ഇനി അവന്‍ ഉറങ്ങട്ടെ, ഉണർത്തരുത്

ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം

മരണം എല്ലാവർക്കും ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പക്ഷേ  ഓരോരുത്തരും മരണത്തെ നോക്കിക്കാണുന്നതിനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും.

ചിലർക്ക് അത് കയ്പേറിയതാണ്, വേറെ ചിലർക്ക് മാധുര്യമേറിയതും. മറ്റു ചിലർക്ക് അത് നിസ്സംഗതയും കുറെപ്പേർക്ക് അർത്ഥശൂന്യതയും തരുമ്പോൾ ചിലർ അതിൽ അർത്ഥപൂർണ്ണത കണ്ടെത്തുന്നു. അനിവാര്യമായ ഒരു വസ്തുതയായി മാത്രം അതിനെ കാണുന്ന ചിലരുണ്ട്. ഇതിൽ എതെങ്കിലും ഒന്നോ, മറ്റേതെങ്കിലുമോ ആയിരിക്കും ആരുടെയെങ്കിലും മരണത്തെക്കുറിച്ച് കേൾക്കുമ്പോഴുള്ള നമ്മുടെ പ്രതികരണം.

മരണം സംഭവിക്കുമ്പോൾ വികാരങ്ങൾ പ്രകടിപ്പിക്കാൻ ‘നിഷേധിക്കപ്പെട്ട’ ഒരു ഗണം മനുഷ്യരെപ്പറ്റിയാണ് ഇന്നു ഞാൻ സംസാരിക്കുന്നത്. ‘നിഷേധിക്കപ്പെട്ടു’ എന്നു ഞാൻ പറയുമ്പോൾ, ആരെങ്കിലും നിർബന്ധിതമാക്കിയെന്നർത്ഥമില്ല, പക്ഷേ നമ്മുടെ സമൂഹം ഒരു നിര്‍ബന്ധം പോലെ അത് നിർമ്മിച്ചിരിക്കുന്നു. അനിഷേധ്യമായി, കുടുംബത്തെ ഉപേക്ഷിച്ച് ദൈവജനത്തിനുവേണ്ടി സമർപ്പിച്ച കത്തോലിക്കാ വൈദികരെ കുറിച്ചാണ് എന്റെ ഈ വിചിന്തനം.

എങ്ങനെയാണ് ലോകമെമ്പാടുമുള്ള വൈദീകർ നിങ്ങളെ സഹായിക്കുന്നത് എന്നോർക്കുമ്പോൾ  നിങ്ങൾ അത്ഭുതപ്പെടും.

ഞാൻ ഈ രീതിയിൽ അതിനെ ഒന്നു ചിത്രീകരിക്കട്ടെ…

ഒരിക്കൽ അവന്‍ ഡീക്കനായി അഭിഷിക്തരായാല്‍ അന്നു മുതൽ കനോന നമസ്കാരവും സഭയുടെ മറ്റു പ്രാർത്ഥനകളും അനുദിനം ചെല്ലാൻ അവന്‍ ബാധ്യസ്ഥനാണ്. അവൻ ഈ പ്രാർത്ഥനകൾ എല്ലാ ദിവസവും അഞ്ചു നേരം ജപിക്കുന്നു. നിങ്ങൾ ചിന്തിക്കുന്നുപോലെ, അവൻ അവനു വേണ്ടിത്തന്നെയല്ല ഇതു ചെയ്യുന്നത്. ഈ ലോകത്തിലുള്ള സചേതനവും അചേതനുമായ എല്ലാറ്റിന്റെയും പ്രതിനിധിയായാണ് അവൻ അത് അനുഷ്ഠിക്കുന്നത്. അവൻ നിങ്ങളുടെ പ്രാർത്ഥനകളും യാചനകളും ഏറ്റെടുക്കുകയും സ്വർഗ്ഗീയ പിതാവിന്റെ മുമ്പിൽ മാധ്യസ്ഥം തേടുകയും ചെയുന്നു.

