ഇന്ത്യന്‍ ബാസ്കറ്റ് ബോൾ ടീമിലെ അമ്മ മനസ്

സുനീഷ വി.എഫ്.

കുഞ്ഞുങ്ങൾ കരിയറിന് തടസമാണോ? നാലു തവണ ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റനായിരുന്ന പി.എസ്. ജീന, കുഞ്ഞുഡേവിനെ ചേർത്തുപിടിച്ച് ഉത്തരം നല്‍കുന്നു. കുടുംബം, കരിയര്‍, മക്കള്‍, പ്രാര്‍ത്ഥന തുടങ്ങിയ വിഷയങ്ങളെല്ലാം ഈ സംഭാഷണത്തിനിടയില്‍ കടന്നുവരുന്നു. എല്ലാവരും വായിച്ചിരിക്കേണ്ട അതിമനോഹര ജീവിതസാക്ഷ്യം.

അമ്മയാകുന്നത് ഒന്നിനും ഒരു തടസമല്ലെന്നു കാണിച്ചുതന്ന ആൻ ഫ്രെസെർ, സെറീന വില്യംസ്, കിം ക്ലിജെസ്റ്റർ, അലിസൺ ഫെലിക്സ് തുടങ്ങിയ കായികതാരങ്ങളെ നമുക്കെല്ലാവർക്കും അറിയാം. ഇവരൊക്കെയും കൂടുതൽ പ്രശസ്തി നേടിയത് ഒരു അമ്മ ആയതിനു ശേഷവും കളിക്കളത്തിൽ ഇറങ്ങിയതു മൂലമാണ്. മുകളിൽ നിരത്തിയ പേരുകൾ വായിക്കുമ്പോൾ ‘ഓ ഇതൊക്കെ അങ്ങ് അമേരിക്കയിലും ജമൈക്കയിലും ഒക്കെയല്ലേ, കേരളത്തിൽ ഇതൊന്നും നടക്കില്ല’ എന്ന് ആലോചിച്ച് നെറ്റി ചുളിക്കാൻ വരട്ടെ. നമുക്കിടയിലും ഇതുപോലെ ധാരാളം സ്ത്രീരത്നങ്ങളുണ്ട്. ഒരു കൈ കൊണ്ട് തങ്ങളുടെ കരിയറിനെ താങ്ങിനിർത്തുമ്പോൾ മറുകൈ കൊണ്ട് ദൈവം തനിക്കായി നൽകിയിരിക്കുന്ന വലിയ നിധിയായ മക്കളെയും മാറോടു ചേർക്കുന്ന നിരവധി അമ്മ-പ്രൊഫഷണലുകൾ. അത്തരത്തിൽ മാതൃത്വവും പ്രൊഫഷനും ഒരുപോലെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാകുന്ന ഒരു രാജ്യാന്തര ബാസ്കറ്റ് ബോൾ താരമാണ് പി.എസ്. ജീന.

നാലു തവണ ഇന്ത്യൻ ക്യാപ്റ്റനും തുടർച്ചയായി എട്ടു വർഷം ഇന്ത്യൻ സീനിയർ ടീമിൽ അംഗവുമായിരുന്നു ജീന. കഴിഞ്ഞ 11 വർഷത്തിനിടയിൽ ജീനയില്ലാതെ കേരളം മത്സരത്തിനിറങ്ങിയത് ഒരേയൊരു തവണ മാത്രമാണ്. 2019-ലെ സാഫ് ഗെയിംസിൽ ബാസ്കറ്റ് ബോൾ മത്സരത്തിൽ ഇന്ത്യ സ്വർണ്ണം നേടിയപ്പോൾ ജീനയായിരുന്നു ടീം ക്യാപ്റ്റൻ. ഇന്ന് ജീന തൃശൂർ ചാലക്കുടി മേലൂർ സെന്റ് ജോസഫ് ചർച്ച് ഇടവകയിലെ മാളിയേക്കൽ ചെറ്റയ്ക്കൽ വീട്ടിൽ ജാക്‌സന്റെ ഭാര്യയും ഒരു വയസുകാരൻ ഡേവ് ജാക്‌സന്റെ അമ്മയുമാണ്. എങ്കിലും തന്റെ കരിയറിനും മാതൃത്വത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ടാണ് ജീന തന്റെ ജീവിതത്തിന്റെ കോർട്ടിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. ജീനയുമായി ലൈഫ് ഡേ നടത്തിയ സംഭാഷണം.

