ഇറാക്കിലെ പീഡിത ജനതയ്ക്കുവേണ്ടി ഫ്രാന്‍സിസ് പാപ്പായുടെ അഭ്യര്‍ത്ഥന

ക്ലേശിക്കുന്ന ജനത്തിനെതിരെ ഇറാക്കി ഗവണ്‍മെന്‍റ് കൈക്കൊണ്ട പീഡനങ്ങളില്‍  ഫ്രാൻസിസ് പാപ്പാ ഖേദം പ്രകടിപ്പിച്ചു.വത്തിക്കാനില്‍ പതിവുള്ള പ്രതിവാര കൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തന്നെ കാണാന്‍ എത്തിയ ആയിരങ്ങളോടും ലോകത്തോടുമായി പാപ്പാ ഫ്രാന്‍സിസ് ഇറാക്കിലെ പീഡിതരായ ജനതയ്ക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥന നടത്തിയത്.

തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി ജനങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ നടത്തിയ സമാധാനപരമായ പ്രതിഷേധ പ്രകടങ്ങളും, എന്നാല്‍ അവയ്ക്കുനേരെ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടായ സായുധസേനയുടെ ആക്രമണങ്ങളെയും പാപ്പാ ഖേദപൂര്‍വ്വം അനുസ്മരിച്ചു. ഈ സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരു‌ടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും, മുറിപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പൊതുവായ അഭ്യര്‍ത്ഥനയിലൂടെ പാപ്പാ അറിയിച്ചു.

ജനങ്ങളുടെ കരച്ചില്‍ കേള്‍ക്കാന്‍ വൈകരുതെന്നും പാപ്പാ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. അതുപോലെ രാജ്യാന്തര സമൂഹത്തിന്‍റെ പിന്‍തുണയോടെ സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാതയില്‍, ഇറാക്കിലെ പ്രതിസന്ധികള്‍ക്ക് ശരിയും നീതിപൂര്‍വ്വകവും അടിയന്തിരവുമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിക്കണമെന്നും അവിടത്തെ ജനതയോടായി പാപ്പാ അഭ്യര്‍ത്ഥിച്ചു.

ദീര്‍ഘകാല യുദ്ധത്തിന്‍റെയും തീവ്രവാദപ്രവര്‍ത്തനങ്ങളുടെയും ഫലമായി ചിഹ്നഭിന്നമായ ഇറാക്കി ജനത സുസ്ഥിതിയും കരുത്തും ആര്‍ജ്ജിച്ച് സമാധാനത്തില്‍ ജീവിക്കാന്‍ ഇടയാക്കണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ ഫ്രാന്‍സിസ് തൻ്റെ അഭ്യര്‍ത്ഥന ഉപസംഹരിച്ചത്.

കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ
www.vaticannews.va