പെസില്ലാ – ലാറിവിയേരെ ഫ്രാന്‍സ് 1793

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമണങ്ങളും ബഹളങ്ങളും നടന്നിരുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് ഫ്രാന്‍സിലെ ധീരരായ ചില ആളുകള്‍ ഈശോയുടെ യഥാര്‍ത്ഥ സാന്നിദ്ധ്യമുള്ള പരിശുദ്ധ കുര്‍ബാന ദേവാലയത്തില്‍ നിന്നുമെടുത്ത് സ്വന്തം വീടുകളില്‍ സൂക്ഷിച്ചു. കത്തോലിക്കാ മതത്തിനെതിരെയുള്ള നിരോധനം ഫ്രഞ്ച് ഗവണ്‍മെന്റ് നിര്‍ബന്ധമാക്കുകയും പളളികളും അവയിലെ വിശുദ്ധ വസ്തുക്കളും വില്‍ക്കുക പോലും ചെയ്തു. തങ്ങളുടെ ദേവാലയം വില്‍ക്കപ്പെട്ടു എന്നറിഞ്ഞ റോസ ലോറന്‍സും ജീന്‍ ബോണഫോസും ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച് സക്രാരിയില്‍ നിന്നും തിരുവോസ്തി വീണ്ടെടുത്തു.

പിടിക്കപ്പെട്ടിരുന്നെങ്കില്‍ മരണം അവര്‍ക്ക് തീര്‍ച്ചയായിരുന്നു. തങ്ങള്‍ക്കുണ്ടായേക്കാവുന്ന ഈ അപകടത്തെക്കുറിച്ച് വ്യക്തമായി  അറിഞ്ഞിട്ടും ഈശോയെ ആരാധിക്കാന്‍ ആഗ്രഹിച്ച ധീരരായ കത്തോലിക്കരെയെല്ലാം റോസ ലോറന്‍സ് സ്വാഗതം ചെയ്തു. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിച്ച ഫ്രഞ്ച് വിപ്ലവകാലഘട്ടത്തില്‍ അനേകം വിശ്വാസികള്‍ക്ക് വീടുകളും തങ്ങളുടെ ജീവന്‍ തന്നെയും നഷ്ടമായി. ഈ ബഹളങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എല്ലാമിടയിലും റോസ ലോറന്‍സിന്റെയും ജീന്‍ ബോണഫാസിന്റെയും ഭവനങ്ങള്‍ വിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ ദൈവീക സാന്നിദ്ധ്യത്താല്‍ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടു.