ഭാഷാപോഷിണി: പ്രതിഷേധം ശക്തം

ക്രൈസ്തവ വിശ്വാസികളെ മുറിപ്പെടുത്തുന്ന വിധത്തിൽ അന്ത്യഅത്താഴ രംഗം വികലമാക്കി ചിത്രീകരിച്ച ഭാഷാപോഷിണിക്കെതിരേ വിവിധ സ്‌ഥലങ്ങളിൽ പ്രതിഷേധം. പലേടത്തും പ്രതിഷേധപ്രകടനവുമുണ്ടായി. ചില രൂപതാ പാസ്റ്ററൽ കൗൺസിലുകൾ അടക്കം വിവിധ സംഘടനകളും മാധ്യമ നടപടിയിൽ രൂക്ഷമായ എതിർപ്പ് പ്രകടിപ്പിച്ചു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസികളെ വേദനിപ്പിക്കുന്നതും സന്യസ്തരെ അപമാനിക്കുന്നതുമാണ് വിവാദചിത്രം എന്നു യോഗങ്ങളിൽ വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തോടുള്ള ഈ കടന്നുകയറ്റത്തിലെ കടുത്ത രോഷവും അവർ പ്രകടിപ്പിച്ചു.

കത്തോലിക്കാ കോൺഗ്രസ്, കെസിവൈഎം തുടങ്ങി വിവിധ സംഘടനകൾ വിവിധ സ്‌ഥലങ്ങളിലെ പ്രതിഷേധ പരിപാടികൾക്കു നേതൃത്വം നൽകി. മറ്റു വിവിധ ഭക്‌തസംഘടനകളും ഇടവക വികാരിമാരും പ്രകടനങ്ങളിൽ പങ്കെടുത്തു.

കോട്ടയത്തു നല്ലിടയൻ പള്ളിയിൽനിന്ന് ആരംഭിച്ച പ്രതിഷേധറാലി കെകെ റോഡിലൂടെ തിരുനക്കര മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപമെത്തിയാണ് അവസാനിച്ചത്. തൃശൂരിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധറാലി നടത്തി. പാലക്കാട്ടും താമരശേരിയിലും രൂപതാ പാസ്റ്ററൽ കൗൺസിലുകളും ചങ്ങനാശേരിയിൽ അതിരൂപത ജാഗ്രതാസമിതിയും ഇരിങ്ങാലക്കുടയിൽ മാതൃവേദി രൂപത സമ്മേളനവും പ്രതിഷേധ പ്രമേയങ്ങൾ പാസാക്കി.

ചങ്ങനാശേരി, കട്ടപ്പന, തിരുവമ്പാടി, വാഴക്കുളം, കൂരാച്ചുണ്ട്, കാഞ്ഞിരപ്പള്ളി, കുടമാളൂർ തുടങ്ങി വിവിധ സ്‌ഥലങ്ങളിൽ പ്രതിഷേധറാലികളും യോഗങ്ങളും നടന്നു. കുടുംബങ്ങളിൽ മക്കളോടൊത്തു വായിക്കാൻ പറ്റാത്ത പ്രസിദ്ധീകരണങ്ങൾ വർജിക്കാൻ പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ ആഹ്വാനം ചെയ്തു. ബിഷപ് മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷനായിരുന്നു. വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിള്ളി പ്രസംഗിച്ചു.

കടപ്പാട്: ദീപിക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.