അവൻ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ, അത് അവനു വേണ്ടിയല്ല, നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് സമർപ്പണം നടത്തുക.  ഇതിനുള്ള പല ഉദാഹരണങ്ങളും എനിക്ക് ഉദ്ധരിക്കാൻ കഴിയും. അതുകൊണ്ട് ഒരുവൻ പുരോഹിതനാകുമ്പോൾ, അവൻ നിനക്കു വേണ്ടിയുള്ള ഒരുവനാകുന്നു; നിനക്കു വേണ്ടി പ്രാർത്ഥിക്കാൻ അവൻ നിയോഗിക്കപ്പെടുന്നു എന്ന കാര്യം നീ ഓർമ്മിക്കണം.
അതിനാൽ അവനു വേണ്ടി പ്രാർത്ഥിക്കുക, അവനെ  സഹായിക്കുക എന്നത് നിന്റെ  കടമയാണ്. ഒരു പുരോഹിതനു വീഴ്ച പറ്റിയാൽ, അതിൽ നീ സന്തോഷിക്കുന്നതിനു മുമ്പ് , അവനെ വിമർശിക്കുന്നതിനു മുമ്പ്, നീ ഒരു നിമിഷം കാത്തു നിൽക്കണം, കാരണം നീ അതിനും ഒരു ഉത്തരവാദിയാണ്.

അവൻ പുരോഹിതനാകുന്ന അന്നു മുതൽ അവനെ നിരീക്ഷിക്കാനും വിലയിരുത്താനും ആയിരം കണ്ണുകൾ സദാ ജാഗ്രതയോടെ കാണും. സന്തോഷങ്ങളുടെയും ദു:ഖങ്ങളുടെയും സമയങ്ങളിൽ അവൻ വികാരാധീനനായിരിക്കണം എന്ന കല്പന നീ മനസ്സിൽ മെനഞ്ഞിരിക്കുന്നു.  പ്രിയപ്പെട്ടവരുടെ വേർപാടിൽ അവന്റെ കണ്ണു നിറഞ്ഞാൽ അവൻ നിനക്ക് പക്വത വരാത്തവനായി. അവൻ വികാരം പ്രകടിപ്പിച്ചില്ലങ്കിൽ കഠിനഹൃദയനായി.

മരിച്ചവനെയും ദു:ഖാർത്തരായ കുടുംബങ്ങളെപ്പറ്റിയും എന്തു തന്നെ അവൻ ചിന്തിച്ചാലും വികാരങ്ങൾ മറച്ചു വച്ചു കൊണ്ട് അവൻ പ്രസംഗിക്കാൻ ബാധ്യസ്ഥനാണ്. മരണ കുർബാനയിൽ ദുഃഖമില്ലാത്ത ഒരേ ഒരു വ്യക്തിയായി പുരോഹിതനെ കാണുന്നു.

f-1സ്വന്തം പിതാവിന്റെയോ, മാതാവിന്റെയോ, സഹോദരന്റെയോ, സഹോദരിയുടെയോ, സുഹൃത്തുക്കളുടെയോ മൃതസംസ്കാര ശുശ്രൂഷ നടത്താൻ ബാധ്യസ്ഥനായ പുരോഹിതനെപ്പറ്റി നീ ചിന്തിച്ചുണ്ടോ? അവന്റെ മാതാപിതാക്കൾക്ക് അവൻ അവരുടെ മകനാണ്, അവന്റെ കൂടെപ്പിറപ്പുകൾക്ക് അവൻ അവരുടെ സഹോദരനാണ്, അവന്റെ സുഹൃത്തുക്കൾക്ക് അവൻ അവരുടെ ആത്മമിത്രമാണ്, പക്ഷേ ജനങ്ങൾക്ക് അവൻ അപ്പോഴും ഒരു പുരോഹിതൻ മാത്രം. നീ എന്നെങ്കിലും അതുപോലുള്ള ഒരു മൃതസംസ്കാര ശുശ്രൂഷയിൽ പങ്കു ചേർന്നിട്ടുണ്ടോ? ദിവസത്തിന്റെ അവസാനം വീടിന്റെ എതെങ്കിലും ഒരു കോണിലോ, പള്ളിമേടയിലെ തണുത്ത ഭക്ഷണത്തിനു മുന്നിലോ നീ അവനെ ഏകനായി കണ്ടെത്തും. നിനക്ക് മടങ്ങി പോകാൻ ഒരു ഭവനമുണ്ട്. കൂടെക്കരയാൻ ഒരു കുടുംബമുണ്ട്. ഒരു പുരോഹിതനു അവന്റെ മാതാപിതാക്കൾ മരിച്ചാൽ വീട് അവന്റെ വീടല്ലാതാകുന്നു.