വയനാട്ടിൽ നിന്ന് ബാസ്കറ്റ് ബോൾ കോർട്ടിലേക്ക്

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പാലനിൽക്കുംകാലായിൽ സ്കറിയ – ലിസി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ജീന. തരിയോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുമ്പോഴാണ് ജീനയിലെ സ്പോർട്സ് താരത്തെ അവിടുത്തെ കായികാധ്യാപികയായ സിസ്റ്റർ സബീന തിരിച്ചറിയുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഹൈജംപിലൂടെയായിരുന്നു ജീന തന്റെ കായികജീവിതത്തിന്റെ തിരശീല ഉയർത്തുന്നത്. സാമാന്യം ഉയരമുള്ളതിനാൽ ബാസ്‌ക്കറ്റ് ബോളിൽ ജീന കൂടുതൽ ശോഭിക്കുമെന്നു മനസ്സിലാക്കി സിസ്റ്റർ, ജീനയെ പതിയെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിലേക്ക് പറിച്ചുനട്ടു. വയനാട് പോലൊരു ജില്ലയിൽ നിന്നുകൊണ്ട് മികച്ച പരിശീലനം നേടുക എന്നത് ജീനയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ കണ്ണൂർ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി.

പരിശീലന വഴികളിലൂടെ

ഒരു മികച്ച കായികതാരത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് പരിശീലനവും അർപ്പണമനോഭാവവുമാണ്. സ്പോർട്സ് സ്‌കൂളിലെത്തിയ ജീനയ്ക്ക് ഏതൊരു കായികതാരത്തെയും പോലെ തന്നെ കഷ്ടപ്പാടിന്റെ കൊടുമുടികൾ കയറേണ്ടിവന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കഠിനമായ പരിശീലനവുമെല്ലാം പഠനത്തോടൊപ്പം നേരിടേണ്ടിവന്ന വലിയ വെല്ലുവിളികൾ തന്നെയായിരുന്നു.

“ദിവസവും രാവിലെ അഞ്ചു മണിക്കാണ് പരിശീലനം ആരംഭിക്കുക. ക്ലാസ് കഴിഞ്ഞു വൈകുന്നേരവും പരിശീലനമുണ്ട്. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നെങ്കിലും പതിയെ ഇത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. അവധിക്കായി വീട്ടിൽ വരുന്ന ദിവസങ്ങൾ മാത്രമായിരുന്നു കോച്ചിങ് ഇല്ലാതിരുന്നത്.” കോർട്ടിലെ പന്തുമായി ചങ്ങാത്തത്തിലായതിന്റെ ആദ്യദിനങ്ങൾ ജീന ഓർത്തെടുത്തു. പിന്നീട് വിവിധ മത്സരങ്ങളിൽ പങ്കെടുത്ത ജീന ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് കെഎസ്ഇബി-ക്കു വേണ്ടി കോർട്ടിലിറങ്ങുന്നത്. 2013 മുതൽ ജീന കെഎസ്ഇബി-യിൽ ജോലി ചെയ്തുകൊണ്ട് കേരളത്തിനു വേണ്ടി കളിക്കുന്നു.

കുടുംബജീവിതവും ബാസ്കറ്റ് ബോളും

2020-ലാണ് തൃശൂർ സ്വദേശി ജാക്സൺ ജീനയെ ജീവിതസഖിയായി കൂടെ കൂട്ടിയത്. ഒരു പകുതിയായി ജീനയ്ക്ക് ജാക്സൺ ഉണ്ടെങ്കിലും മറുപകുതിയായി ബാസ്കറ്റ് ബോൾ കളി തുടരാനായി ജാക്സണും ജീനയെ പ്രോത്സാഹിപ്പിച്ചു. എങ്കിലും ഡേവിന്റെ വരവ് ജീന എന്ന ഒരു ബാസ്കറ്റ് ബോൾ പ്ലയറിന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്നുവേണം പറയാൻ.

