടെ പറുദീസയാണെന്നറിഞ്ഞിട്ടും ശരീരത്തിന്റെ പ്രലോഭനങ്ങളെ  Sublimate ചെയ്യാൻ നിരന്തരം പരിശ്രമിക്കുന്നവർ സമർപ്പിതർ തന്നെയാണ് . ശരീരത്തിന്റെ ഇംഗിതങ്ങളെ ആത്മാവിന്റെ വരപ്രസാദം കൊണ്ട് അതിജീവിക്കാനുള്ള കുറുക്കുവഴി ഓരോ സമർപ്പിതനും സ്വന്തമാക്കിയിട്ടുണ്ട്. മരിയ ഗൊരേത്തിയെ പോലെ ജീവിതവിശുദ്ധിക്ക് വേണ്ടി പടപൊരുതുന്നവർ ഇന്നും നമ്മുടെയൊക്കെ മധ്യേയുണ്ട്. അവരെയൊന്നും ആരും തിരിച്ചറിയുന്നില്ല (തിരിച്ചറിയാൻ അവർ ഇഷ്ടപ്പെടുന്നുമില്ല). നിറം പിടിപ്പിക്കുന്ന കഥകൾ സന്യസ്തർക്കെതിരെ മെനയാൻ വെമ്പുന്നതിന്റെ പ്രേരകഘടകം   ഇതൊക്കെ തന്നെയാണ്.

പ്രാർത്ഥനയുടെ നിലാവെട്ടത്ത് ജീവിതം ചേർത്തുവക്കുന്നവരും, കോർത്തെടുക്കുന്നവരുമാണ് സമർപ്പിതർ. എനിക്കും നിനക്കും നന്മ വരാൻ വേണ്ടി അവർ ബലിപീഠത്തിനരികെ ആരും കാണാതെ ഇരുന്നു ഇപ്പോഴും കണ്ണീരൊഴുക്കുന്നുണ്ട്. നീയും ഞാനും വാടിത്തളരാതിരിക്കാൻ അവർ നമ്മുക്ക് മുമ്പിൽ പ്രാർത്ഥനയോടെ അദൃശ്യമായ കുട നിവർത്തിത്തരുന്നുണ്ട്. അധരങ്ങളിൽ തിരുനാമമന്ത്രം ഉരുവിട്ട് നടക്കുന്ന സമർപ്പിതർ നിശ്ചയമായും ഭൂമിയിലെ കാവൽ മാലാഖമാർ തന്നെയാണ്. അവരുടെ പ്രാർത്ഥനക്കു ദൈവം ചെവി കൊടുക്കാതിരിക്കുകയില്ല. കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറഞ്ഞതുപോലെ എപ്പോഴും ദൈവസാന്നിദ്ധ്യ അനുഭവത്തിലിരിക്കാൻ നിരന്തരം പരിശ്രമിക്കുന്ന സന്യസ്തരാണ് ഈ ഭൂമിയെ ഇത്രമേൽ സുന്ദരമാക്കുന്നത്. പ്രാർത്ഥിച്ചാൽ ദൈവം പ്രവർത്തിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന സമർപ്പിതർ സഭയുടെ അവിഭാജ്യ ഘടകം തന്നെയാണ്.

സമർപ്പിതരില്ലാത്ത സഭയെയും സമൂഹത്തെയും സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണ് ഇരുളിന്റെ സന്തതികൾ. ആ സന്തതികളോടൊപ്പം ചേർന്ന് സന്യാസത്തെയും സമർപ്പിതരെയും നിർവീര്യമാക്കാൻ ശ്രമിക്കുന്നവർ ഇത്രയെങ്കിലും മനസ്സിലാക്കിയാൽ നന്ന്.

1. സന്യാസം മനുഷ്യനിർമിതമല്ല

സന്യാസത്തിനു വെള്ളവും വളവും നൽകുന്നത് ദൈവമാണ്. അതുകൊണ്ട് തന്നെ ചില ഒറ്റപെട്ട സംഭവങ്ങളെ പർവതീകരിച്ചു  സന്യാസത്തിന്റെ പവിത്രതയെ നശിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടാ. ഞാൻ എന്റെ കൂടാരം നിങ്ങളുടെ ഇടയിൽ സ്ഥാപിക്കും ഞാൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല. (ലേവി 26:11) എന്ന തിരുവചനമൊഴി സമർപ്പിതർക്കുവേണ്ടിയുള്ളതാണെന്നു സമർപ്പിതർക്കെതിരെ തിരിയുന്നവർ വായിച്ചു പഠിക്കുന്നത് കരണീയമായ കാര്യമാണ്.

