പാപ്പയുടെ നോമ്പ് സന്ദേശം 37  ദൈവത്തിന് പ്രഥമ സ്ഥാനം നല്‍കാനുള്ള സമയം

ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും. കള്ളന്മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല, കള്ളന്മാര്‍ മോഷ്ടിക്കുകയില്ല ( മത്തായി: 6: 19-20).

ദൈവസാന്നിധ്യമില്ലാത്ത ഹൃദയങ്ങളാണ് വസ്തുവകകള്‍ക്കും അധികാരത്തിനും സമ്പത്തിനും വേണ്ടി ആഗ്രഹിക്കുകയും അതിന്റെ അഭാവത്തില്‍ മനസ് വിഷമിപ്പിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് ഈശോ ധനികരെ നിരന്തരം താക്കീത് ചെയ്തുകൊണ്ടിരുന്നത്. കാരണം ലൗകിക വസ്തുക്കളിലാണ് അവര്‍ തങ്ങളുടെ സുരക്ഷയെ കരുതിക്കൊണ്ടിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ സുരക്ഷയും അവസാന സുരക്ഷയും ദൈവത്തിലാണെന്ന കാര്യം അവര്‍ മറക്കുന്നു.

സമ്പത്തിനെ ആശ്രയിച്ചിരിക്കുന്ന ഒരു ഹൃദയത്തില്‍ വിശ്വാസത്തിന് സ്ഥാനമുണ്ടാവില്ല. അതേസമയം ഒരു വ്യക്തി ദൈവത്തിന് പ്രഥമസ്ഥാനം നല്‍കിയാല്‍ സ്വന്തം സമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലേയ്ക്ക് അത് നമ്മെ നയിക്കും. നമ്മുടെ പങ്കുവയ്ക്കലിലൂടെയും സേവനത്തിലൂടെയുമാണ് ദൈവത്തിന്റെ കരുണ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളു. നമുക്കുവേണ്ടി മാത്രം അധ്വാനിക്കുകയും ശേഖരിക്കുകയും ചെയ്യാതെ മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടി സമ്പത്ത് ശേഖരിക്കുന്ന പ്രവര്‍ത്തിയിലൂടെ ദൈവത്തിന്റെ കരുണ പ്രകടമാവും.

വചനം സൂചിപ്പിക്കുന്നതുപോലെ അവനവനുവേണ്ടി മാത്രം സമ്പത്ത് ശേഖരിച്ചുവച്ചശേഷം ഒരു സുപ്രഭാതത്തില്‍ ദൈവം തിരിച്ചുവിളിക്കുമ്പോള്‍ എന്തു ചെയ്യും. ഒരു സമ്പത്തും കൂടെ കൊണ്ടുപോവാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം, ശവക്കച്ചയ്ക്ക് പോക്കറ്റുകളില്ല. അതുകൊണ്ട് പങ്കുവയ്ക്കാം. സഹജീവികളുമായി പങ്കുവയ്ക്കുന്നതെന്തോ അത് മാത്രമേ നമുക്ക് തിരിച്ച് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ എന്ന് ചുരുക്കം. അതുകൊണ്ട് ചിന്തിക്കാം.. എന്റെ സമ്പാദ്യത്തില്‍ എന്തൊക്കെയാണ് ആവശ്യക്കാരനുമായി ഞാന്‍ പങ്കുവയ്‌ക്കേണ്ടതെന്ന്.

പാപ്പയുടെ നോമ്പുകാല സന്ദേശത്തില്‍ നിന്ന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.