“ഒരു കുഞ്ഞ് വേണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഒരു സ്പോർട്സ് താരത്തെ സംബന്ധിച്ചിടത്തോളം ഗർഭകാലവും പ്രസവവും ഏൽപിക്കുന്ന ശാരീരിക- മാനസിക മാറ്റങ്ങൾ വലിയ വെല്ലുവിളി തന്നെയാണ്. ഫിറ്റ്നസ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സത്യത്തിൽ ഡേവ് ഉള്ളിൽ ഉണ്ടെന്നറിഞ്ഞ നിമിഷം ഒരുപോലെ സന്തോഷവും ആശങ്കയും സമ്മാനിച്ചിരുന്നു. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച ഒരു കാലഘട്ടമായിരുന്നു അത്” – ജീന സന്തോഷത്തോടെ പറയുന്നു.

“കുഞ്ഞ് ഉള്ളിലുണ്ടെങ്കിലും ഞങ്ങളുടെ രണ്ടു പേരുടെയും ആരോഗ്യത്തെ ബാധിക്കാതെ തന്നെ ചെറിയ രീതിയിലുള്ള എക്സർസൈസുകളും പ്രാക്റ്റീസുകളും ചെയ്തു. വീട്ടിൽ തന്നെ ഒരു ബാസ്‌ക്കറ്റ് ബോൾ റിങ് സെറ്റ് ചെയ്തുകൊണ്ട് സാധിക്കുന്നതു പോലെ പ്രാക്ടീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എങ്കിലും ആ സമയത്ത് എന്റെ ഭാരം 95 കിലോയോളമായി. ഡേവ് ജനിച്ചപ്പോൾ മുതൽ എന്റെ ജീവിതത്തിൽ വലിയ മാറ്റമായിരുന്നു സംഭവിച്ചത്. പഴയ ഒരു രൂപത്തിലേക്ക് തിരികെ വരാൻ ഞാൻ താണ്ടേണ്ട ദൂരവും എടുക്കേണ്ട പരിശ്രമവും വളരെ വലുതാണെന്ന് മനസ്സിലായി” – ജീന പറയുന്നു.

കുഞ്ഞു ജനിച്ചതിനു ശേഷം മൂന്നു മാസം കഴിഞ്ഞപ്പോൾ മുതൽ വീട്ടിലെ ബാസ്കറ്റ് ബോൾ റിങ് ഉപയോഗിച്ച് ചെറിയ രീതിയിൽ ജീന പ്രാക്ടീസ് തുടങ്ങി. ഒരുപാട് പ്രതിസന്ധികൾ ഇതിനിടയിലും ഉണ്ടായിരുന്നു. കുഞ്ഞിന്റെ ‘ടൈം ടേബിൾ’ പ്രകാരം മാത്രമായിരുന്നു ജീനയുടെ പ്രാക്ടീസ്.

“അവനുറങ്ങുന്ന സമയം നോക്കിയായിരുന്നു ഞാൻ പ്രാക്ടീസ് ചെയ്യുക. എങ്കിലും മനസിൽ എപ്പോഴും അവനെക്കുറിച്ചുള്ള ചിന്തയായിരിക്കും. ‘ഇപ്പോൾ എഴുന്നേറ്റിട്ടുണ്ടാകുമോ?’, ‘കണ്ണ് തുറക്കുമ്പോൾ എന്നെ കണ്ടില്ലെങ്കിൽ കരയുമോ?’ എന്നൊക്കെയുള്ള ചിന്തകളും ബോൾ കൈയ്യിലെടുക്കുമ്പോൾ ഉണ്ടായിരിക്കും” – ജീന ഓർക്കുന്നു.

മിക്കവാറും പരിശീലനം തുടങ്ങുമ്പോളായിരിക്കും കുഞ്ഞുഡേവ് എഴുന്നേൽക്കുക. പിന്നീട് അവനെ സമാധാനിപ്പിച്ച് കഴിഞ്ഞൊക്കെയായിരിക്കും തിരിച്ച് പ്രാക്ടിസിനു വരിക. അതുകൊണ്ടു തന്നെ അത് വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. എങ്കിലും ജീനയുടെ ആത്മസമർപ്പണവും കഠിനാദ്ധ്വാനവും വിജയം കാണാൻ തുടങ്ങി. ചിട്ടയായ പരിശീലനവും വ്യായാമവുമൊക്കെ ചേർന്നപ്പോൾ ശരീരഭാരം കുറയാൻ തുടങ്ങി. എങ്കിലും കളിക്കിടയിൽ വഴുതിപ്പോകുന്ന പന്തിനെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ആ ഒരു ‘റീ ബൗണ്ടി’നു വേണ്ടി ജീനക്ക് ഒരുപാട് കടമ്പകൾ ഇനിയും കടക്കേണ്ടിയിരുന്നു.

