ഫ്രാൻസിസ് പാപ്പ പുനരധിവാസകേന്ദ്രം സന്ദർശിച്ചു 

‘സാന്ത ലൂസിയ ഫൌണ്ടേഷൻ’ നടത്തുന്ന പുനരധിവാസകേന്ദ്രത്തില്‍ ഫ്രാൻസിസ് പാപ്പാ അപ്രതീക്ഷിത സന്ദർശനം നടത്തി. വെള്ളിയാഴ്ചകളിൽ പാപ്പാ നടത്താറുള്ള സന്ദർശനങ്ങളുടെ ഭാഗമായിയാണ് അദ്ദേഹം ഇവിടെ എത്തിയത്. 

ശാരീരികവും മാനസീകവുമായി അവശരായവരെയും നട്ടെല്ലിനു ക്ഷതമേറ്റവരെയും പാർക്കിൻസൺസ് രോഗികളേയും, മൾട്ടിപ്പിൾ സ്ക്ലെറോസിസ് രോഗത്താല്‍  വലയുന്നവരേയും ആണ് പാപ്പാ സന്ദര്‍ശിച്ചത്.

എല്ലാ വെള്ളിയാഴ്ചയും സമൂഹത്തിൽ വേദനിക്കുന്നവർക്കും ദുഃഖമനുഭവിക്കുന്നവർക്കുമായി മാറ്റിവെക്കുക ഫ്രാൻസിസ് പാപ്പായുടെ ശീലമാണ്. കരുണയുടെ വർഷാഘോഷങ്ങളോടനുബന്ധിച്ചു മാസത്തിൽ ഒരിക്കൽ പാവങ്ങളെ സന്ദർശിക്കാൻ ഉള്ള പദ്ധതിയാണ് തയ്യാറാക്കിയതെങ്കിലും പാപ്പാ എല്ലാ വെള്ളിയാഴ്ചകളിലും തന്റെ സന്ദർശനം തുടരുകയായിരുന്നു. അഭയാർഥികളോടും കുട്ടികളോടും സ്ത്രീകളോടും ലൈംഗിക കടത്തലിൽ നിന്നും പീഡനങ്ങളിൽ നിന്നും സ്വതന്ത്രമാക്കപ്പെട്ടവരോടും കൂടെ ചിലവൊഴിക്കുവാൻ  ഈ ദിവസങ്ങളിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു .

നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾ ബാധിച്ച കുട്ടികളുമായി ഫ്രാൻസിസ് പാപ്പാ തമാശകൾ പങ്കുവെക്കുകയും അവരുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. നട്ടെല്ലുകള്‍ക്കുണ്ടാകുന്ന ആഘാതം മൂലം അരക്കെട്ടിനു താഴെ തളര്‍വാതം ബാധിച്ച ആളുകളെ ചേർത്തു പിടിച്ച പാപ്പാ അവരുടെ പുനരധിവാസത്തിനായുള്ള   പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കുകയും ചെയ്തു.

നഷ്ട്ടപ്പെടുന്ന പ്രത്യാശയെ നിലനിർത്തുവാനായി പുനരധിവാസ പ്രക്രിയയിലൂടെ കടന്നുപോകുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ സ്ഥാപനത്തിന്റെ ചാപ്പലിൽ പ്രാർത്ഥന നടത്തിയതിനു ശേഷമാണു മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.