2. സന്യാസം തോൽക്കലാണ്

ക്രിസ്തു കാൽവരിയിൽ മാനവകുലത്തിനുവേണ്ടി തോറ്റുകൊടുത്തതുപോലെ  തോറ്റു കൊടുക്കാൻ കച്ച കെട്ടി ഇറങ്ങിയവരാണ് സന്യാസികൾ. അതുകൊണ്ടുതന്നെ അവരെ പ്രതിക്കൂട്ടിലാക്കി തോൽപിച്ചു വിജയകിരീടം നേടാമെന്ന് ചിന്തിക്കുന്നവരുടെ ചിന്തകൾക്ക് കാര്യമായ കുഴപ്പം സംഭവിച്ചിട്ടുണ്ട്.

3. സന്യാസം ഉപേക്ഷിക്കലാണ്

  വഞ്ചിയും വലയും ഉപേക്ഷിച്ചു ക്രിസ്തുവിനൊപ്പം പുറപ്പെട്ട പത്രോസിന്റെ ചങ്ങാതിമാരാണ് സമർപ്പിതർ. അന്നന്നത്തെ അപ്പമേ അവർ ശേഖരിക്കു. നാളേക്ക് സമൃദ്ധിയുണ്ടാകാൻ വേണ്ടി അവർ ഒരു സ്വത്തും personalize ചെയ്യുന്നില്ല. എല്ലാം ഉപേക്ഷിച്ച സന്യസ്തർക്ക് സമ്പത്തു മണൽ തരി പോലെയാണ്.

4. സന്യാസം സ്നേഹത്തിന്റെ കൂദാശയാണ്

നീ എനിക്കെതിരെ തിരിഞ്ഞാൽ നിനക്കെതിരെ ഒളിയമ്പു  പ്രയോഗിക്കാനുള്ള ഒരു മാർഗ്ഗവും ഇന്നോളം ഒരു സന്യാസിയും സ്വീകരിച്ചിട്ടില്ല. ആത്മാവിലാരംഭിച്ചു ശരീരത്തിലവസാനിക്കുന്ന സ്നേഹപ്രകടനങ്ങൾക്കു സന്യാസിയും സമർപ്പിതരും വിധേയപ്പെടില്ലെന്നു ചുരുക്കം. ആത്മാവിലാരംഭിച്ചു ആത്മാവിലവസാനിക്കുന്ന സ്നേഹമാണ് ആഴമായ സ്നേഹമെന്ന് ഓരോ സന്യാസിക്കും നല്ലതുപോലെ അറിയാം.

5. സന്യാസം ഒരു യാത്രയാണ്

നിത്യതയുടെ തീരം തേടിയുള്ള യാത്രയിലാണ് ഓരോ സന്യാസിയും. അതുകൊണ്ട് അവരുടെ ജീവിതയാത്രകളെ തടസ്സപ്പെടുത്താൻ നാം എത്ര ശ്രമിച്ചാലും അവർ ആ നസ്രായന്റെ യാത്രയിൽ പങ്കുചേരും.

പ്രിയ സുഹൃത്തേ, അനാവശ്യമായി സമർപ്പിതരെ നമ്മുക്ക് കുരിശിലേറ്റാതിരിക്കാം. എല്ലാം തികഞ്ഞ ആരും ഈ വാഴ് വിലില്ലല്ലോ? അനാവശ്യപ്രസ്താവനകളിലൂടെയും, മാധ്യമചർച്ചകളിലൂടെയും അവരുടെ ജീവിതം കീറിമുറിക്കാതിരിക്കാം അവരും നമ്മുടെ മാംസത്തിന്റെ മാംസമാണ്. രക്തത്തിന്റെ രക്തവുമാണെന്ന് നമ്മുക്ക് മറക്കാതിരിക്കാം.

ഫാ. സ്റ്റാഴ്‌സൺ ജെ.  കള്ളിക്കാടൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