കുഞ്ഞിന് ആറു മാസം പ്രായമായപ്പോൾ മുതൽ ജീനയുടെ തൃശ്ശൂരുള്ള വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ അപ്പുറത്തുള്ള ഒരു ബാസ്കറ്റ് ബോൾ കോർട്ടിൽ പോകാൻ തുടങ്ങി. അതിരാവിലെ നാലരക്കൊക്കെ ആയിരുന്നു ജീന പ്രാക്ടിസിനു പൊയ്ക്കൊണ്ടിരുന്നത്.

“കുഞ്ഞ് എഴുന്നേൽക്കുമ്പോഴേക്കും പോയി വരാം എന്നൊക്കെ ആലോചിച്ചിട്ടായിരുന്നു അതിരാവിലെയുള്ള ഈ പ്രാക്ടീസ്. എങ്കിലും ഞാൻ പോകുമ്പോൾ അവൻ എഴുന്നേൽക്കുമോ, കരയുമോ എന്നുള്ള ചിന്തയൊക്കെ എന്റെ മനസിനെ വിഷമിപ്പിച്ചിട്ടുണ്ട്. അവനെ വല്ലാതെ മിസ് ചെയ്യാറൊക്കെ ഉണ്ടെങ്കിലും ഇതും ഒരു ആവശ്യമായി കണക്കാക്കി. ഞാൻ അടുത്തുള്ളപ്പോൾ അവനെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി. കുഞ്ഞിനെ മാതാപിതാക്കളെ ഏല്പിച്ചിട്ട് ടൂർണ്ണമെന്റിനു പോയാലോ എന്ന ചിന്ത ഇടയ്ക്ക് വരും. പക്ഷേ, പ്രെഗ്നന്‍സി കാലയളവിൽ അവനോടുള്ള അടുപ്പം കൂടുതലാകാൻ തുടങ്ങിയപ്പോൾ മുതൽ എവിടെപ്പോയാലും കുഞ്ഞിനേയും കൊണ്ടേ പോകൂ എന്ന് തീരുമാനിച്ചിരുന്നു” – ജീന ചിരിക്കുകയാണ്.

കളിക്കളത്തില്‍ ജീന; ഗാലറിയില്‍ കുഞ്ഞുഡേവ് 

അങ്ങനെ രണ്ടു വർഷങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച, മാതൃദിനത്തിന്റെ അന്നാണ് ജീന ഡേവ് ജനിച്ചതിനു ശേഷം ആദ്യമായി കോർട്ടിലിറങ്ങുന്നത്. തിരുവനന്തപുരത്തു വച്ചു നടന്ന കേരളാ ഗെയിംസ് വനിതാ ബാസ്കറ്റ് ബോൾ ഫൈനലിൽ വിജയിച്ചതിനു ശേഷം സ്വർണ്ണമെഡലുമായി ജീന ഗാലറിയിലേക്കു നീങ്ങി. തനിക്ക് കിട്ടിയ സ്വർണ്ണ മെഡൽ ഗാലറിയിൽ അമ്മയെ കണ്ടുകൊണ്ടിരുന്ന ഏഴു മാസം പ്രായം മാത്രമുള്ള കുഞ്ഞുഡേവിനാണ് ജീന സമ്മാനിച്ചത്. അതിനു ശേഷം കോയമ്പത്തൂരിൽ നടന്ന ടൂർണ്ണമെന്റിൽ കെഎസ്ഇബി-ക്കു വേണ്ടി സ്വർണ്ണ മെഡൽ വാങ്ങിയിരുന്നു. എവിടെ ടൂർണമെന്റിനു പോയാലും ഇപ്പോൾ ജീനക്കൊപ്പം ഡേവും ഉണ്ട്. ജീനയുടെ മാതാപിതാക്കളോ, ജാക്സന്റെ അമ്മ ഷീലയോ ഒക്കെയായിരിക്കും ജീന കോർട്ടിലിറങ്ങുമ്പോൾ കുഞ്ഞുമായി ഗാലറിയിൽ ഉണ്ടാകുക.