ഇനി ഒരു വൈദീകന്റെ മരണമായാലോ?

f-2അവന്റെ മരണം ഒരു യുഗത്തിന്റെ അവസാനമാണ്. അവനുണ്ടായിരുന്നതെല്ലാം ഉപേഷിക്കുന്ന നിമിഷം മുതൽ ലോകം അവന്റെ ഭവനമാകുന്നു. ധാരാളം ആളുകളുടെ ഉത്തമ സഹചാരിയാകുന്നു. അവൻ അവരുടെ ആകുലതകളും ആനന്ദങ്ങളും സ്വന്തം ഹൃദയത്തിലേറ്റു വാങ്ങുന്നു. അങ്ങനെ അവൻ തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയാവുന്നു. അതിനാൽ അവന്റെ മരണം ഒരു യുഗത്തിന്റെ അവസാനമാണ്. മൂല്യങ്ങളും ആദർശങ്ങളും ജീവിതത്തിൽ ഉയർത്തി പിടിച്ച ഒരു മനുഷ്യ സ്നേഹിയുടെ വിടവാങ്ങലാണ്, ഒരു സ്നേഹ ശൃംഖലയുടെ  അവസാനമാണ് .

അവൻ മരിക്കുമ്പോൾ അവന്റെ മാതാപിതാക്കളും ഉറ്റവരുമല്ലാതെ ആരാണ് അവനുവേണ്ടി കണ്ണീർ പൊഴിക്കാനുള്ളത്? നീ മരിക്കുമ്പോൾ നിനക്കുവേണ്ടി കണ്ണീർ പൊഴിക്കാൻ ആരെങ്കിലും ഉണ്ടാവുമെന്ന ചിന്ത ഇതു വായിക്കുന്ന എല്ലാവരിലുണ്ട്.
എങ്കിൽ ഒരു പുരോഹിതന്റെ വിയോഗത്തിൽ അവനു വേണ്ടി ആത്മാർത്ഥതയുടെ മിഴിനീർ തൂവാൻ അധികം മിഴികൾ ഉണ്ടാവില്ല എന്ന സത്യം നീ തിരിച്ചറിയണം.
നീ ആകുലപ്പെടേണ്ട, ഇത് നിന്റെ പ്രശ്നമല്ല, ഇത് എല്ലാം ഉപേക്ഷിച്ച അവന്റെ പ്രശ്നമാണ്. സർവ്വതും പരിത്യജിച്ചവനു കരുതലിനവകാശമുണ്ടോ കണ്ണീരിനവകാശമുണ്ടോ?

