ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ 40 വർഷമായി തുടരുന്ന വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

ഫ്രാൻസിസ് പാപ്പായുടെ ഓഫീസിൽ വി. യൗസേപ്പിതാവിന്റെ ഒരു രൂപമുണ്ട്. കൊത്തുപണിക്കുള്ള ഉളിയോ, ലില്ലിപ്പുഷ്പമോ, ബാലനായ യേശുവോ അല്ലായിരുന്നു അദ്ദേഹത്തിന്റെ കൈയ്യില്‍ ഉണ്ടായിരുന്നത്. മറിച്ച്, സാധാരണയിൽ നിന്നും വ്യത്യസ്തമായി, ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപമാണ് അവിടെയുള്ളത്. അത് എന്തുകൊണ്ടാണെന്ന് പരിശുദ്ധ പിതാവ് തന്നെ പറയുന്നുണ്ട്.

“എനിക്ക് വി. യൗസേപ്പിതാവിനോട് വലിയ ആദരവും സ്നേഹവുമുണ്ട്. കാരണം നിശ്ശബ്ദതയുടെയും മനോബലത്തിന്റെയും പര്യായമായ ഒരു മനുഷ്യനാണ് അദ്ദേഹം. ഉറങ്ങുമ്പോൾ പോലും അദ്ദേഹം സഭയെ കാത്തുകൊള്ളുമെന്ന് എനിക്കറിയാം; അല്ല, അദ്ദേഹത്തിനു മാത്രമേ അങ്ങനെ സാധിക്കുകയുള്ളൂ എന്നും നമുക്കറിയാം. എനിക്ക് എന്തെങ്കിലും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ഞാൻ ഒരു കടലാസുകഷണത്തില്‍ എഴുതി ആ രൂപത്തിനടിയിൽ വയ്ക്കും. അദ്ദേഹം അതിനെ സ്വപ്നത്തിൽ വിചിന്തനം ചെയ്തുകൊള്ളും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ആ പ്രശ്നത്തിന് ഉത്തരം ലഭിക്കാനായി അദ്ദേഹം പ്രാർത്ഥിച്ചുകൊള്ളും” – 2015 ജനുവരി 16 -ന് മനിലയിൽ നടന്ന കുടുംബസംഗമത്തിനിടയിൽ സംസാരിക്കവെ ആയിരുന്നു പാപ്പാ ഇത് പറഞ്ഞത്.

വി. യൗസേപ്പിതാവിനോട് പ്രത്യേക ഭക്തിയും അടുപ്പവും കാത്തുസൂക്ഷിക്കുന്ന ഫ്രാൻസിസ് പാപ്പാ, 40 വർഷത്തിലേറെയായി ചൊല്ലുന്ന പ്രാർത്ഥന പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പ്രാർത്ഥനാ പുസ്തകത്തിൽ നിന്നും എടുത്തതാണ്:

“അസാധ്യകാര്യങ്ങൾ സാധ്യമാക്കുന്ന മഹാപിതാവായ മാർ യൗസേപ്പേ, അതികഠിനമായ ക്ലേശങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ഇക്കാലത്ത് എന്റെ സഹായത്തിനു വരണമേ. അവിടുത്തെ സഹായത്തിനായി ഞാൻ ഉയർത്തുന്ന ഏറെ ക്ലേശകരവും സുപ്രധാനങ്ങളുമായ എന്റെ നിയോഗങ്ങളെ അങ്ങ് സ്നേഹത്തോടെ സ്വീകരിക്കേണമേ. അവയ്ക്ക് സന്തോഷകരമായ പരിസമാപ്തി ഉണ്ടാക്കിത്തരേണമേ. എന്റെ വത്സലപിതാവേ, അങ്ങാണ് എന്റെ ആശ്രയം. അങ്ങയോട് പ്രാര്‍ത്ഥിച്ചിട്ട്‌  ഫലമുണ്ടായില്ല എന്ന് പറയാൻ എനിക്ക് ഇടയാക്കരുതേ. എന്തെന്നാൽ, ഈശോയുടെയും അവിടുത്തെ അമ്മയുടെയും പക്കൽ അങ്ങേക്കുള്ള സ്വാതന്ത്ര്യം അത്ര വലുതാണല്ലോ. അങ്ങയുടെ ശക്തിപോലെ തന്നെ ഔദാര്യവും അതിമഹത്തരമാണെന്ന് എനിക്ക് കാണിച്ചുതരേണമേ. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.