കുഞ്ഞിനേയും കൊണ്ടുള്ള യാത്രകളും ടൂർണ്ണമെന്റുകളിലെ മാനസികസമ്മർദ്ദവും എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നതല്ലേ എന്ന് ചോദിച്ചപ്പോൾ ജീനയ്ക്ക് പറയാൻ ഒരേയൊരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ. “ഇവനെ കൂടെ കൂട്ടുമ്പോൾ റിസ്ക് ഉണ്ട്. എന്റെ കൂടെ എപ്പോഴും മാതാപിതാക്കളിൽ ആരെങ്കിലുമൊക്കെ ഉണ്ടാകണം. എങ്കിലും അവൻ കൂടെയുണ്ടല്ലോ എന്നുള്ള ഒരു സമാധാനമുണ്ട്. എന്നാൽ യാത്രാക്ഷീണവും കാലാവസ്ഥാ മാറ്റങ്ങളുമൊക്കെ കുഞ്ഞിനെ ബാധിക്കുമോ എന്നുള്ള റിസ്ക് ഒക്കെ ഉണ്ടെങ്കിലും ദൈവം നോക്കിക്കോളും എന്നൊരു വിശ്വാസമാണ്. ഒരു ബാസ്കറ്റ് ബോൾ പ്ലെയർ എന്ന രീതിയിൽ ഇനി എത്ര നാൾ തുടരാനാകുമെന്നു നമുക്ക് പറയാൻ സാധിക്കില്ലല്ലോ. കാരണം ഫിറ്റ്നസ് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു ഗെയിം ആണിത്. അതുകൊണ്ടു തന്നെ ഒരു പ്രായം കഴിഞ്ഞാൽ നമുക്ക് തുടരാൻ വളരെയധികം ബുദ്ധിമുട്ടാണ്. എങ്കിലും കുഞ്ഞിനെ വിട്ടുപിരിഞ്ഞുകൊണ്ട് ഒരു ടൂർണ്ണമെന്റിനും പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല” – ജീന തന്റെ കുഞ്ഞിനോടുള്ള സ്നേഹം വാക്കുകളിലൂടെ പങ്കുവയ്ക്കുന്നു.

പ്ലെയർ Vs പ്രെയർ

എത്ര വലിയ തിരക്കിനിടയിലും ജീനയ്ക്ക് പ്രാർത്ഥന മുഖ്യമാണ്. പ്രാക്റ്റീസിനിടയിലും ഒഴിവുസമയങ്ങളിലും എന്തിനേറെ കളിക്കിടെ ബോളുമായി പായുമ്പോൾ പോലും ജീന പ്രാർത്ഥിക്കാറുണ്ട്. “പ്രാർത്ഥന എനിക്ക് എപ്പോഴും പ്രധാനപ്പെട്ട ഒന്നാണ്. കിട്ടുന്ന സമയത്തെല്ലാം ജപമാലയും മറ്റു പ്രാർത്ഥനകളും ചൊല്ലാൻ ശ്രമിക്കാറുണ്ട്. ഗർഭിണിയായിരുന്ന സമയത്തൊക്കെ പ്രത്യേകമായി പ്രാർത്ഥിച്ചിരുന്നു. ജപമാലയൊക്കെ ചൊല്ലുമ്പോൾ പരമാവധി മുട്ടിന്മേൽ തന്നെ നിന്ന് പ്രാർത്ഥിക്കാൻ ശ്രമിക്കും. കോർട്ടിലിറങ്ങുന്നതിനു മുൻപ് 91-ാം സങ്കീർത്തനം ചൊല്ലുക എന്നത് എനിക്ക് ഒരിക്കലും ഒഴിവാക്കാനാകില്ല” – ജീന തന്റെ ആത്മീയജീവിതത്തെ കുറിച്ച് വാചാലയായി.