ഒരു പുരോഹിതന്റെ മരണം അവന്റെ നെടുവീർപ്പുകളുടെയും പ്രാർത്ഥനയുടെയും അവസാനമാണ്. ഒരു വൈദീകന്റെ പൗരോഹിത്യ ജീവിതം മുഴുവൻ അവനു ചുറ്റുമുള്ള അജഗണങ്ങളുടെ നെടുവീർപ്പുകളാൽ തിങ്ങിനിറഞ്ഞതാണ്. അവനു അവന്റേതായ ഭാരങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ തന്റെ പ്രിയപ്പെട്ടവരുടെ ഭാരിച്ച ചുമടുകളും അവൻ വഹിക്കാൻ മനസ്സലിവു കാട്ടുന്നു.
അവന്റെ ഭാരങ്ങളിലധികവും ആരോടും പങ്കുവയ്ക്കാൻ കഴിയുന്നതോ  പ്രകടിപ്പിക്കാൻ പറ്റുന്നതോ ആയിരിക്കില്ല. ഒരു തരത്തിൽ മരണം അവന് ഒരു ഉപശാന്തിയാണ്. ദു:ഖത്തിന്റെ ലോകത്തു നിന്നു സന്തോഷത്തിന്റെ ലോകത്തിലേക്കുള്ള ഒരു ചുവടുമാറ്റമാണ്.

അവൻ അവന്റെ ഇരുട്ടു മുറിയിൽ  ആരുമറിയാതെ കണ്ണീർ തൂവുന്നു. നന്മ ചെയ്യാൻ കഴിയാത്തതിൽ അവൻ ആത്മവിമർശനം നടത്തുന്നു. താൻ ചെയ്ത നന്മകളെ പ്രതി അവൻ സ്വയം ആത്മനിർവൃതി അടയുന്നു. സന്തോഷം വരുമ്പോൾ ശാന്തമായി ചിരിക്കുന്നു. അവന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അവന്റെ അയോഗ്യതയെ അവൻ അഭിമുഖീകരിക്കുന്നു.  ആശ്രയിക്കാനും, ആകുലതകളും   അസ്വസ്ഥതകളും പങ്കുവയ്ക്കാനും അവൻ പലരെയും അന്വേഷിക്കുവെങ്കിലും, അവനെ ആയിരിക്കുന്ന അവസ്ഥയിൽ മനസ്സിലാകാൻ കഴിയുന്നവരെ കണ്ടെത്താൻ പ്രയാസപ്പെടുന്നു.

ദൈവനാമത്തിൽ എല്ലാവർക്കും ക്ഷമ നൽകുന്നു അവൻ. എന്നാൻ അവന്റെ തെറ്റുകൾക്ക്  ആരും മാപ്പു നൽകുന്നില്ല. അവനെ സ്നേഹിക്കുന്നവർക്കു വേണ്ടി അവൻ ചുറ്റുനോക്കുമ്പോൾ, തന്നെ ഉപയോഗിക്കുന്നവരെയും വഞ്ചിക്കുന്നവരെയും കണ്ടുമുട്ടുന്നു.

f-3ഒരു ദിവസം ശാന്തമായി അവൻ തനിയെ ഉറങ്ങുന്നു. ഒരിക്കലും ഉണരാത്ത ഒരു ഉറക്കം, അവന്റെ വളർത്തു നായ അവനെ ഉണർത്താൻ നോക്കും, അവന്റെ പള്ളിമണി അവനെ ഉണർത്താൻ പരിശ്രമിക്കും, പക്ഷേ അവൻ നിദ്ര വിട്ടുണരില്ല. ഉണരാൻ മടി കാണിക്കുന്ന അലസനായ കുട്ടിയെപ്പോലെ അവൻ ഉറങ്ങുന്നു.

ശരിയാണ് അവൻ മടിയനും ഉന്മത്തനും സമയം കൊല്ലിയുമായിരുന്നു ചിലർക്ക്. നീ വിഷമിക്കേണ്ട, നിന്നെ ബുദ്ധിമുട്ടിക്കാൻ അവൻ ഇനി ഉണരില്ല. നിനക്ക് സ്വസ്ഥമായി ജീവിക്കാം.

