പാപ്പയുടെ നോമ്പ് സന്ദേശം 9 – യേശുവിന്റെ ചെറിയവരെ ശുശ്രൂഷിക്കാനുള്ള സമയം 

എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത് (മത്തായി 25:40).

കര്‍ത്താവിന്റെ വാക്കുകളില്‍ നിന്ന് നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. കാരണം, അതിനനുസരിച്ചാണ് നാം വിധിക്കപ്പെടുന്നത്. വിശക്കുന്നവന് ആഹാരം നല്‍കിയോ, ദാഹിക്കുന്നവന് കുടിക്കാന്‍ കൊടുത്തോ, പരദേശിയെ സഹായിച്ചോ, നഗ്നനെ ഉടുപ്പിച്ചോ, രോഗികളെയും തടവുകാരെയും സന്ദര്‍ശിച്ചോ എന്നെല്ലാം നോക്കിയാണത്. ഇതിനെല്ലാം പുറമേ ഏകാന്തതയുടെ ഫലമായി ഉണ്ടാവുന്ന നിരാശയില്‍ നിന്ന് കരകയറാന്‍ മറ്റുള്ളവരെ നാം സഹായിച്ചോ എന്നും വിധിദിവസത്തില്‍ ചോദിക്കപ്പെടും. കൂടാതെ, അവഗണനയുടെ വേദന തിന്ന് ജീവിക്കുന്നവരോടും ദാരിദ്രത്തിന്റെ കെട്ടുകളില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കാതെ വലയുന്ന കുട്ടികളോടും ഏകാന്തതയില്‍ ജീവിക്കുന്നവരോടും ചൂഷണത്തിന് വിധേയരാവുന്നവരോടും നാം അടുപ്പത്തോടെയാണോ പെരുമാറിയതെന്നും വിധിദിനത്തില്‍ പരിഗണിക്കപ്പെടും.

തെറ്റു ചെയ്തവരോട് ക്ഷമിക്കുന്നതും അക്രമത്തിലേയ്ക്ക് നയിക്കുന്ന കോപവും വിദ്വേഷവും ഒഴിവാക്കുന്നതും ദൈവം കാണിച്ചുതന്ന കരുണ സ്വീകരിക്കുന്നതും നമ്മുടെ സഹോദരീസഹോദരന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. കാരണം, ഈ ചെറിയവരില്‍ ഓരോരുത്തരിലും ക്രിസ്തു തന്നെയാണുള്ളത്. പീഡിപ്പിക്കപ്പെടുന്നവരിലും ചൂഷണം ചെയ്യപ്പെടുന്നവരിലും വിശക്കുന്നവരിലും അവഗണിക്കപ്പെടുന്നവരിലും പരദേശികളിലുമെല്ലാം യേശുവിന്റെ മാംസവും ശരീരവും കാണാന്‍ സാധിക്കണം. അതിനാല്‍ നമുക്ക് ചിന്തിക്കാം… യേശുവിന്റെ ഏതെല്ലാം ചെറിയവരിലാണ് ഇന്ന് എന്റെ ശ്രദ്ധ കൂടുതലായി ചെല്ലേണ്ടത് എന്ന്.

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.