പരാജയങ്ങളെ നേരിടേണ്ടി വന്നപ്പോഴെല്ലാം പ്രാർത്ഥന വളരെയധികം സഹായകരമായിട്ടുണ്ടെന്നു ജീന പങ്കുവയ്ക്കുന്നു.

“എല്ലാ ഗെയിംസും ജയിക്കണമെന്നു നിർബന്ധമില്ലല്ലോ. ചിലപ്പോൾ വളരെ നിര്‍ണ്ണായകമായ സമയങ്ങളിലൊക്കെ കോർട്ടിലായിരിക്കുമ്പോൾ തന്നെ ‘എത്രയും ദയയുള്ള മാതാവേ’ ഒക്കെ ചൊല്ലാറുണ്ട്. അതിനുള്ള മറുപടിയും ദൈവം ചില സമയങ്ങളിൽ പെട്ടന്നു തന്നെ നൽകാറുണ്ട്. തോൽവികളുണ്ടാകുമ്പോൾ പോലും അതിനെ പോസിറ്റീവ് ആയി കാണാൻ പ്രാർത്ഥന വളരെയധികം സഹായിച്ചിരുന്നു. ഇതിനേക്കാൾ മികച്ചത് നൽകാനായിരിക്കും ദൈവം ചിലപ്പോൾ ഇത് നമുക്ക് തരാത്തത് എന്നൊക്കെ പോസിറ്റീവ് ആയി ചിന്തിക്കാറുണ്ട്. ചിലപ്പോഴൊക്കെ ടൂർണ്ണമെന്റ് തോൽക്കുമെങ്കിലും ബെസ്റ്റ് പ്ലെയർ അവാർഡ് ഒക്കെ കിട്ടും. സങ്കടങ്ങൾക്കിടയിലും ദൈവം എവിടെയെങ്കിലും ഒക്കെ സന്തോഷം ഒളിപ്പിച്ചിട്ടുണ്ടാകും” – ജീന ലൈഫ്ഡേയോടു വെളിപ്പെടുത്തി.

കുടുംബമെന്ന പിന്തുണ

ജീനയ്ക്ക് രണ്ടു വീടുകളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജീനയുടെ ആഗ്രഹം പോലെ തന്നെ കുഞ്ഞിനേയും കൊണ്ട് ടൂർണ്ണമെന്റുകൾക്കു പോകാൻ സാധിക്കുന്നതൊക്കെ ഭർത്താവ് ജാക്സന്റെയും അമ്മ ഷീലയുടെയും അതുപോലെ തന്നെ മാതാപിതാക്കളായ സ്കറിയയുടെയും ലിസിയുടെയും പിന്തുണ കൊണ്ടാണ്.

“രണ്ട് അമ്മമാരും മാറിമാറിയാണ് എന്റെ കൂടെ കുഞ്ഞിനെയും കൊണ്ടു വരുന്നത്. ഭർത്താവിന്റെ അമ്മ അധ്യാപികയാണ്. അതിനാൽ തന്നെ ജോലിയെ ബാധിക്കാതെ മമ്മിയും എല്ലാ കാര്യങ്ങളും ബാലൻസ് ചെയ്യുന്നുണ്ട്. ഇത് ഇപ്പോൾ കോർട്ടിലിറങ്ങുമ്പോൾ എനിക്ക് ഒരു എക്സ്ട്രാ ഉത്തരവാദിത്വം നൽകുന്നുണ്ട്. ജയമോ, തോൽവിയോ എന്നതിനെക്കാളുപരിയായി, ഗാലറിയിൽ ഇരിക്കുന്ന എന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി ഞാൻ നന്നായി പെർഫോം ചെയ്യുക എന്നത് വലിയ ഒരു ഉത്തരവാദിത്വമാണ്. അത് ഏറ്റവും ഭംഗിയായി ചെയ്യാൻ സാധിക്കാനായി ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്” – ജീന പറയുന്നു.