നിങ്ങൾ അവനെ ശരിക്കും ഇഷ്ടപ്പെട്ടില്ലങ്കിലും അവന്റെ ശവസംസ്കാര ശുശ്രൂഷയിൽ  പങ്കെടുക്കും എന്നത് എനിക്ക് വിചിത്രമായി തോന്നുന്നു. നിങ്ങൾ എന്തിനാണ് അത് ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് സഭയോടോ പുരോഹിതനോടോ ഉള്ള നിന്റെ “ഐക്യമത്യം” കാണിക്കാനാണോ? അതോ നീ ‘നല്ല’ ക്രിസ്ത്യാനി ആണന്നു പ്രദർശനം നടത്താനാണോ? അതുമല്ലങ്കിൽ നിന്റെ കടപ്പാടുകൊണ്ടാണോ?
ജീവിച്ചിരിക്കുമ്പോൾ അവനു വേണ്ടി നിനക്ക് സമയം ഇല്ലായിരുന്നു എങ്കിൽ അവന്റെ മൃതസംസ്കാര ശുശ്രൂഷയിലും നീ ദയവായി പോകരുത്. അതുകൊണ്ട് നിനക്ക് എന്തു പ്രയോജനം ലഭിക്കും? നീ അല്പം ദയയും മനസ്സിലാക്കലും അവനു സന്മാനിച്ചിരുന്നെങ്കിൽ അവന്റെ ജീവിതത്തിൽ കുറച്ചു കൂടെ സന്തോഷം വിരിഞ്ഞേനേ.

ഒരു പുരോഹിതൻ മരിക്കുമ്പോൾ, വെറും മാനുഷിക പ്രസ്ഥാനമായി മാത്രം നീ കരുതുന്ന സഭ, അവളുടെ ഒരു പ്രിയപുത്രന്റെ വേർപാടിൽ വിലപിക്കുമെങ്കിലും അതിനെ അതിജീവിക്കും.

അവൻ നിനക്കു വേണ്ടി പുരോഹിതവേല തിരഞ്ഞെടുത്തു.
അവൻ നിന്നെ സ്നേഹിക്കാൻ തിരഞ്ഞെടുത്തു.
അവൻ നിന്നെ പ്രാർത്ഥിക്കാൻ തിരഞ്ഞെടുത്തു.
അവൻ നിന്നോടു ദയ കാണിക്കാൻ തീരുമാനിച്ചു.
അവൻ നിന്റെ ഹൃദയ സ്പന്ദനങ്ങളെ ശ്രദ്ധിക്കാൻ തീരുമാനിച്ചു.
അവൻ നിന്റെ അന്ധകാരങ്ങളെ വഹിക്കാൻ തിരഞ്ഞെടുത്തു.
അവൻ നിനക്കുവേണ്ടി മാത്രം സമയം ചെലവഴിച്ചു.
അവൻ നിനക്കുവേണ്ടി തെറ്റിധാരണകൾ ഏറ്റുവാങ്ങി.
അവൻ നിനക്കു വേണ്ടി നിശബ്ദനായി.
അവൻ ഇപ്പോൾ ഉറങ്ങാൻ തീരുമാനിച്ചിരിക്കുന്നു. അവനെ ഉണർത്താൻ നോക്കരുത്, ദയവായി അവനെ വേദനിപ്പിക്കരുത്, അവൻ ശാന്തമായി ഉറങ്ങട്ടെ.

മറ്റു സഹവൈദീകർക്കു വേണ്ടി ഒരു പുരോഹിതൻ.

ഫാ: മനു മാത്യു എഴുതിയ And if a Priest dies: A Soulful Reflection എന്ന വിചിന്തനത്തിന്റെ  സ്വതന്ത്ര മലയാള വിവർത്തനം.

വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

തിരി കത്തിച്ചു പ്രാർത്ഥിക്കാൻ താല്പര്യം ഉള്ളവർ തിരിയിൽ ക്ലിക്ക് ചെയ്യുക.

candleനിത്യ പുരോഹിതനായ ഈശോ, അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍.

ലോകരക്ഷകനായ ഈശോ, അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.

വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.