കുഞ്ഞുഡേവിന് ഇപ്പോൾ ഒരു വയസായി. അമ്മയെപ്പോലെ തന്നെ ഡേവും ഇപ്പോൾ പന്തുമായി ചങ്ങാത്തത്തിലാണ്. 2019-ലെ സാഫ് ഗെയിംസിൽ സ്വർണ്ണമെഡൽ വാങ്ങിയതിനു ശേഷം ഭാരതത്തിന്റെ ദേശീയഗാനം കേട്ടപ്പോഴായിരുന്നു ജീനയ്ക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ നിമിഷം.  ഇപ്പോൾ ഓരോ ടൂർണ്ണമെന്റിലും ലഭിക്കുന്ന മെഡലുമായി കുഞ്ഞുഡേവിനെയും എടുത്തുനിൽക്കുമ്പോൾ അന്ന് തോന്നിയ അതേ അഭിമാനം തോന്നാറുണ്ട്; ഒപ്പം നന്ദിയും. വിദേശ ലീഗുകൾക്കു വേണ്ടി ടൂർണ്ണമെന്റുകൾക്കിറങ്ങുക എന്ന ലക്ഷ്യമാണ് ഇനി ജീനയ്ക്കുള്ളത്. അതിന്റെ ആദ്യപടിയായി ജീന എട്ടു മാസക്കാലം മെൽബണിലും പോയിട്ടുണ്ട്.

ജോലിയും ജീവിതവും  

“ഒരു കുഞ്ഞുണ്ടായി എന്ന പേരിൽ നമ്മുടെ ജീവിതം തീർന്നു എന്നൊക്കെ തോന്നേണ്ട കാര്യമില്ല. ഓരോന്നിനും അതിന്റേതായ സമയമുണ്ട്. അതുകൊണ്ടു തന്നെ ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തിൽ വരുന്ന സമയത്ത് അതിനെ വേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നാൻ പാടില്ല. ഒരുപക്ഷേ, അതിനു ശേഷമായിരിക്കും നമുക്ക് ഏറ്റവും കൂടുതൽ സന്തോഷവും ഉയർച്ചയും ഉണ്ടാകുക. ത്യാഗങ്ങളും ഉത്തരവാദിത്വങ്ങളും കൂടുതലായി അനുഭവപ്പെട്ടേക്കാം. എങ്കിലും അവയിലെല്ലാം നമുക്ക് സന്തോഷം കണ്ടെത്താൻ സാധിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട് കുഞ്ഞുങ്ങൾ നമുക്ക് ഒരിക്കലും ഒരു ബാധ്യതയേ അല്ല” – ജോലിക്കു വേണ്ടിയും മറ്റു സൗകര്യങ്ങൾക്കായും കുഞ്ഞുങ്ങളെ  വേണ്ടെന്നുവയ്ക്കുന്നവരോട് ജീനയ്ക്ക് പറയാൻ ഇത്രമാത്രം.

മുക്കാൽ മണിക്കൂർ നീണ്ട സംസാരം. ഡേവിനെ ഉറക്കിയതിനു ശേഷം മാത്രമായിരുന്നു സംഭാഷണത്തിനായി ജീന സമയം കണ്ടെത്തിയതും.   ഇന്റർവ്യൂവിനായി ആദ്യം ജീനയെ ഫോണിൽ ബന്ധപ്പെടുമ്പോൾ ജീന കോയമ്പത്തൂരിൽ ഒരു ടൂർണ്ണമെന്റിൽ ആയിരുന്നു. അപ്പോഴും ബാക്ക് ഗ്രൗണ്ടിൽ ഡേവിന്റെ ശബ്ദം ഉയർന്നിരുന്നു. ‘ശനിയാഴ്ച്ച വരെ ടൂർണ്ണമെന്റ് ഉണ്ട്, കൂടെ മോനും ഉണ്ട്, അത് കഴിയുമ്പോൾ വിളിക്കാമോ?’ അന്ന് ജീനയുടെ ചോദ്യം ഇതായിരുന്നു. ആ ഒരു ചോദ്യത്തിൽ നിന്നു തന്നെ മനസിലാക്കാം ജീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് സ്വന്തം കുഞ്ഞും കുടുംബവും അതോടൊപ്പം തന്നെ തന്റെ ബോളും ആണെന്ന്. ചോദ്യങ്ങളും ഉത്തരങ്ങളും ജീന ബാസ്‌ക്കറ്റ് ബോൾ കോർട്ടിലിറങ്ങുന്നതു പോലെ തന്നെയായിരുന്നു. വളരെ വേഗത്തിൽ, എന്നാൽ എല്ലാം കൃത്യതയോടെ!

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.